
ചോറ്റാനിക്കര: കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നല്‍കി, ഓട്ടോ ഡ്രൈവർ മാതൃകയായി. ചോറ്റാനിക്കര സ്കൂളിന് സമീപമുള്ള ഓട്ടോ സ്റ്റാൻഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന മധു കുമാർ എം കെ മഠത്തില്‍ പറമ്പില്‍ എന്നയാള്‍ക്കാണ് തലയോലപ്പറമ്പിലുള്ള വർക്ക്ഷോപ്പില്‍ വച്ച് സ്വർണ്ണമാല കളഞ്ഞു കിട്ടിയത്.
വർക്ക്ഷോപ്പിലെ ആളുകളോട് പറഞ്ഞെങ്കിലും സ്വർണമായിരിക്കില്ല എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചു തള്ളി. എങ്കിലും ആരെങ്കിലും അന്വേഷിച്ചു വന്നാല്‍ അറിയിക്കണമെന്ന് പറഞ്ഞു ഫോണ്‍ നമ്പർ കൊടുത്ത ശേഷം പോരുകയായിരുന്നു .
കരിപ്പാടത്തുള്ള ഓട്ടോ ഡ്രൈവർ ആയ സന്തോഷ് കുമാർ എന്നയാളുടെ മാലയാണ് നഷ്ടപ്പെട്ടത് എന്നും സന്തോഷ് കുമാർ വർക്ക് ഷോപ്പില്‍ ചെന്നിരുന്നതായും വർഷോപ്പിലെ ആള് അറിയിച്ചതിനെ തുടർന്നാണ് ഉടമസ്ഥനെ കണ്ടെത്തിയത്.
ഉടമസ്ഥൻ ചോറ്റാനിക്കരയില്‍ എത്തി മധുവിനെ കാണുകയും ചോറ്റാനിക്കര പോലീസ് സ്റ്റേഷനില്‍ വച്ച് മാല കൈമാറുകയും ആയിരുന്നു.
