
കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിദേശത്തുള്ള ഇന്ത്യന്‍ വംശജര്‍ക്കുള്ള ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇ-ഒസിഐ കാര്‍ഡ് സംവിധാനം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍.
നിലവിലുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഔദ്യോഗിക ഒസിഐ പോര്‍ട്ടല്‍ വഴി ഇ-ഒസിഐ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുരക്ഷിതമായും ഉപയോക്തൃസൗഹൃദമായും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.
വിദേശത്തുള്ള ഇന്ത്യന്‍ വംശജര്‍ക്കുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും ഡിജിറ്റല്‍ രേഖകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകരമാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇ-ഒസിഐ കാര്‍ഡ് ലഭിക്കുന്നതിനായി നിലവിലെ ഒസിഐ കാര്‍ഡ് ഉടമകള്‍ ഔദ്യോഗിക പോര്‍ട്ടലില്‍ പ്രവേശിച്ച് ആവശ്യമായ വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കണം.
തുടര്‍ന്ന് ഡിജിറ്റല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വ്യാജരേഖകള്‍ തടയുന്നതിനും പരിശോധന എളുപ്പമാക്കുന്നതിനുമായി ക്യുആര്‍ കോഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും പുതിയ കാര്‍ഡില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള ഫിസിക്കല്‍ ഒസിഐ കാര്‍ഡുകള്‍ തുടര്‍ന്നും സാധുവായിരിക്കുമെന്നും അവ മാറ്റേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, പുതിയ പാസ്പോര്‍ട്ട് ലഭിക്കുന്ന ഒസിഐ കാര്‍ഡ് ഉടമകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പുതിയ പാസ്പോര്‍ട്ട് വിവരങ്ങളും ഏറ്റവും പുതിയ ഫോട്ടോയും ഒസിഐ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യണം. ഇത്തരത്തില്‍ വിവരങ്ങള്‍ പുതുക്കുന്നതിലൂടെ ഡിജിറ്റല്‍ രേഖകള്‍ കൃത്യമായി പരിപാലിക്കാനും ഭാവിയിലെ സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കാനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
