Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇറാൻ ഉപരോധം അട്ടിമറിച്ച കേസ്: അമേരിക്കയെ സഹായിച്ച സ്വര്‍ണ്ണ വ്യവസായി റെസ സറാബിന് വൻ ശിക്ഷാ ഇളവ് നല്‍കാൻ യു.എസ് പ്രൊസിക്യൂഷൻ; ജയിലിനുള്ളില്‍ വധശ്രമം നേരിട്ടിട്ടും തുര്‍ക്കിയിലെ വമ്പന്മാര്‍ക്കെതിരെ നിര്‍ണ്ണായക മൊഴി നല്‍കിയതായി വെളിപ്പെടുത്തല്‍; ട്രംപ്-ഉര്‍ദുഗാൻ സൗഹൃദത്തിന് പിന്നാലെ തുര്‍ക്കിഷ് ബാങ്കിനെതിരായ കേസ് അമേരിക്ക പിൻവലിച്ചു

Sathyam Online 1 week ago

ന്യൂയോര്‍ക്ക്: അമേരിക്ക ഏര്‍പ്പെടുത്തിയ ഇറാന്‍ ഉപരോധം മറികടക്കാന്‍ അവിടുത്തെ സര്‍ക്കാരിനെയും പൗരന്മാരെയും സഹായിച്ച കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയ തുര്‍ക്കിഷ്-ഇറാനിയന്‍ സ്വര്‍ണ്ണ വ്യവസായ പ്രമുഖന്‍ റെസ സറാബിന് ശിക്ഷാ ഇളവ് നല്‍കണമെന്ന് യു.എസ് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അടുത്ത ആഴ്ച സറാബിന്റെ ശിക്ഷാ വിധി വരാനിരിക്കെയാണ് ന്യൂയോര്‍ക്ക് ഫെഡറല്‍ ജഡ്ജിക്ക് മുന്‍പാകെ പ്രൊസിക്യൂഷന്‍ ഈ ശുപാര്‍ശ സമര്‍പ്പിച്ചത്. 2017-ല്‍ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെപ്പോലും ഉലച്ച വന്‍ അഴിമതിക്കേസിലെ വിചാരണയില്‍ യു.എസ് സര്‍ക്കാരിന് അനുകൂലമായി നിര്‍ണ്ണായക മൊഴി നല്‍കിയത് റെസ സറാബായിരുന്നു.


തുര്‍ക്കിയിലെ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാങ്ക് അധികൃതര്‍ക്കും കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തിയ സറാബ്, കേസില്‍ വ്യക്തമായ തെളിവുകളാണ് പ്രൊസിക്യൂഷന്നല്‍കിയത്.


സറാബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുര്‍ക്കിഷ് ബാങ്കറായ മെഹ്‌മത് ഹാക്കാന്‍ അതീല്ല കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വര്‍ഷത്തിലേറെ തടവിന് ശിക്ഷിക്കുകയും ചെയ്തത്.

അന്ന് ഈ കോടതിവിധിയെ 'ലജ്ജാകരം' എന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. 2017 ഒക്ടോബറില്‍ ഗൂഢാലോചന, ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ സമ്മതിച്ച സറാബ്, തുടര്‍ന്ന് നടത്തിയ അന്വേഷണത്തോട് പൂര്‍ണ്ണമായും വിശ്വസ്തമായും സഹകരിച്ചുവെന്ന് പ്രൊസിക്യൂഷന്‍ വ്യക്തമാക്കി. അമേരിക്കന്‍ അധികൃതരെ സഹായിച്ചതിലൂടെ സറാബിന്റെ ജീവന് തന്നെ വലിയ ഭീഷണിയുണ്ടായതായും അവര്‍ കോടതിയെ അറിയിച്ചു.

2017-ലെ വിചാരണ വേളയില്‍ ജയിലിനുള്ളില്‍ വെച്ച്‌ സഹതടവുകാരന്‍ തന്നെ കത്തി ഉപയോഗിച്ച്‌ വധിക്കാന്‍ ശ്രമിച്ചതായി സറാബ് വെളിപ്പെടുത്തിയിരുന്നു.


യു.എസ് അധികൃതരുമായി സഹകരിക്കുന്നതിനാല്‍ തന്നെ വധിക്കാന്‍ നിര്‍ദ്ദേശമുണ്ടെന്ന് അക്രമി പറഞ്ഞതായും സറാബ് വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് സറാബിനെ ജയിലില്‍ നിന്നും എഫ്.ബി.ഐയുടെ പ്രത്യേക സുരക്ഷാ കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു.


തുര്‍ക്കിയിലെ വലിയ തലപ്പത്തുള്ളവര്‍ക്കെതിരെ മൊഴി നല്‍കിയതിനാണ് സറാബിന് നേരെ ആക്രമണമുണ്ടായതെന്ന് ബ്രൂക്ലിന്‍ ജയിലിലെ പ്രതി വെളിപ്പെടുത്തിയതായി പ്രൊസിക്യൂഷന്‍ ഓര്‍മ്മിപ്പിച്ചു.

കൂടാതെ, സറാബ് അമേരിക്കയെ സഹായിക്കാന്‍ തുടങ്ങിയതോടെ തുര്‍ക്കി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വന്‍ ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. സങ്കീര്‍ണ്ണമായ ഇത്തരം കേസുകളില്‍ തുടര്‍വിചാരണകള്‍ ആവശ്യമായി വരുന്നതിനാലാണ് ശിക്ഷാവിധി പ്രഖ്യാപിക്കാന്‍ ഇത്രയും വര്‍ഷത്തെ കാലതാമസം നേരിട്ടത്.


അതേസമയം, തുര്‍ക്കിയിലെ പൊതുമേഖലാ ബാങ്കായ ഹാല്‍ക് ബാങ്കിനെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ ചുമത്തിയിരുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ മാന്‍ഹട്ടന്‍ ജഡ്ജി റിച്ചാര്‍ഡ് എം. ബെര്‍മാന്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു.


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും തമ്മിലുള്ള അടുത്ത സൗഹൃദത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് പിന്‍വലിക്കാന്‍ യു.എസ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഹേഗില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, താന്‍ വിളിച്ചാല്‍ ട്രംപ് ഉടന്‍ തന്നെ ഫോണില്‍ ലഭ്യമാകാറുണ്ടെന്ന് ഉര്‍ദുഗാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ട്രംപുമൊത്തുള്ള ഈ സൗഹൃദം തുര്‍ക്കി-അമേരിക്കന്‍ ബന്ധത്തില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണെന്നാണ് 13 വര്‍ഷമായി തുര്‍ക്കി പ്രസിഡന്റ് പദവിയിലുള്ള ഉര്‍ദുഗാന്‍ വ്യക്തമാക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online