
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക് ചിത്രം 'തേന്മാവിന്‍ കൊമ്പത്ത്' 4K ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക്.
സെപ്റ്റംബറിലാണ് ചിത്രം ആഗോളതലത്തില്‍ റീ-റിലീസ് ചെയ്യുന്നത്.
ഇതിനോടനുബന്ധിച്ച് ചിത്രത്തിന്റെ റീ-റിലീസ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
1994-ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. മോഹന്‍ലാലും ശോഭനയും പ്രധാന വേഷങ്ങളില്‍ തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ കുതിരവട്ടം പപ്പു, നെടുമുടി വേണു, ശ്രീനിവാസന്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത തുടങ്ങിയ വന്‍ താരനിര അണിനിരന്നിരുന്നു.
കെ.വി. ആനന്ദ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഏറെ ജനപ്രീതി നേടിയവയാണ്.
'മാറ്റിനി നൗ' എന്ന കമ്പനിയാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റീസ്റ്റോറേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒറിജിനല്‍ 35ാാ പ്രിന്റില്‍ നിന്ന് നേരിട്ട് 4K സാങ്കേതികവിദ്യയിലേക്ക് സ്‌കാന്‍ ചെയ്യുകയും, സംഗീതത്തിനും ശബ്ദങ്ങള്‍ക്കും പുതിയ ജീവന്‍ നല്‍കി ഡോള്‍ബി അറ്റ്‌മോസില്‍ റീ-മിക്‌സ് ചെയ്യുകയുമായിരുന്നു.
ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ചിത്രത്തിന്റെ മൂല്യവും ആത്മാവും ചോര്‍ന്നുപോകാതെ പുതിയ സാങ്കേതിക തികവോടെ തിയേറ്ററുകളില്‍ എത്തിക്കുന്നതെന്ന് മാറ്റിനി നൗ വ്യക്തമാക്കി.
