
കുവൈറ്റ്: രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സിന്റെ അറിയിപ്പ്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി.
വിമാന സർവീസുകള്‍ പുനഃക്രമീകരിച്ച ശേഷം യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുകയും പുതിയ യാത്രാ സമയ വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി കുവൈത്ത് എയർവേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും നിരന്തരം പരിശോധിക്കണമെന്നും കമ്പനി നിർദേശിച്ചു.
പ്രാദേശിക സുരക്ഷാ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യം സാധാരണ നിലയിലാകുന്ന മുറയ്ക്ക് സർവീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിക്കുമെന്നും കുവൈത്ത് എയർവേയ്സ് വ്യക്തമാക്കി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിലേക്കാണ് ഇന്ന് ഇറാൻ ശക്തമായ ആക്രമണം നടത്തിയത്. വിമാനത്താവളത്തില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും നിരവധി പേർക്ക് പരുക്കേറ്റെന്നും കുവൈത്ത് മിലിട്ടറി വ്യക്തമാക്കി. കുവൈത്തില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കുകയും അവിടെ ലാൻഡ് ചെയ്യാനിരുന്ന വിമാനങ്ങള്‍ മറ്റു വിമാനത്താവളിലേക്ക് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ടെന്ന് കുവൈത്തിലെ ജനറല്‍ സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
