
പാലക്കാട്: കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഡി എ കുടിശ്ശിക പൂർണ്ണമായും നല്‍കുമ്പോഴും കെ എസ് ആർ ടി സി ജീവനക്കാരനെ പാടെ അവഗണിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് സി.
ഹരീഷ് കുമാർ പറഞ്ഞു.
കെ എസ് ആർ ടി സി ജീവനക്കാരോട് ഇടതു സർക്കാർ പുലർത്തിയ തൊഴിലാളി വിരുദ്ധ നയം തുടരാനാണ് യു ഡി എഫ് സർക്കാരിൻ്റേയും തീരുമാനമെങ്കില്‍ ജീവനക്കാരെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധത്തിന് എംപ്ലോയീസ് സംഘ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് ബി എം എസ് ജില്ലാ ഓഫീസ് ഹാളില്‍ എംപ്ലോയീസ് സംഘ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സർക്കാർ 100 ദിവസം പിന്നിട്ടിട്ടും ആശ്രിത നിയമനമുള്‍പ്പടെ ജീവനക്കാർക്കു നല്‍കിയ ഒരു വാഗ്ദാനം പോലും പാലിക്കാൻ സർക്കാർ തയ്യാറാവുന്നില്ല.
സ്ത്രീകള്‍ക്ക് സൗജന്യ യാത്രയുള്‍പ്പടെയുള്ള നിരവധി പൊതുജനോപകാരപ്രദമായ പ്രഖ്യാപനങ്ങള്‍ക്ക് പുതിയ സർക്കാർ തയ്യാറാവുന്നതിനെ എംപ്ലോയീസ് സംഘ് സർവ്വാത്മനാ സ്വാഗതം ചെയ്യുകയാണ്.
എന്നാല്‍ അത് കെ എസ് ആർ ടി സി യുടെ തകർച്ചക്ക് കാരണമാകാതിരിക്കുവാൻ പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും പോലെ പൊതുഗതാഗതവും സർക്കാർ ഡിപ്പാർട്ട്മെൻ്റാക്കി മാറ്റാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരൻ്റെ ശമ്പളത്തില്‍ നിന്നും ഈടാക്കുന്ന പി എഫ്, എൻ പി എസ് , ഇതര ബാങ്കുകളിലേക്കുള്ള തിരിച്ചടവുകള്‍ മുതലായവ അതത് സ്ഥാപനങ്ങളില്‍ അടക്കാതെ കൊള്ളയടിക്കുകയായിരുന്നു. ഇതിന് പരിഹാരം കാണാൻ പുതിയ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ സുരേഷ് കൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പി.ആർ.മഹേഷ്, പി. പ്രമോദ്, പി.കെ.ബൈജു, എന്നിവർ സംസാരിച്ചു.
കെ എസ് ആർ ടി സി യെ സർക്കാർ ഡിപ്പാർട്ട്മെൻ്റാക്കുക, കെ എസ് ആർ ടി സി യില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, എൻ പി എസ് പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക എന്നീ മൂന്ന് പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട കെ. സുധാകരന്‍ (പ്രസിഡന്‍റ്), എം മുരുകേശന്‍ (സെക്രട്ടറി), പി പ്രമോദ് (ട്രഷറര്‍)
സമാപന യോഗം എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പുതിയ ജില്ലാ ഭാരവാഹികളായി പ്രസിഡൻ്റ് കെ.സുധാകരൻ, വർക്കിംഗ് പ്രസിഡൻ്റ് ടി.വി.രമേഷ്‌കുമാർ, വൈസ് പ്രസിഡൻ്റുമാരായി പി.ആർ.മഹേഷ്, എല്‍.മധു, സെക്രട്ടറി എം.മുരുകേശൻ, ജോയിൻ്റ് സെക്രട്ടറിമാരായി സി.ശശാങ്കൻ, എല്‍.രവി പ്രകാശ്, സി.സുമതി, ട്രഷറർ പി. പ്രമോദ് എന്നിവരേയും യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
