
ഇംഗ്ലണ്ടിലെ വെസ്റ്റ് സസെക്സില്‍ നടന്ന ക്രിസ്ത്യൻ ഫെസ്റ്റിവലിനിടെ വലിയ സൈൻബോർഡ് തകർന്ന് വീണ് ഒരാള്‍ മരിച്ചു.
ആറുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ ടെയാണ് അപകടമുണ്ടായത്.വെസ്റ്റ് സസെക്സിലെ സ്റ്റെയ്‌നിങ്ങിന് സമീപമുള്ള വിസ്റ്റണ്‍ പാർക്കില്‍ നടന്ന ബിഗ് ചർച്ച് ഫെസ്റ്റിവലിലാണ് അപകടം നടന്നത്. ശക്തമായ കാറ്റിനിടെയാണ് വലിയ സൈൻബോർഡ് തകർന്ന് ആളുകള്‍ക്കിടയിലേക്ക് വീണത്. അപകടത്തില്‍ 41 വയസ്സുള്ള ഈസ്റ്റ്‌ബോണ്‍ സ്വദേശിയാണ് മരിച്ചത്. പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് എമർജൻസി സർവീസ് പ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആംബുലൻസ് ജീവനക്കാർക്കും വിദഗ്ധ മെഡിക്കല്‍ സംഘങ്ങള്‍ക്കും പുറമെ മറ്റ് അടിയന്തര സേവനങ്ങളും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.അപകടത്തെ തുടർന്ന് 2026ലെ ബിഗ് ചർച്ച് ഫെസ്റ്റിവല്‍ തന്നെ അവസാനിപ്പിച്ചതായി സംഘാടകർ അറിയിച്ചു. ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്ന സന്ദർശകരോട് പ്രദേശം ഒഴിയാനും ക്യാമ്പ് ചെയ്തിരുന്നവരോട് ക്യാമ്പ് സൈറ്റുകളിലേക്ക് മടങ്ങാനും നിർദേശിച്ചു.
2009ല്‍ ആരംഭിച്ച ബിഗ് ചർച്ച് ഫെസ്റ്റിവല്‍ ബ്രിട്ടനിലെ പ്രധാന ക്രിസ്ത്യൻ സംഗീത-ആരാധനാ ഫെസ്റ്റിവലുകളിലൊന്നാണ്. ബിഗ് ചർച്ച് ഫെസ്റ്റിവല്‍ ലിമിറ്റഡ് ആണ് പരിപാടിയുടെ സംഘാടകർ. ടിം ജപ്പ് , ബെക്കാ ജപ്പ് എന്നിവരാണ് ഫെസ്റ്റിവലിന്റെ പ്രധാന സംഘാടകരായി അറിയപ്പെടുന്നത്.
