Tuesday, 07 Jul, 10.36 pm Sathyam Online

പ്രവാസി ന്യൂസ്
കര്‍മ്മനിരതമായ കാല്‍നൂറ്റാണ്ട്,അബ്ദുല്‍ ഖയ്യൂം ബുസ്താനി വിരമിക്കുന്നു

റിയാദ്: 25 വര്‍ഷം നീണ്ട അദ്ധ്യാപന സേവനത്തിന് വിട പറഞ്ഞു കൊണ്ട് അബ്ദുല്‍ ഖയ്യൂം സാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍
പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ സയ്യിദ് മുഹമ്മദ്ഷൗകത്ത് പര്‍വ്വേസ് ഉപഹാരം നല്‍കി.

അബ്ദുല്‍ ഖയ്യൂം ബുസ്താനിക്ക് ഡോക്ടര്‍ സയ്യിദ് മുഹമ്മദ് ഷൗക്കത്ത് ഉപഹാരം നല്‍കുന്നു.

അപൂര്‍വ പ്രതിഭയും കലാകാരനുമായ ഖയ്യും സാറിന്‍െ സേവനങ്ങള്‍ അത്യന്തം പ്രശംസനീയവും മാതൃകാപരവുണെന്ന് യാത്രയയപ്പ് യോഗത്തില്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. വൈസ്പ്രിന്‍സിപ്പാള്‍ മീരാ റഹ്മാന്‍ പ്രശംസാപത്രം സമര്‍പ്പിച്ചു.അദ്ധ്യാപക യോഗത്തിന് ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസ് നേതൃത്വം നല്‍കി.

അദ്ധ്യാപക-രക്ഷാ കര്‍തൃ വേദിയിലെ സുപ്രധാന കണ്ണിയായിരുന്ന ഖയ്യൂം സാര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ വാക്താവും വിദ്യാത്ഥകള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍കരണം നല്‍കിയിരുന്ന ഒരു മാതൃക പ്രവാസിയുമാണ്.അദ്ദേഹത്തിന്റെ മഹനീയ മാതൃകകള്‍ പിന്തുടരാന്‍ പ്രതിജ്ജാബദ്ധമാണ് അധ്യാപക സമൂഹമെന്ന് ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് അദ്ധ്യാപകര്‍ വ്യക്തമാക്കി.

1995 ല്‍ ഫൈന്‍ ആര്‍ട്സ് അധ്യാപകനായി റിയാദ് എംബസി സ്കൂളില്‍ ചേര്‍ന്ന അദ്ദേഹം കാല്‍നൂറ്റാണ്ട് നീണ്ട സേവനത്തില്‍ അധ്യാപകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും പ്രചോദനവും, മാതൃകയാവുകയും, അതോടൊപ്പം പ്രവര്‍ത്തന മികവിന് നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

2017 ല്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡിന് അബ്ദുല്‍ ഖയ്യൂം സാര്‍ അര്‍ഹനായി. തുടര്‍ച്ചയായ ഇരുപത് വര്‍ഷം 100 ശതമാനം വിജയികളെ റിയാദ് എംബസി സ്കൂളിന് സമ്മാനിച്ചതിനുള്ള മികവിനാണ് ഈ രാഷ്ട്ര ബഹുമതി അദ്ദേഹത്തെ തേടി വന്നത്.
അപേക്ഷയോ ഉന്നതശുപാര്‍ശയോ കൂടാതെ CBSE നേരിട്ടാണ് അപൂര്‍വ്വമായ ഈ നോമിനേഷന്‍ നല്‍കിയതും, സ്കൂളിനെ അറിയിച്ചതും എന്നുള്ളത് ഈ അവാര്‍ഡിന്റെ മികവും, മാറ്റും കൂട്ടുന്നു.

മികച്ച പ്രതിഭയും, വാഗ്മിയും, തൃശൂര്‍ സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ട്സിന്റെ റാങ്ക് ജേതാവുമായ ഇദ്ദേഹം നിരവധി ചിത്രകലാ പ്രദര്‍ശനങ്ങള്‍ ഇന്ത്യയിലും പുറത്തും നടത്തിയിട്ടുണ്ട്.2008 ല്‍ റിയാദില്‍ ഇന്ത്യന്‍ എംബസി നേരില്‍ നടത്തിയ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായിരുന്നു. ഇന്തോ-സൗദി സൗഹൃദത്തിന്റെ നാമധേയത്തില്‍ ഇന്ത്യന്‍ എംബസിയിലും, ഇന്റര്‍കോണ്ടിനന്റിലും നടത്തിയ ഖയ്യൂം സാറിന്റെ എക്സിബിഷന്‍ റിയാദില്‍ നിരവധി കേന്ദ്രങ്ങളില്‍ പുനര്‍ പ്രദര്‍ശനങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

മികച്ച എഴുത്തുകാരന്‍ കൂടിയായ ഇദ്ദേഹം രചിച്ച നിരവധി പുസ്തകങ്ങളും, ലഘുലേഖകളും, പരിഭാഷാ പ്രസിദ്ധീകങ്ങളും, സഊദി ഇസ്ലാമിക മന്ത്രാലയം പ്രവാസികള്‍ക്ക് വേണ്ടി പ്രസിദ്ധീ കരിച്ചിട്ടുണ്ട്. മത, സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെയും നിറസാന്നിധ്യ മായിരുന്നു അബ്ദുല്‍ ഖയ്യൂം സാര്‍. 1995 മുതല്‍ 2006 വരെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി, കോള്‍ ആന്റ്‌ ഗൈഡന്‍സ് ഓഫീസുകളിലെ പ്രബോധകന്‍, റിയാദ് കെ എം സി സി സേവകന്‍, എന്നീ നിലകളിലും സേവനങ്ങള്‍ ചെയ്തിരുന്നു.

പ്രവാസികള്‍ക്കും, സാധാരണക്കാര്‍ക്കും, കുടുംബങ്ങള്‍ക്കും ഖുര്‍ആന്‍ പഠിക്കുന്നതിന് റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ 2000 ല്‍ അദ്ദേഹം നടപ്പിലാക്കിയ ലേണ്‍ ദി ഖുര്‍ആന്‍ പാഠ്യപദ്ധതി ഇന്ന് ലോകമാകെ വ്യാപിച്ചു കിടക്കുന്നു. ലേണ്‍ ദി ഖുര്‍ആന്‍ ഡയറക്ടറായി സേവനം തുടരുകയുമാണ്.

എംബസി സ്കൂളിലെ അധ്യാപക കൂടിയായ സഹധര്‍മ്മിണി ത്വാഹിറ ടീച്ചറോടൊപ്പം കുടുംബസമേതം റിയാദിലെ റൗദയിലാണ് താമസം. മക്കള്‍ : അമീന്‍ അബ്ദൂല്‍ ഖയ്യും (സാലിഹിയ്യ കമ്ബനി,റിയാദ്).അമീര്‍ അബ്ദുല്‍ ഖയ്യൂം (അല്‍ ഹൊഖൈര്‍ ഗ്രൂപ്പ്,റിയാദ്) പെണ്‍മക്കള്‍: മര്‍യം അബ്ദുല്‍. ഖയ്യൂം(PNU റിയാദ്) മൂമിന അബ്ദുല്‍ ഖയ്യും(IISR) വിദ്യാര്‍ത്ഥിനികള്‍.

കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഗേള്‍സ് സ്കൂള്‍, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, മാനവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള നവോദയ സ്കൂള്‍ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top