
തമിഴ് സിനിമാ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ്സൂര്യയുംജ്യോതികയും. വെള്ളിത്തിരയിലെ തിരക്കുകള്‍ക്കിടയിലും ആരോഗ്യകരമായ ജീവിതശൈലിയും ഫിറ്റ്‌നസും കൃത്യമായി പാലിക്കുന്നവരാണ് ഇരുവരും.
തങ്ങളുടെ ദൈനംദിന വ്യായാമമുറകളെക്കുറിച്ചും ഭക്ഷണക്രമങ്ങളെക്കുറിച്ചും ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരങ്ങള്‍ മനസ്സ് തുറന്നു.
ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് മമ്മൂട്ടി തനിക്ക് നല്‍കിയ വിലയേറിയ ഉപദേശത്തെക്കുറിച്ച് സൂര്യ അഭിമുഖത്തില്‍ ഓർത്തെടുത്തു. 'ഇഷ്ടമുള്ളതെല്ലാം കഴിക്കാം, എന്നാല്‍ തോന്നുന്നത്ര അളവില്‍ കഴിക്കരുത്' എന്നായിരുന്നു മമ്മൂട്ടി തനിക്ക് നല്‍കിയ ഉപദേശമെന്ന് സൂര്യ പറയുന്നു. അതോടൊപ്പം എട്ട് മുതല്‍ ഒൻപത് മണിക്കൂർ വരെ കൃത്യമായി ഉറങ്ങുന്നതില്‍ ഒരിക്കലും വിട്ടവീഴ്ച ചെയ്യരുതെന്നും മമ്മൂട്ടി പറഞ്ഞതായി സൂര്യ വ്യക്തമാക്കി.
ആരോഗ്യം എന്നത് മസിലുകള്‍ ഉണ്ടാക്കുന്നത് മാത്രമല്ല, മറിച്ച് ഒരു ബാലൻസ് ജീവിതം നയിക്കുകയാണെന്ന് സൂര്യ വിശ്വസിക്കുന്നു. ഉറക്കം, ഭക്ഷണം, മാനസിക സമ്മർദം, ജോലി, ലക്ഷ്യങ്ങള്‍ എന്നിവയിലെല്ലാം കൃത്യമായ ബാലൻസ് ആവശ്യമാണെന്നും, താനും അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു. വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 തുടങ്ങിയ അടിസ്ഥാന സപ്ലിമെന്റുകളുടെ പ്രാധാന്യത്തെക്കുറിച്ചും സൂര്യ സംസാരിച്ചു.
സ്ത്രീകള്‍ ചെറുപ്പകാലത്ത് തന്നെ, പ്രത്യേകിച്ച് നാല്‍പ്പതാം വയസ്സിനു ശേഷം ഭാവിയില്‍മുട്ടുവേദനപോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനായി പേശികള്‍ ശക്തിപ്പെടുത്തണമെന്നും താരം ഓർമിപ്പിച്ചു.
താൻ ജിമ്മിലേക്ക് പോകുമ്പോള്‍ കയ്യില്‍ കരുതുന്ന പ്രധാന വസ്തുക്കളെക്കുറിച്ച് ജ്യോതിക അഭിമുഖത്തില്‍ വ്യക്തമാക്കി. ജിം ഗ്ലൗസുകള്‍, വാട്ടർ ബോട്ടില്‍, ഡിയോഡറന്റ് സ്പ്രേ എന്നിവ തന്റെ ജിം ബാഗില്‍ എപ്പോഴുമുണ്ടാകാറുണ്ടെന്ന് ജ്യോതിക പറയുന്നു.
ജ്യോതികയുടെ ഈ ശീലം തനിക്കും പ്രചോദനമായെന്ന് സൂര്യ കൂട്ടിച്ചേർത്തു. നടക്കാനും ജോഗിങ് ചെയ്യാനുമൊക്കെ ഇഷ്ടപ്പെടുന്ന താനും എപ്പോഴും വാട്ടർ ബോട്ടിലും ജോഫിങ് ഷൂസും കയ്യില്‍ കരുതാറുണ്ടെന്ന് സൂര്യ പറഞ്ഞു. കൂടാതെ തന്റെ നിത്യപയോഗത്തിലുള്ള സപ്ലിമെന്റുകളും താരം ഒപ്പം കൂട്ടാറുണ്ട്.
അതിരാവിലെ എഴുന്നേല്‍ക്കാൻ ഇഷ്ടപ്പെടുന്ന ജ്യോതിക, ജിമ്മില്‍ പോകുന്നതിന് മുൻപായി ഒരു ആപ്പിള്‍ കഴിച്ചുകൊണ്ടാണ് തന്റെ ദിവസം ആരംഭിക്കുന്നത്. വെയ്റ്റ്‌ലിഫ്റ്റിങ്ങിനും സ്ട്രെങ്ത് ട്രെയിനിങ്ങിനുമാണ് ജ്യോതിക കൂടുതലും പ്രാധാന്യം നല്‍കുന്നത്. ആഴ്ചയില്‍ നാല് മുതല്‍ അഞ്ച് തവണ വരെ താരം ജിമ്മില്‍ വർക്കൗട്ട് ചെയ്യാറുണ്ട്.
ഫിറ്റ്‌നസ് ട്രെയിനർ മഹേഷ് ഘനേകറാണ് തന്റെ വ്യായാമരീതികളെ മാറ്റിമറിച്ചതെന്ന് ജ്യോതിക പറയുന്നു. ശരീരം ശക്തമാക്കൂ, ബാക്കിയുള്ളവയെല്ലാം അതിന്റെ പിന്നാലെ വരും" എന്നായിരുന്നു അദ്ദേഹം തനിക്ക് നല്‍കിയ ഉപദേശമെന്ന് താരം വ്യക്തമാക്കി. സ്ട്രെങ്ത് ട്രെയിനിങ് തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമായി മാറിയെന്നും, സ്ത്രീകള്‍ നാല്‍പ്പതാം വയസ്സിനു ശേഷം ശരീരം ശക്തമാക്കാൻ ശ്രദ്ധിക്കണമെന്നും ജ്യോതിക പറയുന്നു.
മുൻകാലങ്ങളില്‍ പരിക്കുകള്‍ പറ്റിയിട്ടുള്ളതിനാല്‍ കനത്ത വെയ്റ്റ്‌ലിഫ്റ്റിങ്ങും പവർലിഫ്റ്റിങ്ങും താൻ ഇപ്പോള്‍ പൂർണ്ണമായി ഒഴിവാക്കാറുണ്ടെന്ന് സൂര്യ വ്യക്തമാക്കി. പകരം ഫങ്ഷണല്‍ സ്ട്രെങ്ത് ട്രെയിനിങ്ങിനും പുള്‍-അപ്പുകള്‍ക്കുമാണ് താൻ ഇപ്പോള്‍ മുൻഗണന നല്‍കുന്നത്. ശരീരത്തിന്റെ ഫ്ലെക്സിബിലിറ്റിയും മൊബിലിറ്റിയുമാണ് താൻ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
ഫിറ്റ്‌നസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സൂര്യ വ്യക്തമാക്കിയ മറ്റൊരു പ്രധാന കാര്യം ഇതാണ്. "ഓരോ പത്തിലും ഫിറ്റ്‌നസ് അർത്ഥമാക്കുന്നത് വ്യത്യസ്തമായ കാര്യങ്ങളാണ്. ഇരുപതുകളില്‍ അത് ബൈസെപ്സിനെക്കുറിച്ചും നല്ലൊരു ടി-ഷർട്ട് ബോഡിയെക്കുറിച്ചും മാത്രമായിരുന്നു. എന്നാല്‍ എനിക്ക് ഇപ്പോള്‍ അത് മൊബിലിറ്റിയെക്കുറിച്ചാണ്. കാണിക്കാൻ വെക്കുന്ന മസിലുകളെക്കുറിച്ചല്ല, മറിച്ച് ശരീരത്തിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്.
