
അങ്കാറ: ഇറാനുമായി വെടിനിര്‍ത്തലിലെത്തിയ ധാരണാപത്രം അവസാനിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇറാനുമായുള്ള ഇടപാടുകള്‍ വെറും സമയം പാഴാക്കലാണെന്നും നാറ്റോ ഉച്ചകോടിയുടെ ഭാഗമായി തുര്‍ക്കിയയിലെ അങ്കാറയില്‍ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യം ഉരുണ്ടുകൂടുന്നതിനിടെയാണ് ധാരണാപത്രം അവസാനിച്ചതായി ട്രംപിന്റെ പ്രസ്താവന.
കഴിഞ്ഞ രാത്രി ഇറാനെ ശക്തമായി ആക്രമിച്ചതായി ട്രംപ് പറഞ്ഞു. 'നിങ്ങള്‍ എപ്പോള്‍ ആക്രമിച്ചാലും തിരിച്ചടിക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞതാണ്. അവര്‍ വൃത്തികെട്ടയാളുകളാണ്. എനിക്ക് ഇഷ്ടമല്ല. അവര്‍ ദുഷ്ടന്മാരാണ്. മാനസികനില തെറ്റിയവര്‍ നയിക്കുന്നിടത്തോളം ഇറാനുമായി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല.
എന്നെ സംബന്ധിച്ചിടത്തോളം ആ വിഷയം അവസാനിച്ചു കഴിഞ്ഞു. വിഷയം ഇറാനിലെ ആണവായുധ നിരായുധീകരണമാണ്. ഞങ്ങള്‍ ആ രാജ്യത്തെ ആണവമുക്തമാക്കാന്‍ പോകുകയാണ്.
ആണവായുധം ഉണ്ടായിരുന്നേല്‍ ഇറാന്‍ അത് ഉപയോഗിച്ചേനെ.' -ട്രംപ് പറഞ്ഞു. ഇറാനിലെ യുദ്ധത്തില്‍ സഹായം നല്‍കാന്‍ തയാറാകാത്ത നാറ്റോ രാജ്യങ്ങളുടെ നിലപാടിലും തനിക്ക് എതിര്‍പ്പുണ്ടെന്ന് ട്രംപ് പറഞ്ഞു.
ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇന്നലെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎസ് സേന ഇറാനില്‍ വ്യോമാക്രമണം നടത്തി. ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കാനിരിക്കെയാണ് ഗള്‍ഫ് മേഖലയെ വീണ്ടും ആശങ്കയിലാക്കി അമേരിക്കയുടെ ഈ സൈനിക നീക്കം.
സിറിക്, ഖിഷം, ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളിലാണ് അമേരിക്കന്‍ സേന വ്യോമാക്രമണം നടത്തിയത്. ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിനുള്ള ശക്തമായ തിരിച്ചടിയാണിതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞിരുന്നു.
അതേസമയം, യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണങ്ങള്‍ക്കും ഇറാനെതിരെ വീണ്ടും എണ്ണ ഉപരോധം ഏർപ്പെടുത്തിയതിനും പിന്നാലെ, ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന കരാർ യുഎസ് ലംഘിച്ചതായി ഇറാൻ ആരോപിച്ചിരുന്നു.
മാസങ്ങള്‍ നീണ്ട യുദ്ധത്തിനും രക്തച്ചൊരിച്ചിലിനും ആഗോള അനിശ്ചിതാവസ്ഥക്കും അവസാനമാകുമെന്ന പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു യുഎസും ഇറാനും ജൂണ്‍ 15ന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് എന്നിവരാണ് യുഎസിന് വേണ്ടി ഒപ്പിട്ടത്. ഇറാന് വേണ്ടി പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫുമാണ് ഒപ്പുവെച്ചത്.
ഇതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നിരുന്നു. എന്നാല്‍, സമാധാന സാഹചര്യത്തിന് ആഴ്ചകളുടെ ആയുസ് മാത്രം നല്‍കിക്കൊണ്ടാണ് ഇരുപക്ഷവും വീണ്ടും ആക്രമണമാരംഭിച്ചതും ധാരണാപത്രം അവസാനിച്ചതായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നത്.
