
വാഷിംഗ്ടണ്‍: ഇറാനുമായുള്ള സൈനിക സംഘര്‍ഷം പരിഹരിക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ സ്തംഭിച്ചു നില്‍ക്കുന്നതിനിടയില്‍, പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
യുഎസിന്റെ വിശ്വസ്ത പങ്കാളിയായ ഒമാനെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് കാബിനറ്റ് യോഗത്തില്‍ ട്രംപ് ഈ കടുത്ത പരാമര്‍ശം നടത്തിയത്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഇറാന്റെയും ഒമാന്റെയും സംയുക്ത മേല്‍നോട്ടത്തില്‍ പുതിയ സമാധാന കരാര്‍ രൂപപ്പെടുന്നുവെന്ന വാര്‍ത്തകള്‍ വൈറ്റ് ഹൗസ് തള്ളിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഇറാനും ഒമാനും ചേര്‍ന്ന് ഈ മേഖലയിലെ സമുദ്രഗതാഗതം നിയന്ത്രിക്കുമെന്ന അവകാശവാദങ്ങളെ പൂര്‍ണ്ണമായി തള്ളിക്കൊണ്ടാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
'ഹോര്‍മുസ് കടലിടുക്ക് ആരും നിയന്ത്രിക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ അതിന്മേല്‍ കൃത്യമായ നിരീക്ഷണം നടത്തും, പക്ഷേ അതിന്റെ നിയന്ത്രണം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
വാഷിംഗ്ടണും ടെഹ്‌റാനും (ഇറാന്‍) തമ്മിലുള്ള തര്‍ക്കങ്ങളില്‍ എക്കാലത്തും സമാധാനപരമായ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഒമാന്‍. കൂടാതെ നിരവധി അമേരിക്കന്‍ പ്രതിരോധ പദ്ധതികള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ട്രംപ് ഒമാനെക്കൂടി ഉള്‍പ്പെടുത്തി നടത്തിയ കടുത്ത പരാമര്‍ശം വലിയ നയതന്ത്ര അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ട്.
ഹോര്‍മുസ് വഴി കടന്നുപോകുന്ന വാണിജ്യ കപ്പലുകളുടെ നിയന്ത്രണവും പരിശോധനാധികാരവും ഇറാന്റെയും ഒമാന്റെയും സംയുക്ത സമിതിക്ക് നല്‍കുന്ന തരത്തിലുള്ള ഒരു ധാരണാപത്രം തയ്യാറായിട്ടുണ്ടെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും കെട്ടിച്ചമച്ച കഥയാണെന്ന് യുഎസ് ആവര്‍ത്തിച്ചു.
ലോകത്തിലെ ആകെ എണ്ണ, എല്‍.എന്‍.ജി കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ നടത്തുന്ന ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളുടെ പ്രധാന കേന്ദ്രം ഈ കടലിടുക്കിന്റെ സുരക്ഷ തന്നെയാണ്. എന്നാല്‍ അനധികൃതമായ ഒരു അവകാശവാദവും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ട്രംപ് ഭരണകൂടം.
