
CB: ജൂണ്‍ 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഏക രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കി ടിവികെ. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
സംസ്ഥാനത്തെ ടിവികെ നേതൃത്വത്തിലുള്ള സഖ്യത്തിലെ പ്രധാന കക്ഷിയാണ് കോണ്‍ഗ്രസ്. പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സി.വി. ഷണ്‍മുഖം രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടെടുപ്പ് ജൂണ്‍ 18-ന് നടക്കുമെന്ന് റിട്ടേണിങ് ഓഫീസർ പി.തേൻമൊഴി ചൊവ്വാഴ്ച അറിയിച്ചിരുന്നു.
മുൻ സംസ്ഥാന മന്ത്രി കൂടിയായ സി.വി ഷണ്‍മുഖം ഏപ്രില്‍ 23-ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൈലം മണ്ഡലത്തില്‍ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മേയ് ഏഴിനാണ് അദ്ദേഹം രാജ്യസഭാംഗത്വം രാജിവെച്ചത്.
ജൂണ്‍ എട്ട് ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജൂണ്‍ ഒമ്പതിന് രാവിലെ 11ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും.
പത്രിക പിൻവലിക്കാനുള്ള അവസാന സമയമായ ജൂണ്‍ 11 വൈകിട്ട് മൂന്നിന് ശേഷവും ഒന്നിലധികം സ്ഥാനാർഥികള്‍ മത്സരരംഗത്തുണ്ടെങ്കില്‍, ജൂണ്‍ 18-ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ സെക്രട്ടേറിയറ്റില്‍ വോട്ടെടുപ്പ് നടക്കും.
