
ഇറാൻ ഫുട്ബോള്‍ ടീം തങ്ങളുടെ ലോകകപ്പ് പരിശീലന ക്യാമ്പ് അമേരിക്കയിലെ അരിസോണയില്‍ നിന്ന് മെക്സിക്കോയിലെ അതിർത്തി നഗരമായ ടിജുവാനയിലേക്ക് (Tijuana) മാറ്റി.
ഫിഫയുടെ അംഗീകാരത്തോടെയാണ് തീരുമാനം. ഇറാൻ ഫുട്ബോള്‍ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
വിസ പ്രശ്നങ്ങളും യാത്രാ സൗകര്യവും ചൂണ്ടിക്കാട്ടിയാണ് ക്യാമ്പ് മാറ്റം. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെട്ട യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിസ ലഭിക്കുന്നതിലുണ്ടായ സങ്കീർണ്ണതകള്‍ ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് വിവരം. ഇറാൻ എയർ വിമാനങ്ങളില്‍ ടീമിന് നേരിട്ട് ടിജുവാനയിലേക്ക് എത്താൻ സാധിക്കും.
ടിജുവാനയില്‍ നിന്ന് ഇറാന്റെ മത്സരവേദിയായ ലോസ് ഏഞ്ചല്‍സിലേക്ക് വിമാനമാർഗം 55 മിനിറ്റ് മാത്രമാണ് യാത്രാദൂരമുള്ളത്. ഇത് നേരത്തെ നിശ്ചയിച്ചിരുന്ന അരിസോണയേക്കാള്‍ സൗകര്യപ്രദമാണെന്ന് മെഹ്ദി താജ് വ്യക്തമാക്കി. അതേസമയം വിസ ഉറപ്പാക്കുന്നതിനൊപ്പം ടീമിനുള്ള സുരക്ഷയും മികച്ച രീതിയിലുള്ള പരിഗണനയും ഉറപ്പുവരുത്താൻ ഫിഫയോട് ഇറാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഗ്രൂപ്പ് ജിയില്‍ ഇറാൻ ആദ്യ രണ്ട് മത്സരങ്ങള്‍ ലോസ് ഏഞ്ചല്‍സില്‍ കളിക്കും. ജൂണ്‍ 15 ന് ന്യൂസിലൻഡിനെയും ജൂണ്‍ 21 ന് ബെല്‍ജിയത്തെയും ജൂണ്‍ 26ന് സിയാറ്റിലില്‍ ഈജിപ്തിനെയും നേരിടും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനുള്ള യാത്രാ, സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി മാസങ്ങളായി ഇറാൻ ടീം അനിശ്ചിതത്വം നേരിട്ടിരുന്നു.
നിലവില്‍ ടീം തുർക്കിയില്‍ പരിശീലനത്തിലാണ്. മെയ് 29-ന് ഗാംബിയയുമായി ഇറാൻ ഒരു സൗഹൃദ മത്സരം കളിക്കും. ഇതിനുശേഷം ജൂണ്‍ 1-ഓടെ 26 അംഗ അന്തിമ സ്ക്വാഡിനെ കോച്ച് അമീർ ഘലെനോയ് പ്രഖ്യാപിക്കും. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.
