Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കേരള തീരത്തെ കരിമണലിലെ ധാതുക്കള്‍ വിമാനവും ഉപഗ്രഹങ്ങളും മിസൈലുകളും അന്തര്‍വാഹിനികളും ഉണ്ടാക്കാന്‍ അത്യാവശ്യമായത്. ബുള്ളറ്റ് പ്രൂഫിനും ഡീസല്‍ എന്‍ജിനുകള്‍ക്കും ആവശ്യമായ ധാതുക്കളും കൊല്ലം, ആലപ്പുഴ തീരത്തെ മണലില്‍. ചുളുവിലയ്ക്ക് നൂറുകണക്കിന് ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി കരിമണല്‍ കമ്പനികള്‍ കൊയ്‌തെടുക്കുന്നത് കോടാനുകോടികള്‍. ലക്ഷങ്ങള്‍ കോഴവാങ്ങിയ രാഷ്ട്രീയ ഉന്നതര്‍ക്കെതിരേ അന്വേഷണവുമായി ഇ.ഡി

Sathyam Online 4 months ago

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ, കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന് ആരോപണമുയര്‍ന്ന എല്ലാവര്‍ക്കുമെതിരേ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനമെടുത്തത് കേരള രാഷ്ട്രീയത്തില്‍ ഉഗ്ര സ്‌ഫോടനങ്ങള്‍ക്ക് വഴിവയ്ക്കും.


കരിമണല്‍ കമ്പനിയുടമ ശശിധരന്‍ കര്‍ത്തായുടെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് പിടിച്ചെടുത്ത സ്വകാര്യഡയറിയിലാണ് കേരള രാഷ്ട്രീയത്തിലെ ഉന്നതരുടെ പേരുകള്‍ ചുരുക്കപ്പേരുകളായി രേഖപ്പെടുത്തിയിരുന്നത്. കര്‍ത്തയെ ചോദ്യം ചെയ്ത കേന്ദ്ര ഏജന്‍സികള്‍ ഈ ചുരുക്കപ്പേരുകള്‍ ആരുടേതാണെന്ന് കണ്ടെത്തി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇവരിലേക്ക് അന്വേഷണമെത്തുന്നതോടെ കരിമണല്‍ കോഴയിടപാടുകളുടെ ഗതി മാറുമെന്നാണ് അറിയുന്നത്.


പിണറായിയുടെ മകള്‍ വീണ കരിമണല്‍ കമ്പനിയില്‍ നിന്ന് അക്കൗണ്ട് വഴിയാണ് 1.72കോടി വാങ്ങിയത്. അതിന് ആദായനികുതിയും അടച്ചിട്ടുണ്ട്. സേവനം നല്‍കാതെ പണം കൈപ്പറ്റിയത് മുഖ്യമന്ത്രിയായിരുന്ന പിതാവുമായി ബന്ധ കണക്കിലെടുത്താണെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.

എന്നാല്‍ ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ ഏത് കണക്കിലാണ് പണം വാങ്ങിയതെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തും. ഡയറിയില്‍ ചെറിയ ഇനീഷ്യലുകളില്‍, കെ കെ, പി വി, എജി, ഒ സി, ഐ കെ, ആര്‍ സി എന്നൊക്കെപ്പറഞ്ഞ് ലക്ഷങ്ങള്‍ കൊടുത്തതായി എഴുതിയിട്ടുണ്ട്. ഇത് പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ പേരുകളാണെന്നാണ് കോടതിയെ അന്വേഷണ ഏജന്‍സി അറിയിച്ചിട്ടുള്ളത്.

ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തെ പിടിച്ചുകുലുക്കുന്ന വിവാദമായി കരിമണല്‍ കമ്പനിയുടെ ഡയറിക്കുറിപ്പ് മാറുമെന്ന് ഉറപ്പാണ്.

ചില പ്രമുഖ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും നിയമവിരുദ്ധമായി കോടിക്കണക്കിനു രൂപ നല്‍കിയതിന്റെ തെളിവുകള്‍ സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ്.സുരേഷ് കുമാറിന്റെ വീട്ടില്‍ നിന്നാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കിട്ടിയത്. ഇവരിലേക്കെല്ലാം അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഇന്നലെ രാത്രി ഇറക്കിയ പത്രക്കുറിപ്പില്‍ ഇ.ഡി വ്യക്തമാക്കിയതോടെയാണ് മാസപ്പടി കേസിന്റെ വ്യാപ്തി വലുതാവുകയാണെന്ന് വ്യക്തമാവുന്നത്.


കരിമണല്‍ കമ്പനിയുടെ ഡയറയില്‍ കെകെ, പിവി, എജി, ഒസി, ഐകെ, ആര്‍ സി... എന്നീ ഇന്‍ഷ്യലുകളാണ് ചര്‍ച്ചയാകുന്നത്. ഇതില്‍ കെകെ എന്നാല്‍ കുഞ്ഞാലിക്കുട്ടിയാണെന്നും എജി എ ഗോവിന്ദനും ഒസി ഉമ്മന്‍ ചാണ്ടിയെന്നും കേന്ദ്രഏജന്‍സി പറയുന്നു. പി വി എന്നാല്‍ പിണറായി വിജയന്‍, ഐ കെ എന്നാല്‍ മുസ്ലിം ലീഗ് നേതാവായ മുന്‍ വ്യവസായ മന്ത്രി ഇബ്രാഹിംകുഞ്ഞ് , ആര്‍ സി എന്നാല്‍ രമേശ് ചെന്നിത്തലയെന്നുമാണ് ആരോപണം. ഇക്കാര്യങ്ങള്‍ വിശദാന്വേഷണത്തിലൂടെ തെളിയിക്കാന്‍ ഇ.ഡിക്ക് കഴിയേണ്ടതുണ്ട്.


എല്ലാ രാഷ്ട്രീയക്കാര്‍ക്കും കര്‍ത്തായുമായി ഉറ്റബന്ധമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. 2009-2010 കാലഘട്ടത്തില്‍ അന്നത്തെ സര്‍ക്കാര്‍, പത്മശ്രീ പുരസ്‌ക്കാരത്തിനായി, കര്‍ത്തയുടെ പേര് ശുപാര്‍ശ ചെയ്തിരുന്നു. സിഐടിയു നേതാവും, വ്യവസായ മന്ത്രിയുമായിരുന്ന എളമരം കരീമാണ് 2010ല്‍ പത്മശ്രീക്കായി കര്‍ത്തയുടെ പേര് ശുപാര്‍ശ ചെയ്തത്.

കേരള തീരത്ത് നിന്ന് ശേഖരിക്കുന്ന കരിമണല്‍ തൂത്തുക്കുടിയിലെ മറ്റൊരു കമ്പനിയിലേക്ക് കടത്തുന്നതാണ് ഇവരുടെ രീതി. കരിമണല്‍ രാജാവ് എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ വൈകുണ്ഠരാജന്റെ കമ്പനിക്ക് വിദേശത്തേക്ക് കരിമണലിലെ രാസമൂലകങ്ങള്‍ കടത്തുന്ന ബിസിനസുണ്ടെന്നാണ് ആക്ഷേപം. യൂറോപ്പ്, പശ്ചിമേഷ്യ, ഓസ്‌ട്രേലിയ, അമേരിക്ക, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ഇവര്‍ ധാതുമണല്‍ കയറ്റുമതി ചെയ്യുന്നു.

അനധികൃത കരിമണല്‍ ഖനനത്തിലൂടെ സര്‍ക്കാരിന് 10,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയെന്ന പരാതിയി നേരത്തേ വൈകുണ്ഠരാജന്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ പിന്നീട് അക്കാര്യത്തില്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല. കേരളത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് കരിമണല്‍ ഖനനം അനുവദിക്കുമെന്ന പ്രതീക്ഷയില്‍ കൊല്ലം, ആലപ്പുഴ തീരത്ത് നൂറേക്കറിലേറെ ഭൂമി ഈ കമ്പനികള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.


കൊല്ലം, ആലപ്പുഴ തീരങ്ങളിലെ ഗുണമേന്മയേറിയ ധാതുമണലില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഇല്‍മനൈറ്റ് ആണവ ആവശ്യങ്ങള്‍ക്കു പോലും ഉപയോഗിക്കുന്നു. സിലിമിനൈറ്റ്, സിര്‍ക്കോണ്‍, റൂട്ടൈല്‍, ലുക്കോക്സിന്‍, മോണോസൈറ്റ്, ഗാര്‍നൈറ്റ് തുടങ്ങിയവയുമുണ്ട്.


ധാതുമണല്‍ വേര്‍തിരിച്ചെടുക്കുന്ന ടൈറ്റാനിയവും അതിന്റെ സംയുക്തങ്ങളും പെയിന്റ്, പേപ്പര്‍, പ്ലാസ്റ്റിക്, തുണി, അച്ചടിമഷി, റബ്ബര്‍, കളിമണ്‍ വ്യവസായങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍, അന്തര്‍വാഹിനി, വിമാനം, മിസൈല്‍, പേസ്മേക്കര്‍, ബുള്ളറ്റ്പ്രൂഫ് എന്നിവയുണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്. ഡീസല്‍ എന്‍ജിന്‍, ഇന്‍സുലേഷന്‍ സാധനങ്ങള്‍, സീലുകള്‍, പമ്പിന്റെ സ്പെയര്‍ എന്നിവയുണ്ടാക്കാനുള്ള സിര്‍ക്കോണും ഈ ധാതുമണലിലുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online