Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇതുവരെ പാര്‍ട്ടിയുടെ സഹയാത്രികനായായിരുന്നു. ഇനിമുതല്‍ പാര്‍ട്ടിയുടെ ഭാഗമാണ്. സിപിഎം അംഗത്വമെടുത്ത് കെ ടി ജലീല്‍

Sathyam Online 1 week ago

മലപ്പുറം: സിപിഎം അംഗമായതായി അറിയിച്ച്‌ തവനൂർ മുൻ എംഎല്‍എയും മുൻ മന്ത്രിയുമായ കെ ടി ജലീല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇതുവരെ പാർട്ടിയുടെ സഹയാത്രികനായായിരുന്നു, എന്നാല്‍ ഇനിമുതല്‍ പാർട്ടിയുടെ ഭാഗമാണ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പാർട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ പാർട്ടിയുടെ കൂടെ നില്‍ക്കുന്ന നിസ്വാർത്ഥരായ ലക്ഷക്കണക്കിന് സഖാക്കള്‍ക്കൊപ്പം അവരില്‍ ഒരാളായി നില്‍ക്കാതെ മാറി നിന്നാല്‍ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇനി സഹയാത്രികനല്ല

പാർട്ടിയുടെ ഭാഗം

എൻ്റെ പൊതുജീവിതത്തില്‍ വലിയ താങ്ങും തണലും നല്‍കിയ പാർട്ടിയാണ് സി.പി.ഐ(എം). 2006-ല്‍ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയില്‍ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ല. സഹയാത്രികനായിരിക്കെ പാർട്ടി സെക്രട്ടറിയായ സ: പിണറായി വിജയൻ നയിച്ച 2 സംസ്ഥാന ജാഥയിലും, ഗോവിന്ദൻ മാസ്റ്റർ നയിച്ച ഒരു ജാഥയിലും ഈയുള്ളവനെ അംഗമാക്കിയ സി.പി.ഐ(എം) എന്നിലർപ്പിച്ച വിശ്വാസം വളരെ വലുതാണ്. ഒരാളുടെയും പിന്നാലെ നടക്കാതെയും ഒരാളെക്കൊണ്ടും ശുപാർശ ചെയ്യിക്കാതെയും മലപ്പുറം ജില്ലയില്‍ നിന്ന് തുടർച്ചയായി 4 പ്രാവശ്യം എം.എല്‍.എയും അഞ്ചുവർഷം മന്ത്രിയുമാക്കിയ പാർട്ടിയോട് എക്കാലവും ഞാൻ കടപ്പെട്ടിരിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ തുടർന്ന് വിമർശന ശരങ്ങള്‍ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സി.പി.ഐ(എം), വലതുപക്ഷ പിന്തിരിപ്പൻമാരാലും വർഗ്ഗീയ ശക്തികളാലും നഖശിഖാന്തം എതിർക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വർഗ്ഗീയ ഫാഷിസ്റ്റുകള്‍ ഫണം വിടർത്തി ആടുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തില്‍ മുഴുവൻ ജനങ്ങളുടെയും ഒരു പൊതു പ്ലാറ്റ്ഫോമൊരുക്കി ആശയ രംഗത്തും കർമ്മ മേഖലയിലും അക്ഷരാർത്ഥത്തില്‍ പൊരുതിനില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. ഇടതുപക്ഷ ചേരി ദുർബലമായാല്‍ ആത്യന്തികമായി നഷ്ടം സംഭവിക്കുക ദുർബല ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമാണെന്ന സത്യം പകല്‍വെളിച്ചം പോലെ വ്യക്തമാണ്. പശ്ചിമബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ദുർബലമായപ്പോള്‍ ഉണ്ടായ ടി.എം.സിയുടെ ആയുസ്സ് വെറും 15 വർഷമാണ്. ഇപ്പോള്‍ അവിടം ഭരിക്കുന്നത് ബി.ജെ.പിയാണ്. സമാന സാഹചര്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഊർജസ്വലതയോടെ നിലനില്‍ക്കണം.

കാപട്യക്കാരും അഭിനേതാക്കളും കളം നിറഞ്ഞാടുന്ന സമകാലിക രാഷ്ട്രീയത്തില്‍ ജീവിത സാഹചര്യങ്ങള്‍ രൂപപ്പെടുത്തിയ ശൈലി പിന്തുടരുന്നത് കൊണ്ടു മാത്രം വിമർശിക്കപ്പെടുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കള്‍. ഇതര രാഷ്ട്രീയ പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും തുലനം ചെയ്യുമ്പോള്‍ നാട്ടുകാരെ പറ്റിക്കാതെയും ധാർമ്മിക ബോധം സ്വജീവിതത്തില്‍ പ്രയോഗവല്‍ക്കരിച്ചും പൊതുരംഗത്ത് പ്രവർത്തിക്കുന്നവരാണ് മഹാഭൂരിഭാഗം കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരും. അപവാദമുണ്ടാകാം. ഞാൻ നിഷേധിക്കുന്നില്ല. അത്തരക്കാർ പക്ഷെ ന്യൂനാല്‍ ന്യൂനപക്ഷമാണ്. അതു തെളിഞ്ഞാല്‍ അവരെ മാറ്റി നിർത്താൻ മടി കാണിക്കാത്തവരാണ് ഇടതുപക്ഷ കക്ഷികള്‍. മറ്റു രാഷ്ട്രീയ പാർട്ടികളെ അപേക്ഷിച്ച്‌ തരികിടക്കാരും തട്ടിപ്പൻമാരും ഏറ്റവും കുറഞ്ഞ പാർട്ടിയാണ് കമ്മ്യൂണിസ്റ്റു പാർട്ടി എന്നർത്ഥം. വ്യക്തി വിശുദ്ധിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. കറകളഞ്ഞ മതേതരവാദികളുമാണ് അവർ. ഇതെല്ലാം എനിക്കു ബോദ്ധ്യമായ കാര്യങ്ങളാണ്. ആരും പറഞ്ഞു തന്നതല്ല.

മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സി.പി.ഐ(എം)മ്മില്‍ മെമ്പർഷിപ്പെടുക്കാൻ കഴിയില്ലെന്നും അത്തരക്കാർ മതത്തില്‍ നിന്ന് പുറത്താണെന്നുമുള്ള വാദമുയർത്തി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയില്‍ അംഗത്വമെടുക്കുന്നതില്‍ നിന്ന് ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ അതതു വിഭാഗങ്ങളിലെ വർഗ്ഗീയ വിഷം ചീറ്റുന്നവർ നാട്ടില്‍ പ്രചരിപ്പിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥ കാണാതിരുന്നു കൂട. ലോകത്തുള്ള എല്ലാ വർഗ്ഗീയ-ജാതീയ- സങ്കുചിത ശക്തികളും ഒരുമിക്കുന്ന ഏക ബിന്ദു, കമ്മ്യൂണിസ്റ്റ് പാർട്ടികളെ ക്ഷയിപ്പിക്കുക എന്നിടത്താണ്. അതിനെതിരായ ശക്തമായ പ്രതിരോധവും കൂടിയാണ് സി.പി.ഐ(എം)മ്മില്‍ അംഗത്വമെടുക്കാനുള്ള ഞങ്ങളുടെ തീരുമാനം.

ഒരാള്‍ക്ക് നല്ല വിശ്വാസിയും നല്ല കമ്മ്യൂണിസ്റ്റുകാരനുമാകാൻ കഴിയുമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച പലരുമുണ്ട്. ലോക മുതലാളിത്വത്തിനെതിരെ ഇറാനും ചൈനയും റഷ്യയും ഉത്തര കൊറിയയും ഒരുമിച്ചു നില്‍ക്കുന്ന കാഴ്ച ആരെയാണ് ആവേശം കൊള്ളിക്കാത്തത്? ലോക ഫാസിസത്തിനെതിരായി കമ്മ്യൂണിസ്റ്റുകാരും വിശ്വാസികളും ഒരുമിച്ച്‌ പടുത്തുയർത്തിയിരിക്കുന്ന ഐക്യനിര എല്ലാ "മുൻധാരണ"കളെയും കീഴ്മേല്‍ മറിച്ചിരിക്കയാണ്. ഇന്ത്യയിലും സമാന വേദികള്‍ ഉയർന്നു വരേണ്ടത് അനിവാര്യമാണ്. മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തില്‍ പകർത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച്‌ ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തില്‍ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എൻ്റെയും സഹധർമ്മിണിയുടെയും പാർട്ടി പ്രവേശം.

പ്രസ്ഥാനത്തിൻ്റെ സമൃദ്ധ കാലത്ത് ഏതു പാർട്ടിയില്‍ ചേരാനും ഒരുപാടുപേർ കാണും. എന്നാല്‍ പാർട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ പാർട്ടിയുടെ കൂടെ നില്‍ക്കുന്ന നിസ്വാർത്ഥരായ ലക്ഷക്കണക്കിന് സഖാക്കള്‍ക്കൊപ്പം അവരില്‍ ഒരാളായി നില്‍ക്കാതെ മാറി നിന്നാല്‍ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകും അത്. കർഷകരും തൊഴിലാളികളും അധസ്ഥിതരും സ്ത്രീകളും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും സാധാരണക്കാരും സർക്കാർ ജീവനക്കാരും ചെറുകിട കച്ചവടക്കാരും വ്യാപാരികളും അദ്ധ്യാപകരും വ്യവസായികളും പ്രൊഫഷണലുകളും വിദ്യാസമ്പന്നരും ബുദ്ധിജീവികളും വിദ്യാർത്ഥികളും യുവാക്കളും പ്രവാസികളും കുട്ടികളും മദ്ധ്യവയസ്കരും വയോജനങ്ങളും എല്ലാ ജാതിമതസ്ഥരും അടങ്ങുന്ന കൂട്ടായ്മയില്‍ അണിചേരുക എന്നത് ഓരോ മനുഷ്യ സ്നേഹിയുടെയും ജീവിത ധർമ്മമാണെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. ആ മഹത്തായ ദൗത്യമാണ് പാർട്ടി അംഗങ്ങളാകുന്നതിലൂടെ സഫലമാകുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online