Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇന്ത്യയുടെ അവിഭാജ്യ ഭാഗം; 'പാകിസ്ഥാനി കശ്മീര്‍' എന്ന പ്രയോഗം തെറ്റെന്ന് ന്യൂയോര്‍ക്ക് ടൈംസിനോട് ഇന്ത്യ

Sathyam Online 1 week ago

വാഷിങ്ടണ്‍: പാക് അധീന കശ്മീരിനെ 'പാകിസ്ഥാനി കശ്മീർ' എന്ന് വിശേഷിപ്പിച്ച ന്യൂയോർക്ക് ടൈംസിന്റെ തലക്കെട്ടിനെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തി.

'പാകിസ്ഥാനി കശ്മീർ എന്നൊന്നില്ല; പാക് അധീന കശ്മീർ മാത്രമാണുള്ളത്' എന്ന് അമേരിക്കയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച പ്രതികരണത്തില്‍, ജമ്മു-കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യവും അഖണ്ഡവുമായ ഭാഗമാണെന്നും അവ എന്നും ഇന്ത്യയുടെ ഭാഗമായിത്തന്നെ തുടരുമെന്നും എംബസി ആവർത്തിച്ചു. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങള്‍ പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണെന്നും അധീന പ്രദേശങ്ങളിലെ ജനങ്ങള്‍ക്കെതിരെ പാകിസ്ഥാൻ അതിക്രമം തുടരുകയാണെന്നും ഇന്ത്യ ആരോപിച്ചു.

പാക് അധീന കശ്മ‌ീരിലെ സമീപകാല അശാന്തിയും പ്രാദേശിക തെരഞ്ഞെടുപ്പും സംബന്ധിച്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. മിർപൂരില്‍ സുരക്ഷാസേനയും പോലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ടില്‍ പറയുന്നു.

ഏറ്റവും പുതിയ സംഘർഷങ്ങളില്‍ വെടിയേറ്റ രണ്ട് പേർ മരിച്ചതായും സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് പാകിസ്ഥാൻ മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തുടരുന്ന സംഘർഷങ്ങള്‍ നിരവധി മരണങ്ങള്‍ക്ക് ഇടയാക്കിയതായും തെരഞ്ഞെടുപ്പ് നടപടികളെയും ബാധിച്ചതായും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ തങ്ങളുടെ നിരവധി പ്രവർത്തകർ കൊല്ലപ്പെട്ടതായി ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി അവകാശപ്പെട്ടെങ്കിലും, ഇക്കാര്യം സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

ജമ്മു-കശ്മീരും ലഡാക്കും ഉള്‍പ്പെടുന്ന മുഴുവൻ പ്രദേശത്തിലും ഇന്ത്യയ്ക്കാണ് പരമാധികാരമെന്ന നിലപാട് ഇന്ത്യ വീണ്ടും ആവർത്തിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online