Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇന്ത്യൻ വംശജന്റെ കുത്തേറ്റ് ചോരയൊലിപ്പിച്ചു കിടന്ന പതിനെട്ടുകാരനെ രക്ഷിക്കുന്നതിന് പകരം, പൊലീസ് കൈവിലങ്ങ് അണിയിച്ച സംഭവം. പതിനെട്ടുകാരന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു

Sathyam Online 1 week ago

ലണ്ടൻ: കുത്തേറ്റു ചോരയൊലിപ്പിച്ചു കിടന്ന പതിനെട്ടുകാരനെ രക്ഷിക്കുന്നതിന് പകരം, പൊലീസ് കൈവിലങ്ങ് അണിയിച്ചതിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവം വിവാദത്തില്‍.

ബ്രിട്ടനിലെ സതാംപ്ടണില്‍ കഴിഞ്ഞ ഡിസംബറിലാണ് ഹെൻറി നൊവാക് എന്ന കൗമാരക്കാരൻ കൊല്ലപ്പെട്ടത്.

കേസില്‍ പ്രതിയായ ഇന്ത്യൻ വംശജൻ വിക്രം ദിഗ്വയ്ക്ക് (23) കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ, പൊലീസ് ബോഡിക്യാമില്‍ തന്നെയുള്ള, സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് യുകെയില്‍ പ്രതിഷേധം ആളിക്കത്തിയത്.

ഡിസംബറില്‍ സുഹൃത്തുക്കളോടൊപ്പം പുറത്തുപോയ ഹെൻറിയെ വിക്രം ദിഗ്വ കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തേക്ക് പൊലീസ് എത്തിയപ്പോള്‍, താൻ വംശീയ ആക്രമണത്തിന് ഇരയായതാണെന്ന് വിക്രം ദിഗ്വ കള്ളം പറഞ്ഞു.

ഹെൻറി തന്റെ തലപ്പാവ് തട്ടിമാറ്റിയെന്നും വംശീയമായി അധിക്ഷേപിച്ചെന്നുമാണ് ഇയാള്‍ ആരോപിച്ചത്. ഇതുകേട്ട പൊലീസ് ഉദ്യോഗസ്ഥർ വിക്രമിന്റെ വാക്ക് വിശ്വസിക്കുകയും യഥാർത്ഥ ഇരയായ ഹെൻറിയെ പ്രതിയായി കാണുകയുമായിരുന്നു.

കുത്തേറ്റ് ചോര വാർന്നൊഴുകി, 'എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല', 'എനിക്ക് കുത്തേറ്റു' എന്ന് ഹെൻറി നിലവിളിച്ചിട്ടും പൊലീസ് അത് ഗൗനിച്ചില്ല. "നിനക്ക് കുത്തേറ്റതായി ഞങ്ങള്‍ക്ക് തോന്നുന്നില്ല, സുഹൃത്തേ" എന്ന് പരിഹസിച്ച പൊലീസ്, ചോരയില്‍ കുളിച്ചുകിടന്ന ഹെൻറിയെ അറസ്റ്റ് ചെയ്ത് കൈവിലങ്ങ് അണിയിക്കുകയാണ് ചെയ്തത്.

പിന്നീട് ഹെൻറി ബോധരഹിതനായി വീണപ്പോഴാണ് ശരീരത്തിലെ മുറിവുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ വിലങ്ങഴിച്ചു മാറ്റി കൃത്രിമ ശ്വാസം (സിപിആർ) നല്‍കിയെങ്കിലും ഹെൻറിയുടെ ജീവൻ രക്ഷിക്കാനായില്ല.

കോടതിയില്‍ വിക്രം ദിഗ്വ ഉന്നയിച്ച വംശീയ ആരോപണങ്ങള്‍ വ്യാജമാണെന്ന് ജഡ്ജി വില്യം മൗസ്ലി കണ്ടെത്തി. ഹെൻറി വംശീയമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി, വിക്രം ദിഗ്വയ്ക്ക് 21 വർഷം കുറഞ്ഞത് തടവുശിക്ഷയോടെയുള്ള ജീവപര്യന്തം തടവ് വിധിച്ചു.

കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിക്കാൻ സഹായിച്ച വിക്രമിന്റെ അമ്മ കിരണ്‍ കൗറും (53) കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കുള്ള ശിക്ഷ ജൂലൈ 17-ന് പ്രഖ്യാപിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online