Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപമേധാവിയായി വൈസ് അഡ്മിറല്‍ എ.എൻ. പ്രമോദ് ചുമതലയേറ്റു; 38 വര്‍ഷത്തെ സൈനിക സേവനത്തില്‍ നിര്‍ണായക ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥൻ ,ഓപ്പറേഷൻ വിജയ്, പരാക്രം, സ്നോ ലെപ്പേര്‍ഡ്, സിന്ദൂര്‍ എന്നിവയില്‍ സുപ്രധാന പങ്കുവഹിച്ചു ; വിരമിച്ച വൈസ് അഡ്മിറല്‍ തരുണ്‍ സോബ്തിയുടെ പിൻഗാമിയായാണ് നിയമനം

Sathyam Online 1 week ago

ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ എ.എൻ പ്രമോദ് ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപമേധാവിയായി ശനിയാഴ്ച ചുമതലയേറ്റു. ഗോവയിലെ നേവല്‍ അക്കാദമിയില്‍ നിന്ന് 38-ാമത് ഇന്റഗ്രേറ്റഡ് കഡറ്റ് കോഴ്‌സ് പൂർത്തിയാക്കിയ ആളാണ് പ്രമോദ്.

1990 ജൂലൈ 1-നാണ് അദ്ദേഹം ഇന്ത്യൻ നേവിയില്‍ കമ്മീഷൻ ചെയ്യപ്പെട്ടത്. സീ കിംഗ് എയർ ഓപ്പറേഷൻസ് ഓഫീസറായ അദ്ദേഹം, കമ്മ്യൂണിക്കേഷൻ, ഇലക്‌ട്രോണിക് വാർഫെയർ എന്നിവയിലും വിദഗ്ദ്ധനാണ്. വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, ഗോവയിലെ നേവല്‍ വാർ കോളേജ് എന്നിവിടങ്ങളിലും പഠനം പൂർത്തിയാക്കിയിട്ടുണ്ട്.


36 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ കരയിലും കടലിലുമായി നിരവധി സുപ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറായ ഐഎൻഎസ് രജ്പുതിൻ്റെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. ഇതിന് പുറമെ, മുങ്ങിക്കപ്പലുകളെ നേരിടുന്ന ഐഎൻഎസ് അഭയ്, ലാൻഡിംഗ് ഷിപ്പ് ടാങ്കായ ഐഎൻഎസ് ഷാർദുല്‍, ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റായ ഐഎൻഎസ് സത്പുര എന്നീ യുദ്ധക്കപ്പലുകളുടെ കമാൻഡറായും സേവനമനുഷ്ഠിച്ചു.


ഗല്‍വാൻ സംഘർഷത്തിന് ശേഷമുണ്ടായ 'ഓപ്പറേഷൻ സ്നോ ലെപ്പേർഡ്' സമയത്ത് വെസ്റ്റേണ്‍ ഫ്ലീറ്റിന്റെ ഫ്ലീറ്റ് ഓപ്പറേഷൻസ് ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചു. 1999-ലെ ഓപ്പറേഷൻ വിജയ്, 2001-ലെ ഓപ്പറേഷൻ പരാക്രം എന്നിവയിലും അദ്ദേഹം പങ്കാളിയായി.


കരയിലെ നിയമനങ്ങളില്‍, ശ്രീ വിജയ പുരത്തെ നേവല്‍ എയർ സ്റ്റേഷനായ ഐഎൻഎസ് ഉത്ക്രോശിന്റെ കമാൻഡറായിരുന്നു. വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജില്‍ ഡയറക്ടിംഗ് സ്റ്റാഫായും പ്രവർത്തിച്ചു. നേവല്‍ ഹെഡ്ക്വാർട്ടേഴ്സില്‍ ജോയിന്റ് ഡയറക്ടർ നേവല്‍ എയർ സ്റ്റാഫ്, ഡയറക്ടർ, പ്രിൻസിപ്പല്‍ ഡയറക്ടർ എയർക്രാഫ്റ്റ് അക്വിസിഷൻ തുടങ്ങിയ പദവികളും വഹിച്ചു.

2006 മുതല്‍ 2009 വരെ ടാക്റ്റിക്കല്‍ ഓഡിറ്റ് ഗ്രൂപ്പിലും 2016 മുതല്‍ 2019 വരെ ഇന്ത്യൻ നേവല്‍ സ്ട്രാറ്റജിക് ആൻഡ് ഓപ്പറേഷണല്‍ കൗണ്‍സിലിലും അംഗമായിരുന്നു. റിയർ അഡ്മിറല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍, ഇന്ത്യൻ നേവല്‍ അക്കാദമിയുടെ ഡെപ്യൂട്ടി കമാൻഡന്റ്, അസിസ്റ്റന്റ് ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് (എയർ), മഹാരാഷ്ട്ര നേവല്‍ ഏരിയയുടെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് എന്നീ ചുമതലകള്‍ വഹിച്ചു. വൈസ് അഡ്മിറല്‍ പദവിയിലെത്തിയ ശേഷം, 2023 ഡിസംബർ മുതല്‍ 2026 ജൂലൈ വരെ ഡയറക്ടർ ജനറല്‍ നേവല്‍ ഓപ്പറേഷൻസ് (ഡിജിഎൻഒ) ആയി പ്രവർത്തിച്ചു.

ഈ കാലയളവില്‍, 'ഓപ്പറേഷൻ സിന്ദൂർ', പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള സമുദ്ര സുരക്ഷാ പ്രവർത്തനങ്ങള്‍ എന്നിവയുടെ ആസൂത്രണത്തിലും തയ്യാറെടുപ്പുകളിലും നിർണായക പങ്ക് വഹിച്ചു. മികച്ച സേവനത്തിനും പ്രവർത്തന മികവിനും അംഗീകാരമായി 2024-ല്‍ അതിവിശിഷ്ട സേവാ മെഡലും 2025-ല്‍ യുദ്ധസേവാ മെഡലും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 38 വർഷത്തെ സേവനത്തിന് ശേഷം 2026 ജൂലൈ 31-ന് വിരമിച്ച വൈസ് അഡ്മിറല്‍ തരുണ്‍ സോബ്തിയുടെ പിൻഗാമിയായാണ് എ.എൻ പ്രമോദ് ചുമതലയേല്‍ക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online