
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളിലെ പ്രതികളായ ഉദ്യോഗസ്ഥരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കുന്നതില്‍ നിന്ന് സർക്കാർ വിട്ടുനില്‍ക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തുകയും കേസില്‍നിന്നു രക്ഷപ്പെടാൻ കപടനാട്യങ്ങള്‍ നടത്തുകയും വ്യാജങ്ങള്‍ ചമക്കുകയും ചെയ്ത ശ്രീറാം വെങ്കിട്ടരാമനുമൊത്ത് മന്ത്രി ടി. സീദ്ദീഖ് വാർത്താസമ്മേളനത്തിന് എത്താൻ പാടില്ലായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക് അഭിവാദ്യങ്ങള്‍.
മാധ്യമ സമൂഹത്തിന്‍റെയാകെ ആത്മാഭിമാനം ഉണർത്തുന്നതായി ഈ പ്രതിഷേധം. കളങ്കിതരെ കെട്ടിയെഴുന്നള്ളിക്കുന്ന ഇത്തരം സന്ദർഭങ്ങള്‍ ഒഴിവാക്കാൻ മന്ത്രിമാർ അടക്കമുള്ള ഭരണനേതൃത്വം ജാഗ്രത കാണിക്കണമെന്നും യൂണിയൻ പ്രസിഡന്‍റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
