Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇന്ത്യയുടെ ആദ്യ സെമികണ്ടക്ടര്‍ പ്ലാന്റില്‍ ചരിത്രവിജയവുമായി രണ്ട് പെണ്‍കുട്ടികള്‍; പൂനം കുമാരിക്കും പുഷ്പ കുമാരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ! കട്ടചുമന്ന് മകളെ പഠിപ്പിച്ച അമ്മമാരുടെ കണ്ണീരിന് 'മധുരപ്രതികാരം'; കടുത്ത ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പൊരുതി പുരുഷാധിപത്യ മേഖല കീഴടക്കി ജാര്‍ഖണ്ഡിന്റെ അഭിമാന താരങ്ങള്‍

Sathyam Online 1 week ago

ഗിരിദിഹ്: കഠിനാധ്വാനത്തിലൂടെയും പ്രതിബദ്ധതയിലൂടെയും തങ്ങളുടെ സ്വപ്നങ്ങള്‍ കീഴടക്കി ജന്മനാടിന്റെ അഭിമാനമായി മാറിയ ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ നിന്നുള്ള പൂനം കുമാരി, പുഷ്പ കുമാരി എന്നീ രണ്ട് യുവതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ.


പുരുഷാധിപത്യമുള്ള മേഖലകളില്‍ സ്വന്തം കഴിവ് തെളിയിച്ച്‌ മുന്നേറിയ ഇവര്‍ക്ക്, അടുത്തിടെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാജ്യമെമ്പാടു നിന്നും വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


ഗുജറാത്തിലെ സാനന്ദിലുള്ള ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്സ്യല്‍ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മാണ കമ്പനിയായ 'സി.ജി സെമികോണി'ലെ ജീവനക്കാരാണ് ഇരുവരും.

ഗിരിദിഹ് ജില്ലയിലെ ബിര്‍ണി ബ്ലോക്കിലെ തികച്ചും പിന്നാക്ക പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ നിന്നാണ് കഠിനമായ പ്രതിസന്ധികളെ മറികടന്ന് ഈ രണ്ട് പെണ്‍കുട്ടികളും ഈ നേട്ടത്തിലേക്ക് ഉയര്‍ന്നുവന്നത്.


ബാല്‍ഗോ ഗ്രാമത്തിലെ പൂനം കുമാരിയെ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും അമ്മ വൈജന്തി ദേവിയാണ് വളര്‍ത്തിയത്.


മകളുടെ പഠനകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അമ്മ തയ്യാറായിരുന്നില്ല. ഗ്രാമത്തിലെ മിഡില്‍ സ്‌കൂളിലും പി.എം ശ്രീ കസ്തൂര്‍ബ ഗാന്ധി ബാലികാ വിദ്യാലയത്തിലുമായിരുന്നു പൂനത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം.

പിന്നീട് ഐ.ടി.ഐ പഠനവും പൂര്‍ത്തിയാക്കിയ പൂനം രാജ്യത്തിന്റെ പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സ്‌കൂളിലെ അധ്യാപകരും ഗ്രാമവാസികളും വലിയ ആഘോഷത്തിലാണ്. സമാനമായ ജീവിതസാഹചര്യങ്ങളില്‍ നിന്നും വളര്‍ന്നുവന്ന പുഷ്പ കുമാരി ചിത്ഖാരോ ഗ്രാമവാസിയാണ്.


റോഡ് പോലുമില്ലാത്ത സ്വന്തം ഗ്രാമത്തില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടിയാണ് പുഷ്പ സ്‌കൂളില്‍ എത്തിയിരുന്നത്. പുഷ്പയുടെ വിദ്യാഭ്യാസത്തിനായി അമ്മ സീതാ ദേവി കട്ട ചുമക്കുന്ന തൊഴില്‍ ഉള്‍പ്പെടെയുള്ള കഠിനമായ കൂലിപ്പണികള്‍ ചെയ്തിരുന്നു.


മകള്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ചത് കണ്ടപ്പോള്‍ തനിക്ക് ലഭിച്ച സംതൃപ്തി വാക്കുകള്‍ക്ക് അതീതമാണെന്നും അവളുടെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ മകളെ ഓര്‍ത്ത് ഏറെ അഭിമാനിക്കുമായിരുന്നുവെന്നും അമ്മ വികാരാധീനയായി പറഞ്ഞു.

വിദ്യാഭ്യാസം, അച്ചടക്കം, കുടുംബത്തിന്റെ പിന്തുണ എന്നിവയുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയും മറികടക്കാമെന്ന് തെളിയിച്ച പൂനവും പുഷ്പയും തങ്ങളുടെ വിദ്യാലയത്തിനും അധ്യാപകര്‍ക്കും ജാര്‍ഖണ്ഡ് സംസ്ഥാനത്തിന് തന്നെയും മാതൃകയാണെന്ന് ഇരുവരെയും പഠിപ്പിച്ച അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online