Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇരുഗൂര്‍ - ദേവനഗൊന്തി മള്‍ട്ടി പ്രൊഡക്റ്റ് പൈപ്പ്‌ലൈൻ പദ്ധതി അന്തിമ ഘട്ടത്തില്‍

Sathyam Online 1 week ago

കൊച്ചി/ കോയമ്പത്തൂർ: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎല്‍) തമിഴ്‌നാട്ടില്‍ നടപ്പാക്കുന്ന വൻകിട ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളുടെ പുരോഗതി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക, വിനോദസഞ്ചാര വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി.

തമിഴ്‌നാടിനെയും കർണാടകയെയും ബന്ധിപ്പിച്ച്‌ 1,732 കോടി രൂപ ചെലവില്‍ നിർമ്മിക്കുന്ന 'ഇരുഗൂർ - ദേവനഗൊന്തി മള്‍ട്ടി പ്രൊഡക്റ്റ് പൈപ്പ്‌ലൈൻ' പദ്ധതി 82.6 ശതമാനം പൂർത്തിയായതായി മന്ത്രി അറിയിച്ചു.

പ്രതിവർഷം 3.5 ദശലക്ഷം മെട്രിക് ടണ്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വഹിക്കാൻ ശേഷിയുള്ള പൈപ്പ്‌ലൈൻ യാഥാർത്ഥ്യമാകുന്നതോടെ പടിഞ്ഞാറൻ തമിഴ്‌നാട്ടിലും സമീപ പ്രദേശങ്ങളിലും ഇന്ധന വിതരണം കാര്യക്ഷമമാകും. അന്തർസംസ്ഥാന ഇന്ധന വിതരണം സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമായി നടപ്പിലാക്കാൻ സാധിക്കുന്ന പദ്ധതിയ്ക്ക് 355 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. വൻതോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം പ്രദേശത്തെ വ്യവസായ-സാമ്പത്തിക വളർച്ച ഉറപ്പാക്കാനും പദ്ധതി സഹായകരമാകുമെന്ന് ബിപിസിഎല്‍ അറിയിച്ചു.

ഈറോഡ്, നീലഗിരി ജില്ലകളിലായി 3,685 കോടി രൂപ നിക്ഷേപത്തില്‍ പുരോഗമിക്കുന്ന സിറ്റി ഗ്യാസ് വിതരണ (സിജിഡി) പദ്ധതിയുടെ പുരോഗതിയും യോഗം ചർച്ച ചെയ്തു. നിലവില്‍ 44.6 ശതമാനം പൂർത്തിയായ പദ്ധതി, ജില്ലകളിലെ ഗാർഹിക-വ്യാവസായിക മേഖലയ്ക്ക് വലിയ കുതിപ്പേകും. ബിപിസിഎല്‍ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ ശുഭാങ്കർ സെൻ, തിരുപ്പൂർ ജില്ലാ കളക്ടർ, തമിഴ്‌നാട് ഇൻഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, നാഷണല്‍ ഹൈവേ അതോറിറ്റി, സ്റ്റേറ്റ് ഹൈവേ ഡിപ്പാർട്ട്‌മെന്റ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും ബിപിസിഎല്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. തമിഴ്‌നാടിന്റെ വികസനക്കുതിപ്പിന് സഹായകരമാകുന്ന ഊർജ പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ബിപിസിഎല്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online