
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു.
റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, ട്യൂഷൻ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതും, വരുംദിവസങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലുമാണ് മുൻകരുതല്‍ നടപടിയായി അവധി പ്രഖ്യാപിച്ചത്.
അതേസമയം, നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സർവകലാശാല പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് കലക്ടർ അറിയിച്ചു.
