Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കാറെടുക്കാന്‍ കടമെടുക്കുന്ന അയര്‍ലണ്ടുകാര്‍.

Sathyam Online 3 weeks ago

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കാറുകള്‍ വാങ്ങാന്‍ കടമെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍.ഹയര്‍ പര്‍ച്ചേയ്സ് കരാറുകളുടെയും പേഴ്സണല്‍ കോണ്‍ട്രാക്‌ട് പ്ലാനു(പി സി പി)കളുടെയും വിശദാംശങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിശ്ശികയുള്ള വായ്പകളുടെ തുക വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

സെന്‍ട്രല്‍ ബാങ്ക് ഡാറ്റ ശേഖരിക്കാന്‍ തുടങ്ങിയ 2024 ജനുവരി മുതല്‍ 2025 ജൂണ്‍ വരെ പി സി പികളില്‍ ഉപഭോക്താക്കള്‍ കടമെടുത്ത തുക 20% വര്‍ദ്ധിച്ച്‌ 2.17 ബില്യണ്‍ യൂറോയിലെത്തി.കാറുകള്‍ വാങ്ങുന്നതിനെടുത്ത ഹയര്‍ പര്‍ച്ചേയ്സ് വായ്പ്പാ കുടിശ്ശികയുടെ മൂല്യം 8% വര്‍ദ്ധിച്ച്‌ 3.2 ബില്യണ്‍ യൂറോയുമായി.

20 വര്‍ഷമായി അയര്‍ലണ്ടില്‍ പി സി പികള്‍ ലഭ്യമാണ്.ഫോക്സ്വാഗണാണ് ആദ്യമായി പി സി പി വാഗ്ദാനം ചെയ്തത്.ഹയര്‍ പര്‍ച്ചേയ്സിനേക്കാള്‍ കുറഞ്ഞ പ്രതിമാസ തിരിച്ചടവുകളാണ് പി സി പി വാഗ്ദാനം ചെയ്യുന്നത് എന്നതാണ് പ്രത്യേകത.മുന്‍കൂര്‍ നിക്ഷേപമോ ട്രേഡ്-ഇന്‍ തുകയോ ആവശ്യമാണ്. കാര്‍ സൂക്ഷിക്കാനും സ്വന്തമാക്കാനും താല്‍പ്പര്യമുണ്ടെങ്കില്‍, ഫൈനല്‍ 'ബലൂണ്‍ പേയ്‌മെന്റും ആവശ്യമാണ്.

തുടരുന്ന പി സി പികള്‍

പലരും കാര്‍ തിരികെ നല്‍കി പേയ്‌മെന്റ് നടത്തുന്നതിന് പകരം മറ്റൊരു പി സി പി ആരംഭിക്കുകയാണ് ചെയ്യുന്നതെന്ന് ഡണ്‍ഡീല്‍ കാര്‍സിന്റെ ഓട്ടോമോട്ടീവ് കണ്ടന്റ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മേധാവി പാഡി കോമിന്‍ വിശദീകരിച്ചു.ഇത്തരത്തില്‍ മൂന്നും നാലും പി സി പികളെടുക്കുകയും കാറുകള്‍ മാറുകയും ചെയ്യുന്നവരുണ്ട്. ഹയര്‍ പര്‍ച്ചേയ്സില്‍ ഓരോ മാസവും ഒരു തുക നല്‍കണം. അന്തിമ പേയ്‌മെന്റ് നടത്തുമ്പോള്‍ മാത്രമേ നിയമപരമായി അതിന്റെ ഉടമയാകൂ .

കടം വാങ്ങാന്‍ കാരണങ്ങളേറ

ഡ്രൈവര്‍മാര്‍ കടം വാങ്ങുന്നതിന് കാറുകളുടെ വിലയേറുന്നതതടക്കം വിവിധ കാരണങ്ങളുണ്ട്. 20 വര്‍ഷം മുമ്പ് അയര്‍ലണ്ടില്‍ പി സി പി ആദ്യമായി വിപണിയില്‍ എത്തിയപ്പോള്‍, ഒരു ഫോക്‌സ്വാഗണ്‍ ഗോള്‍ഫിന് 20,000 യൂറോ വിലയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതേ മോഡലിന് വില 40,000 യൂറോയാണ്.ഹൈബ്രിഡുകള്‍, ഇലക്‌ട്രിക്കുകള്‍ എന്നിവക്കെല്ലാം വില കൂടി.

വിപണിയെ മാറ്റി മറിച്ച പി സി പി

പി സി പികള്‍ അയര്‍ലണ്ടിലെ പുതിയ കാറുകളുടെ വിപണിയെ മാറ്റിമറിച്ചു. പുതിയ കാറുകള്‍ മാറി ഉപയോഗിക്കാന്‍ ഇത് ഡ്രൈവര്‍മാരെ അനുവദിക്കുന്നത് ഇവയെ പ്രിയപ്പെട്ടതാക്കി.2015ല്‍ പുതിയ കാര്‍ വില്‍പ്പന 30% വര്‍ദ്ധിച്ച്‌ 1,20,000 യൂണിറ്റിലധികം എത്തിയിരുന്നു. ഇന്നും ആ നില മാറ്റമില്ലാതെ തുടരുകയാണെന്നാണ് കണക്കുകള്‍.

തിരിച്ചടവില്‍ കുറവ്; പലിശയും

ഹയര്‍ പര്‍ച്ചേയ്സിനേക്കാള്‍ വളരെ കുറഞ്ഞ പ്രതിമാസ തിരിച്ചടവുകളേ പി സി പിയ്ക്കുണ്ടാകൂ. ഇത് പുതിയ കാര്‍ വാങ്ങാന്‍ പി സി പികളെ ആശ്രയിക്കുന്നത് വളരെ ജനപ്രിയമാക്കുന്നു.ഹൈ സ്ട്രീറ്റ് ബാങ്കുകളോ ക്രെഡിറ്റ് യൂണിയനുകളോ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ പലിശ നിരക്ക് കുറവാണ്, ചിലപ്പോള്‍ 0% വരെയാണ്.

പി സി പിയില്‍ ഇലക്‌ട്രിക് കാര്‍ വാങ്ങുകയും അതിന്റെ മൂല്യം കുത്തനെ കുറയുകയും ചെയ്താല്‍, കാര്‍ തിരികെ നല്‍കാം.അതിനാല്‍ അപകടസാധ്യത ഉപഭോക്താവിനല്ല, കടം കൊടുക്കുന്നയാളിലാണെന്ന സൗകര്യമുണ്ട്.

ഹയര്‍-പര്‍ച്ചേയ്സിന് സാധാരണയായി നാല് വര്‍ഷത്തേക്ക് പ്രതിമാസം 359 യൂറോ ചെലവാകും. 8,600 നിക്ഷേപത്തിന് പുറമേയാണിത്. മൂന്ന് വര്‍ഷത്തേക്ക് പ്രതിമാസം 239 യൂറോയും 7,700 നിക്ഷേപവും വേണം. കാലാവധിയുടെ അവസാനം 12,000 ബലൂണ്‍ പേയ്‌മെന്റുമുണ്ടാകും.പി സി പി പ്രകാരം വാങ്ങുന്ന 30,000യൂറോ വിലയ്ക്ക് വാങ്ങിയ കാറിന്റെ വില കമ്പനി 10,000 യൂറോ കുറച്ചാല്‍ കരാറനുസരിച്ച്‌ കാര്‍ വാങ്ങാന്‍ 14,500 യൂറോ നല്‍കേണ്ടിവരും.എന്നാല്‍ 6,000-7,000യൂറോയ്ക്ക് അതേ കാര്‍ സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങാന്‍ സൗകര്യമുണ്ട്.

പി സി പിയെക്കുറിച്ച്‌ സി സി പി സി

ഏറ്റവും കുറഞ്ഞ ഫ്ളക്സിബിള്‍ ക്രെഡിറ്റ് രൂപങ്ങളാണ് പി സി പികളെന്ന് മത്സര, ഉപഭോക്തൃ സംരക്ഷണ കമ്മീഷന്‍ (സി സി പിസി) വ്യക്തമാക്കുന്നു.എന്നിരുന്നാലും റീസണബിളായ കണ്ടീഷനുകളും മൈലേജ് പരിധികളെയും കുറിച്ചുള്ള നിയമങ്ങള്‍ ഈ കരാറിന് ബാധകമാകും.വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ അന്തിമ പേയ്‌മെന്റിനെയും ബാധിക്കും- സി സി പി സി പറയുന്നു.

ബലൂണ്‍ പേമെന്റെന്ന അപകടം

പി സി പികളിലെ ഏറ്റവും വലിയ അപകടസാധ്യത കരാറിന്റെ അവസാനത്തിലെ അവസാന ബലൂണ്‍ പേയ്‌മെന്റാണ്. ഇതൊഴിവാക്കാന്‍ ആ സമയത്ത് ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍ ട്രേഡ് ചെയ്യാം. ഇതിലൂടെ ബലൂണ്‍ പേയ്‌മെന്റും പുതിയ പി സി പി കരാറിനുള്ള നിക്ഷേപവും ലഭിക്കും.

അപകടം കേടുപാടുകള്‍ എന്നിവ മൂലം കാറിന്റെ മൂല്യത്തിലുണ്ടാകുന്ന ഇടിവാണ് ഇതിന് പിന്നിലെ മറ്റൊരു റിസ്‌ക്. പി സി പി ക്രമീകരണത്തില്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍, സ്വമേധയാ കാര്‍ സറണ്ടര്‍ ചെയ്യാനുള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്യാമെന്ന് സി സി പി സി പറയുന്നു, എന്നാല്‍ മറ്റ് ഓപ്ഷനുകള്‍ പരിഗണിക്കാതെ അത് സമ്മതിക്കരുത്- കമ്മീഷന്‍ ഓര്‍മ്മിപ്പിക്കുന്നു.

ഹാഫ് റൂള്‍

ആക്ടീവ് പി സി പികളുടെ കാലഹരണപ്പെട്ട വായ്പകളുടെ അനുപാതം വെറും 0.06% ല്‍ കുറവാണ്, എന്നാല്‍ ഹയര്‍ പര്‍ച്ചേയ്സില്‍ ഇത് 0.8% ല്‍ കൂടുതലാണ്. കാലങ്ങളായി ഈ കണക്കുകള്‍ സ്ഥിരമായി തുടരുകയാണെന്ന് സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ പറയുന്നു.കാര്‍ ഫിനാന്‍സ് തിരിച്ചടയ്ക്കാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ 'ഹാഫ് റൂള്‍' എന്നറിയപ്പെടുന്ന നിയമപരമായ വ്യവസ്ഥ ഉപയോഗിക്കണമെന്ന് സി സി പി സി ഉപദേശിക്കുന്നു.

ഇതനുസരിച്ച്‌ കാറിന്റെ പകുതി വില അടച്ചുകഴിഞ്ഞാല്‍, പി സി പിയോ ഹയര്‍പര്‍ച്ചേയ്സോ ഉപയോഗിച്ച്‌ വാങ്ങിയ കാര്‍ തിരികെ നല്‍കാന്‍ അവകാശമുണ്ട്.ബാക്കി തുക നല്‍കേണ്ടതില്ല.

ഹാഫ് റൂള്‍ പ്രകാരം കാര്‍ തിരികെ നല്‍കുകയാണെങ്കില്‍, വോളണ്ടറി സറണ്ടര്‍ ഫോമില്‍ ഒപ്പിടരുത്. ഇത് വളരെ ചെലവേറിയതാണ്.മാത്രമല്ല ഹാഫ് റൂള്‍ ഉപയോഗിച്ച്‌ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പണവും ചെലവാകും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു'

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online