
തിരുവനന്തപുരം:കെസിഎല്ലില്‍ കരുത്തരായ ആലപ്പി റിപ്പിള്‍സിനെതിരെ 69 റണ്‍സിന്റെ കൂറ്റൻ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്.
കൗമാരതാരം ജോബിൻ ജോബിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ കൊച്ചി പടുത്തുയർത്തിയ 243 റണ്‍സെന്ന ലക്ഷ്യം പിന്തുടർന്ന ആലപ്പിക്ക് 173 റണ്‍സ് മാത്രമാണ് നേടാനായത്.
ജോബിൻ ജോബിയാണ് പ്ലെയർ ഓഫ് ദി മാച്ച്. തോറ്റെങ്കിലും ആലപ്പി സെമിയിലേക്ക് മുന്നേറി. പോയിൻ്റ് പട്ടികയില്‍ മുന്നിലുള്ള തൃശൂരും ട്രിവാൻഡ്രം റോയല്‍സും അവസാന നാലില്‍ ഇടം പിടിച്ചു.
കൊച്ചി ബ്ലൂ ടൈഗേഴ്സ് - 20 ഓവറില്‍ 242/4, ആലപ്പി റിപ്പിള്‍സ് 18.4 ഓവറില്‍ 173
സെമി സാധ്യതകള്‍ അവസാനിച്ച ടൈഗേഴ്സ് പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടുമായാണ് റിപ്പിള്‍സിനെതിരെ കളിക്കാനിറങ്ങിയത്. ജോബിൻ ജോബിയും വിപുല്‍ ശക്തിയും ചേർന്നുള്ള പുത്തൻ കൂട്ടുകെട്ട് കൊച്ചിക്ക് തകർപ്പൻ തുടക്കം നല്‍കുകയും ചെയ്തു.
ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേർന്ന് ആറാം ഓവറില്‍ തന്നെ കൊച്ചിയുടെ സ്കോർ അമ്പത് കടത്തി. ഇടയ്ക്ക് ഇരുവരുടെയും ക്യാച്ചുകള്‍ കൈവിട്ടത് റിപ്പിള്‍സിന് തിരിച്ചടിയായി.
സ്കോർ എഴുപതില്‍ നില്‍ക്കെ 39 റണ്‍സെടുത്ത വിപുല്‍ ശക്തി റണ്ണൗട്ടായി. എന്നാല്‍ ജോബിനൊപ്പം മനുകൃഷ്ണൻ ചേർന്നതോടെ കൊച്ചിയുടെ സ്കോറിങ് കൂടുതല്‍ വേഗത്തിലായി. 12-ാം ഓവറില്‍ കൊച്ചിയുടെ സ്കോർ 100 കടന്നു.
ശ്രീരൂപ് എറിഞ്ഞ 13-ാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും നേടിയാണ് ജോബിൻ തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. തൊട്ടടുത്ത ഓവറില്‍ 31 റണ്‍സെടുത്ത മനുകൃഷ്ണൻ പുറത്തായി.
പകരമെത്തിയ മുഹമ്മദ് ആഷിഖും ജോബിനും ചേർന്ന് 19 പന്തുകളില്‍ നിന്ന് 53 റണ്‍സാണ് കൂട്ടിച്ചേർത്തത്. പത്ത് പന്തില്‍ നിന്ന് 31 റണ്‍സ് നേടി ആഷിഖ് മടങ്ങി. തുടർന്നെത്തിയ സച്ചിൻ സുരേഷും (16) കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞു.
റിപ്പിള്‍സ് ക്യാപ്റ്റൻ സച്ചിൻ ബേബി ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ടൈഗേഴ്സിന്റെ സ്കോർ ബോർഡ് കുതിച്ചുപാഞ്ഞു.
ഒടുവില്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ ജോബിൻ ജോബി സെഞ്ച്വറി പൂർത്തിയാക്കി. 32 പന്തുകളില്‍ നിന്ന് അർദ്ധസെഞ്ച്വറി നേടിയ ജോബിന് സെഞ്ച്വറിയിലേക്ക് വേണ്ടി വന്നത് 16 പന്തുകള്‍ കൂടി മാത്രമാണ്.
പത്ത് ഫോറും എട്ട് സിക്സുമടക്കം 109 റണ്‍സുമായി ജോബിൻ പുറത്താകാതെ നിന്നു. ഇതോടെ കെസിഎല്ലില്‍ ഒരിന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന നേട്ടവും ഈ പത്തൊൻപതുകാരനെ തേടിയെത്തി. ആലപ്പിക്ക് വേണ്ടി സിബിൻ ഗിരീഷ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിള്‍സ്, തകർത്തടിച്ച അസറുദ്ദീന്റെ മികവില്‍ നാലാം ഓവറില്‍ തന്നെ അമ്പതിലെത്തി. എന്നാല്‍ അസറുദ്ദീൻ മടങ്ങിയതോടെ റിപ്പിള്‍സിന്റെ തകർച്ചയ്ക്ക് തുടക്കമായി.
14 പന്തുകളില്‍ ഒരു ഫോറും നാല് സിക്സുമടക്കം 32 റണ്‍സ് നേടിയാണ് അസർ മടങ്ങിയത്. തുടർന്നെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബിയും ആകാശ് പിള്ളയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. സച്ചിൻ ഏഴും ആകാശ് 10 റണ്‍സും നേടി.
തുടർന്നെത്തിയ കെ.എ. അരുണിന്റെ ചെറുത്തുനില്‍പ്പാണ് റിപ്പിള്‍സിന്റെ സ്കോർ 173-ല്‍ എത്തിച്ചത്. 32 പന്തുകളില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്സുമടക്കം അരുണ്‍ 59 റണ്‍സ് നേടി.
22 റണ്‍സെടുത്ത അക്ഷയ് ടി.കെ.യും 26 റണ്‍സെടുത്ത ശ്രീരൂപുമാണ് റിപ്പിള്‍സ് ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കൊച്ചിക്ക് വേണ്ടി മുഹമ്മദ് ആഷിഖ് മൂന്നും മനുകൃഷ്ണനും ഏദൻ ആപ്പിള്‍ ടോമും രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.
