Friday, 03 Jul, 2.10 pm Sathyam Online

വിനോദം
കാസ്റ്റിംഗ് ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യണം; ചൂഷണങ്ങള്‍ ശ്രദ്ധയില്‍പെടുത്താം; ഫെഫ്ക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസിന്‍്റെ പശ്ചാത്തലത്തില്‍ കാസ്റ്റിംഗ് ഏജന്‍സികള്‍ക്കും ഓഡിഷന്‍ സെന്‍്ററുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഫെഫ്ക. കാസ്റ്റിംഗ് ഏജന്‍സികള്‍ ഫെഫ്കയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പ്രധാന നിര്‍ദ്ദേശം. കാസ്റ്റിംഗുമായി ബന്ധപ്പെട്ട ചൂഷണങ്ങള്‍ വിമന്‍സ് വിങിനെ അറിയിക്കാം. കാസ്റ്റിംഗ് കോളുകളുടെ ആധികാരികതയും ഈ നമ്ബരിലൂടെ അറിയാം. തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ച പോസ്റ്റിലാണ് ഫെഫ്ക ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഫെഫ്കയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സിനിമയില്‍ അവസരം നല്‍കാമെന്ന് വ്യാജവാഗ്ദാനം നല്‍കി ആളുകളെ പലവിധത്തില്‍ ചൂഷണം ചെയ്യുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ ദിനംപ്രതി നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയാണല്ലോ. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് സിനിമാ മേഖലയ്ക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവര്‍ ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്‍ ഓര്‍മ്മപ്പെടുത്തി.

പെണ്‍കുട്ടികള്‍ക്ക് ചലച്ചിത്ര മേഖലയില്‍ നിന്ന് കാസ്റ്റിംഗുമായി ബന്ധപ്പെട്ടും അല്ലാതേയും ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ സംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഫെഫ്ക വിമന്‍സ് വിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്‌. +91 9846342226 എന്ന നമ്ബരില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്വുമണ്‍ കമ്മ്യുണിറ്റിയില്‍പ്പെട്ടവര്‍ക്കും ബന്ധപ്പെടാവുന്നതാണ്. +91 9645342226 എന്ന നമ്ബറില്‍ സിനിമ കാസ്റ്റിംഗ് കോളുകളുടെ ആധികാരികത അന്വേഷിക്കാവുന്നതാണ്.

ഈ വിഷയത്തെ ആസ്പദമാക്കി ഒരു ബോധവല്‍ക്കരണ ഹ്രസ്വചിത്രം കൂടി ഫെഫ്ക നിര്‍മ്മിക്കുന്നുണ്ട്‌. പ്രശസ്‌ത യുവ അഭിനേത്രി അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത് യുവ തലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രകാരന്‍ ജോമോന്‍ ടി ജോണ്‍ ആണ്. കൊവിഡ് 19 ന്റെ വ്യാപനം തടയാന്‍ ഫെഫ്ക നിര്‍മ്മിച്ച 9 ബോധവല്‍ക്കരണ ഹ്രസ്വ ചിത്രങ്ങളേയും ആവേശപൂര്‍വ്വം സ്വീകരിച്ച പ്രേക്ഷകര്‍ക്ക്‌ മുമ്ബിലേക്ക് ഫെഫ്കയുടെ യൂട്യൂബ് ചാനല്‍ വഴി തന്നെയാകും പുതിയ ചിത്രവും എത്തുക .

ഒപ്പം, കാസ്റ്റിംഗ് ഏജന്‍സികളും കാസ്റ്റിംഗ് ഡയറക്ടേഴ്സിനുമായി ഫെഫ്ക പ്രത്യേക രജിസ്റ്റ്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഫെഫ്കയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കാസ്റ്റിംഗ് ഏജന്‍സികളുടേയും കാസ്റ്റിംഗ് ഡയറക്ടറുടെയും പൂര്‍ണ്ണവിവരങ്ങള്‍ പ്രൊഡ്യുസേര്‍സ്സ്‌ അസ്സോസിയേഷന്‍, അമ്മ, ഡയറക്റ്റേര്‍സ്സ്‌ യൂണിയന്‍, പ്രൊഡക്ഷന്‍ എക്സിക്യുറ്റൈവ്സ്‌ യൂണിയന്‍ എന്നീ സംഘടനകള്‍ക്ക്‌ കൈമാറും. ഓഡിഷനും കാസ്റ്റിംഗുമായി ബന്ധപ്പെട്ട്‌ നടന്നുവരുന്ന ചൂഷണങ്ങള്‍ക്ക്‌ വലിയ തോതില്‍ തടയിടാന്‍ ഈ സംവിധാനം പ്രയോജനപ്പെടും എന്നാണ്‌ ഫെഫ്ക കരുതുന്നത്‌.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top