ബെംഗളൂരു : പുതിയ കോവിഡ് -19 അണുബാധ നിയന്ത്രണവിധേയമായതോടെ, വിദ്യാലയങ്ങള്‍ക്കും സിനിമാശാലകള്‍ക്കും പബ്ബുകള്‍ക്കും ശാപമോക്ഷം.
കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ
ഒക്ടോബര്‍ 1 മുതല്‍ 6 മുതല്‍12 വരെയുള്ള ക്ലാസുകളിലെയും കോളജുകളിലേയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയങ്ങളില്‍ ഹാജരാകാം. ഇവ 100% തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
പബ്ബുകള്‍ ഒക്ടോബര്‍ 3 മുതല്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കും. ശനിയാഴ്ച മുതല്‍ ഒരു മണിക്കൂര്‍ ഇളവോടെ കര്‍ഫ്യൂ രാത്രി 10 മുതല്‍ രാവിലെ 5 വരെയാക്കി മാറ്റി. നേരത്തെ ഇത് രാത്രി 9 മുതലായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു ഇതു വരെ വിദ്യാര്‍ത്ഥികള്‍ ഹാജരായിരുന്നത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയില്‍ ആരോഗ്യ വിദഗ്ധരും ഉദ്യോഗസ്ഥരും നടത്തിയ യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കുറഞ്ഞത് ഒരു ഡോസ് കോവിഡ് 19 വാക്‌സിന്‍ എടുത്തവര്‍ക്കു സിനിമാ ഹാളുകളില്‍ പ്രവേശനം അനുവദിക്കുമെന്ന് ബൊമ്മെ പറഞ്ഞു. എന്നാല്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും സിനിമാ തീയറ്ററില്‍ പ്രവേശനം ഉണ്ടായിരിക്കുകയില്ല.
ഒരു ജില്ലയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1% കവിഞ്ഞാല്‍ ആ പ്രദേശത്തെ സിനിമാ ഹാളുകളും പബ്ബുകളും പകുതി ആള്‍ക്കാരെ പ്രവേശിപ്പിക്കാന്‍ അനുവദിക്കും. പോസിറ്റിവിറ്റി നിരക്ക് 2% കഴിഞ്ഞാല്‍ ഇപ്പറഞ്ഞ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യും. അതേ സമയം സംസ്ഥാന
അതിര്‍ത്തികളിലെ ജാഗ്രത വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മൈസൂരു ദസറ ആഘോഷങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന ശരാശരിയേക്കാള്‍ രോഗ നിരക്ക് അല്പം കൂടുതലുള്ള റായ്ച്ചൂര്‍, യാദഗിര്‍, കലബുറഗി, മൈസൂരു ജില്ലകളില്‍ പ്രതിരോധ കുത്തിവയ്പ്പ് ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ അനുവദിക്കാനുള്ള അഭ്യര്‍ത്ഥനകള്‍ ഉയര്‍ന്നതിനാല്‍ പ്രാദേശിക കോവിഡ് സാഹചര്യം വിലയിരുത്തി ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

