
കുമാമോട്ടോ: തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ ക്യൂഷു ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി ഉയര്‍ന്നതായി കുമാമോട്ടോ പ്രിഫെക്ചറല്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു.
ചൊവ്വാഴ്ചയുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കഷിമ പട്ടണത്തിലെ പ്രമുഖ ഷാപ്പിംഗ് മോളില്‍ വന്‍ സ്‌ഫോടനവും തകര്‍ച്ചയും ഉണ്ടാകുകയും ചെയ്തു. ഭൂകമ്പത്തെ തുടര്‍ന്ന് പേപ്പര്‍ ഫാക്ടറിയുടെ കൂറ്റന്‍ പുകക്കുഴല്‍ തകര്‍ന്നു വീണും നിരവധി വീടുകള്‍ തകര്‍ന്നും ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദുരന്തത്തില്‍ ഒട്ടേറെപ്പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
ദുരന്തമേഖലയിലെ 3,500-ലധികം വീടുകളില്‍ ഇപ്പോഴും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ക്യൂഷു ഇലക്‌ട്രിക് പവര്‍ കമ്പനി വ്യക്തമാക്കി. 9,000-ത്തിലധികം ആളുകള്‍ നിലവില്‍ താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.
മേഖലയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നത് കുടിവെള്ള ലഭ്യതയെയും ക്യാമ്പുകളിലെ ജനജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
തകര്‍ന്നുവീണ ഇയോണ്‍ മാള്‍ ഷാപ്പിംഗ് സെന്ററില്‍ നിന്ന് ഇതുവരെ ഏഴു പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.
ഫാക്ടറി തകര്‍ന്നുണ്ടായ അപകടസ്ഥലത്തുനിന്ന് ഒമ്പത് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പ്രദേശത്ത് സൈന്യവും പോലീസും ചേര്‍ന്ന് തെരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.
