
ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ കോണ്‍ഗ്രസ് നേതൃത്വവും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു.
സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെയാണ് ഡി.കെ. മുഖ്യമന്ത്രിപദത്തിലെത്തിയത്.
കർണാടകയുടെ 25ാം മുഖ്യമന്ത്രിയാണ് ഡി.കെ. ശിവകുമാർ. ഡി.കെക്കൊപ്പം 13 എം.എല്‍.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിർദേശത്തെ തുടർന്ന് സിദ്ധരാമയ്യ രാജിവെച്ചതിന് പിന്നാലെയാണ് ഡി.കെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.മുതിർന്ന കോണ്‍ഗ്രസ് നേതാവും അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാർ അഥവാ ഡി.കെ.എസ് എന്നറിയപ്പെടുന്ന ഡി.കെ. ശിവകുമാർ എട്ട് തവണ നിയമസഭാംഗവും നാല് തവണ സംസ്ഥാന കാബിനറ്റ് മന്ത്രിയുമായിരുന്നു. 1962 മേയ് 15ന് കർണാടകയിലെ രാമനഗര ജില്ലയിലെ കനകപുരയിലുള്ള വൊക്കലിംഗ കുടുംബത്തില്‍ കെമ്പഗൗഡയുടെയും ഗൗരമ്മയുടെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബംഗളൂരുവിലെ ശ്രീ ജഗദ് ഗുരു രങ്കാചാര്യ കോളജില്‍നിന്ന് ബിരുദവും കർണാടക ഓപണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമക്കി.
കാമ്പസ് കാലഘട്ടത്തിലാണ് ശിവകുമാർ രാഷ്ട്രീയക്കളരിയിലേക്ക് പ്രവേശിച്ചത്. പാർട്ടിയിലെ വലിയ ആഭ്യന്തര തർക്കങ്ങള്‍ പരിഹരിക്കാനും, വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കാനും കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറ്റത്തില്‍നിന്ന് സംരക്ഷിക്കാനും പാർട്ടി ഹൈകമാൻഡ് സധൈര്യം ഡി.കെയെ ഏല്‍പിച്ചു.
2018ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 104 സീറ്റുകള്‍ നേടി ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായ സാഹചര്യത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ രൂപവത്കരിക്കാനുള്ള ചർച്ചകള്‍ക്ക് മുൻകൈയെടുത്തത് ശിവകുമാറായിരുന്നു. 2019 വരെ നീണ്ട ഈ സഖ്യസർക്കാറില്‍ 80 അംഗങ്ങളുള്ള കോണ്‍ഗ്രസ് എം.എല്‍. എമാർ 37 അംഗങ്ങളുള്ള ജനതാദള്‍ സെക്കുലർ പാർട്ടിക്ക് പിന്തുണ നല്‍കി.
2023 മേയ് മുതല്‍ കർണാടക ഉപമുഖ്യമന്ത്രി എന്നതിന് പുറമെ ജലവിഭവ മന്ത്രി, ബംഗളൂരു വികസന മന്ത്രി, ബംഗളൂരു അർബൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്നീ പദവികളുമുണ്ട്. 2020 മുതല്‍ കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്‍റുമാണ്.
