
ബംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണമായ (എസ്.ഐ.ആർ) നടപടിക്കെതിരെ ബംഗളൂരുവില്‍ നടക്കുന്ന 'ഇലക്ഷൻ കമ്മിഷൻ ചലോ' പ്രതിഷേധത്തിന് പിന്തുണയുമായി നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്.
ഫ്രീഡം പാർക്കില്‍ സിവില്‍ സൊസൈറ്റി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഓരോ പൗരന്റെയും അന്തസ്സുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എസ്.ഐ.ആർ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതി ജനാധിപത്യപരമല്ലെന്ന് അദ്ദേഹം വിമർശിച്ചു. ഭരണകക്ഷിക്ക് രണ്ട് അംഗങ്ങളും പ്രതിപക്ഷത്തിന് ഒരംഗവും മാത്രമുള്ള സംവിധാനത്തില്‍ ജനാധിപത്യപരമായ തുല്യത എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്നിയമപരമായ പരിരക്ഷ നല്‍കുന്ന നടപടിയെ ചോദ്യം ചെയ്ത പ്രകാശ് രാജ് ഒരു ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം പരിരക്ഷ സാധാരണയായി സുപ്രീം കോടതി ജഡ്ജിമാർക്കാണ് നല്‍കുന്നതെന്നും ഒരു മുഴുവൻ സ്ഥാപനത്തിനും സമാനമായ പരിരക്ഷ നല്‍കുന്നത് ഉദ്യോഗസ്ഥരെ ഉത്തരവാദിത്തത്തില്‍ നിന്ന് അകറ്റുമെന്നും അഭിപ്രായപ്പെട്ടു.
വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സാധാരണ പൗരന്മാർക്ക് നിരന്തരം കോടതികളെ സമീപിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കർണാടകയില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും രണ്ട് വർഷം ശേഷിക്കെ ഒരു മാസത്തിനുള്ളില്‍ നടപടികള്‍ പൂർത്തിയാക്കേണ്ടതിന്റെ അടിയന്തര സാഹചര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
'ആബ്സന്റ്', 'പെർമനന്റ്ലി ഷിഫ്റ്റഡ്' എന്നിങ്ങനെ രേഖപ്പെടുത്തിയ വോട്ടർമാരുടെ പേരുകള്‍ നേരിട്ട് ഒഴിവാക്കുന്നതിനുപകരം, അവരുടെ യോഗ്യത തെളിയിക്കാൻ അവസരം നല്‍കണമെന്നാണ് ആവശ്യം. ഇതിനായി വീണ്ടും രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ,എസ്.ഐ.ആർ2026 നടപടികള്‍ പൂർത്തിയാക്കിയതിന് പിന്നാലെ കർണാടക ചീഫ് ഇലക്ടറല്‍ ഓഫീസർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജൂണ്‍ 30 മുതല്‍ ആഗസ്റ്റ് 17 വരെ സംസ്ഥാനത്തുടനീളം ബൂത്ത് ലെവല്‍ ഓഫീസർമാർ വീടുകളിലെത്തി നടത്തിയ പരിശോധനക്ക് ശേഷമാണ് കരട് പട്ടിക പുറത്തുവന്നത്.
കരട് പട്ടികയില്‍ 4,46,35,975 വോട്ടർമാരാണുള്ളത്. ഇതില്‍ 2,24,73,864 സ്ത്രീകളും 2,21,59,240 പുരുഷന്മാരും 2,871 മൂന്നാം ലിംഗക്കാരായ വോട്ടർമാരുമുണ്ട്. 44,176 സർവീസ് വോട്ടർമാരും 18-19 പ്രായപരിധിയിലുള്ള 3,70,341 യുവ വോട്ടർമാരും പട്ടികയിലുണ്ട്.
പരിശോധനക്കിടെ 1,07,96,339 പേരുകള്‍ 'ഹാജരാകാത്തവർ, താമസം മാറിയവർ, മരിച്ചവർ, ഇരട്ട എൻട്രികള്‍, മറ്റ് വിഭാഗങ്ങള്‍' എന്ന എ.എസ്.ഡി.ഡി.ഒ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി ചീഫ് ഇലക്ടറല്‍ ഓഫീസർ അറിയിച്ചു. ഇത് ആകെ എൻട്രികളുടെ 19.48 ശതമാനമാണ്.
സജീവ വോട്ടർ പട്ടികയില്‍ ഉള്‍പ്പെട്ട 20.35 ലക്ഷം പേരെ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. 23.45 ലക്ഷം പേരെ 'നോ മാപ്പിങ്' വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് വിഭാഗങ്ങളിലായി 43.8 ലക്ഷത്തിലേറെ വോട്ടർമാർക്ക് നോട്ടീസ് നല്‍കുകയും അവരുടെ യോഗ്യത സ്ഥിരീകരിക്കുന്നതിനായി മറുപടി സമർപ്പിക്കാൻ അവസരം നല്‍കുകയും ചെയ്യും.
2026 ഒക്ടോബർ ഒന്നാണ് പരിഷ്കരണത്തിന്റെ യോഗ്യതാ തീയതി. അവകാശവാദങ്ങളും പരാതികളും സമർപ്പിക്കാനുള്ള കാലാവധി ആഗസ്റ്റ് 24 മുതല്‍ സെപ്റ്റംബർ 23 വരെയാണ്. അന്തിമവോട്ടർപട്ടികഒക്ടോബർ 27ന് പ്രസിദ്ധീകരിക്കും.
