
യുഎസ്-ഇറാൻ ചർച്ചകള്‍ ഏതു നിമിഷവും തകരാം എന്ന നിലയില്‍ തുടരുമ്പോള്‍ ഇറാനുമായി സഖ്യത്തിനു പോകരുതെന്ന് ഒമാന് പ്രസിഡന്റ് ട്രംപ് താക്കീതു നല്‍കി.
ഹോർമുസ് കടലിടുക്ക് സംയുക്തമായി നിയന്ത്രിക്കാൻ ഇറാനും ഒമാനും ആലോചിക്കുമ്പോള്‍ അത് സ്വീകാര്യമാണോ എന്ന ചോദ്യത്തിനു ട്രംപ് പറഞ്ഞ മറുപടി 'അല്ല' എന്നു തന്നെ.
ഹോർമുസിന്റെ മേല്‍ യുഎസ് നിരീക്ഷണം തുടരുമെന്നു വ്യക്തമാക്കിയ ട്രംപ് ഒമാനോട് പറഞ്ഞു: "ഹോർമുസ് എല്ലാവർക്കും വേണ്ടി തുറന്നിരിക്കും. ആരും അത് നിയന്ത്രിക്കില്ല. ഞങ്ങള്‍ നിരന്തരം നിരീക്ഷിക്കും.
"ഒമാൻ മറ്റു രാജ്യങ്ങളെ പോലെ തന്നെ പെരുമാറണം, അല്ലെങ്കില്‍ ഞങ്ങള്‍ അവരെ അടിച്ചു തകർക്കും."
ഗള്‍ഫില്‍ യുഎസ് സഖ്യരാഷ്ട്രമായ ഒമാൻ ഇറാനുമായി ചേർന്ന് ഹോർമുസ് നിയന്ത്രിക്കാൻ ആലോചിക്കുന്നുവെന്നു ഇറാന്റെ ടി വി ചാനലുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. അതിനു യുഎസ് അംഗീകാരമുണ്ടെന്നും അവർ പറഞ്ഞു.ആ റിപ്പോർട്ട് പൂർണമായും കെട്ടിച്ചമച്ചതാണെന്നു യുഎസ് വ്യക്തമാക്കി.
ഒമാനും സാമീപ്യമുള്ള ഹോർമുസ് സംബന്ധിച്ച വിഷയങ്ങള്‍ അവർ ഇറാനുമായി അടുത്തിടെ ചർച്ച ചെയ്തിരുന്നു. മേയ് 24നു ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അല്‍ ബുസൈദി ഇറാൻ വിദേശകാര്യ ഉപമന്ത്രി കാസം ഗരിബാബാദിയുമായി നടത്തിയ ചർച്ചയില്‍ അതായിരുന്നു മുഖ്യ വിഷയം. അന്ന് ഒമാൻ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത് കടലിടുക്കിലെ ഗതാഗതം സ്വാതന്ത്രമാക്കുന്ന കാര്യം ചർച്ച ചെയ്തു എന്നാണ്.
