
മുളന്തുരുത്തി: 1876 ഓഗസ്റ്റ് അവസാന വാരം ചേർന്ന മുളന്തുരുത്തി സുന്നഹദോസിന് 150 വയസ് പൂർത്തിയാകുന്ന വേളയില്‍ അതേ മണ്ണില്‍ സമ്മേളിക്കുന്ന മലങ്കര നസ്രാണി പള്ളിയോഗം മലങ്കരസഭയുടെ രണ്ടാം മുളന്തുരുത്തി സുന്നഹദോസാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മലങ്കരസഭാധ്യക്ഷൻ. ഒന്നര നൂറ്റാണ്ട് മുൻപ് മലങ്കരസഭയില്‍ ആദ്യ ദിവ്യമൂറോൻ കൂദാശ നടന്ന അതേദിവസം തന്നെ സഭയുടെ പാർലമെന്റ് സമ്മേളിക്കാനായി എന്നത് ചരിത്ര നിയോഗമാണ്.
പരിശുദ്ധ പരുമല തിരുമേനിയുടെ ജൻമനാട്ടില്‍ ആ പുണ്യപിതാവിന്റെ മെത്രാഭിഷേകത്തിന്റെ 150ാം വാർഷിക വേളയിലാണ് മലങ്കര നസ്രാണികള്‍ സംഗമിച്ചിരിക്കുന്നത്.
മലങ്കരസഭയില്‍ ശാശ്വത സമാധാനം ഉണ്ടാകണം. എന്നാല്‍ അത് ഇന്നും ഒരു മരീചികയായി തുടരുന്നു. വിഭജനം സൃഷ്ടിക്കുന്ന മുറിവും വേദനയും ആഴമേറിയതാണ്. സഭയ്ക്ക് സ്വാഭാവികമായി ലഭിച്ച നീതിയും ന്യായവും ഇല്ലാതെയാക്കുവാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറേക്കാലങ്ങളായി നടക്കുന്നു. മലങ്കര നസ്രാണികളുടെ ആത്മാഭിമാനം ആവർത്തിച്ച് വ്രണപ്പെടുന്നു.
എങ്കിലും ഭരണാധിപൻമാർ നീതി പ്രവർത്തിക്കും എന്ന പ്രത്യാശയാണ് സഭയ്ക്കുള്ളത്. 2017 -ലെ സുപ്രീംകോടതി വിധിയും 1934 ലെ സഭാ ഭരണഘടനയും ഉപേക്ഷിച്ചുള്ള ഒത്തുതീർപ്പുകള്‍ക്ക് പ്രസക്തിയില്ല. സമാധാന - മധ്യസ്ഥ ശ്രമങ്ങള്‍ക്ക് എന്നും തയാറാണ്.
എന്നാല്‍ അതിന്റെ പേരില്‍ സഭയ്ക്ക് ലഭിച്ച സ്വാതന്ത്ര്യവും നീതിപൂർവ്വമായ അവകാശവും ബലി കഴിച്ച് ഒരു തലമുറയെക്കൂടി വ്യവഹാരത്തിന്റെ തീയിലേക്ക് ഇട്ടുകൊടുക്കാൻ ഒരുക്കമല്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
സാമ്പത്തികവും, സാമൂഹികവുമായ നിരവധി വെല്ലുവിളികളെയാണ് നാട് നേരിടുന്നത്. മലയോര മേഖലകളിലെ മണ്ണിടിച്ചിലും, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കവും മനുഷ്യജീവിതത്തെ ദുസഹമാക്കുന്നു.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങള്‍ മൂലം നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുകയാണ്. കുടുംബബന്ധങ്ങളില്‍ ശിഥിലീകരണം വർധിക്കുന്നു. ഏകാന്തതയുടെ പ്രതിസന്ധികള്‍ അനുഭവിക്കുന്ന വയോജനങ്ങളെ നാം കരുതേണ്ടതുണ്ട്.
ഭാരിച്ച ചികിത്സാച്ചെലവുകള്‍ പലർക്കും താങ്ങാനാവുന്നില്ല. മയക്കുമരുന്നുകളുടെ ഉപയോഗം മൂലം കുറ്റകൃത്യങ്ങള്‍ വർധിക്കുന്നു.
ഇത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത തകർച്ചകളില്‍ നിന്ന് കരകയറാൻ വിവിധ കർമ്മപദ്ധതികള്‍ സഭയില്‍ അനിവാര്യമാണ്. കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞുള്ള ഇടയശുശ്രൂഷയ്ക്ക് ഏവരും പ്രതിജ്ഞാബദ്ധരാണെന്നും മലങ്കരസഭാധ്യക്ഷൻ ഓർമ്മിപ്പിച്ചു.
