Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കശ്മീരില്‍ കനത്ത മഴയിലും തുടര്‍ച്ചയായ മേഘവിസ്ഫോടനത്തിലും വ്യാപക നാശനഷ്ടം: മിന്നല്‍ പ്രളയത്തില്‍പ്പെട്ട് യുവതി കൊല്ലപ്പെട്ടു; പ്രശസ്തമായ അനന്ത്നാഗ്-പഹല്‍ഗാം ദേശീയപാതയും പാലവും ഒലിച്ചുപോയി, സ്കൂള്‍ കുട്ടികളടക്കം നൂറിലധികം പേരെ രക്ഷപ്പെടുത്തി ദുരന്തനിവാരണ സേന, താഴ്‌വരയിലുടനീളം ജാഗ്രതാ നിര്‍ദ്ദേശം

Sathyam Online 6 days ago

അനന്ത്‌നാഗ്: കാശ്മീര്‍ താഴ്വരയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയിലും മേഘവിസ്‌ഫോടനത്തിലും ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.


കുപ്വാര ജില്ലയിലെ ലോലാബ് സ്വദേശിയായ നസീമ ബീഗം ആണ് മിന്നല്‍ പ്രളയത്തില്‍പ്പെട്ട് മരിച്ചത്. താഴ്വരയിലുടനീളം കനത്ത കാറ്റും മഴയും ജനജീവിതം പൂര്‍ണ്ണമായി തടസ്സപ്പെടുത്തിയതോടെ ഡസന്‍ കണക്കിന് ആളുകളെ ദുരന്തനിവാരണ സേന സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.


ഷോപ്പിയാന്‍ ജില്ലയിലെ സാവോറ, ബുദര്‍ഹാമ, കേജര്‍സിന്ധ പ്രദേശങ്ങളില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരുമടക്കം 80-ഓളം പേരെ എസ്.ഡി.ആര്‍.എഫ് സംഘം രക്ഷപ്പെടുത്തി.

അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാമിലും കൊക്കര്‍നാഗിലും ഉണ്ടായ മേഘവിസ്‌ഫോടനങ്ങള്‍ ലിഡര്‍ നദിയിലും ബരംഗി നളയിലും പെട്ടെന്ന് ജലനിരപ്പ് ഉയരാന്‍ കാരണമായി. കനത്ത വെള്ളപ്പൊക്കത്തില്‍ അനന്ത്‌നാഗ്-പഹല്‍ഗാം ദേശീയപാതയുടെ ഒരു ഭാഗവും ലാംഗ്‌നൈ പാലത്തിന്റെ കുറച്ചുഭാഗവും ഒലിച്ചുപോയി.


പഹല്‍ഗാമിലെ പ്രശസ്തമായ നനുന്‍ ബേസ് ക്യാമ്പില്‍ കനത്ത മഴയില്‍ സിമന്റ് മതില്‍ തകര്‍ന്നു വീഴുകയും കൂടാരങ്ങളില്‍ വെള്ളം കയറുകയും ചെയ്തെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗന്ദര്‍ബല്‍ ജില്ലയില്‍ ശക്തമായ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോകുകയും വൈദ്യുതി തൂണുകള്‍ കടപുഴകി വീഴുകയും ചെയ്തു.


സാമ്ലാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ ബന്ദിപ്പോറയില്‍ എസ്.ഡി.ആര്‍.എഫ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കാലാവസ്ഥ മോശമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ താഴ്വരയിലുടനീളം പോലീസിനും ദുരന്തനിവാരണ സേനകള്‍ക്കും ഹൈ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online