Thursday, 04 Jun, 6.48 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലുള്ള പൊതുജനാരോഗ്യരംഗം മെച്ചപ്പെട്ട പ്രവര്‍ത്തനം കോവിഡ്19-നെ തുരത്തുന്ന കാര്യത്തില്‍ കാഴ്ചവെക്കും; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം മാത്രമല്ലാ; തമിഴ്‌നാടും, കര്‍ണാടകവും ഗോവയും കൊറോണയെ പ്രതിരോധിക്കും; ഉത്തരേന്ത്യയുടെ കാര്യത്തില്‍ സ്ഥിതി അതല്ലാ

കേരളത്തില്‍ കൊറോണ മൂലമുള്ള മരണങ്ങള്‍ ആദ്യം കാര്യമായി ഉണ്ടായില്ല. അത് തങ്ങളുടെ മിടുക്കാണെന്ന മട്ടില്‍ കേരള സര്‍ക്കാര്‍ ലോകമാകെ തള്ളിമറിച്ചു; ആ രീതിയില്‍ പ്രചാരണം നടത്തി അന്താരാഷ്‌ട്ര മാധ്യമങ്ങളേയും, ദേശീയ മാധ്യമങ്ങളേയും കയ്യിലെടുത്തു. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറിമറിയുകയാണ്. കേരളത്തിന്‍റ്റേയും ഇന്ത്യയുടേയും കൊറോണ കാര്യത്തില്‍ ഉണ്ടാകാന്‍ പോകുന്ന വര്‍ധന അന്താരാഷ്‌ട്ര മാധ്യമങ്ങളെ അവലംബിച്ച്‌ ഇതെഴുതുന്ന ആള്‍ നേരത്തേ തന്നെ ചൂണ്ടികാട്ടിയതാണ്. ഇന്ത്യയില്‍ പല മാധ്യമങ്ങളും അന്താരാഷ്‌ട്ര വാര്‍ത്താ ചാനലുകള്‍ ഇന്ത്യയുടെ കാര്യത്തില്‍ പറയുന്ന കാര്യങ്ങള്‍ പബ്ലീഷ് ചെയ്യാന്‍ തയ്യാറല്ല. ഒരു 'പീക്ക് ടൈം' കഴിഞ്ഞാല്‍ വികസിത രാജ്യങ്ങളില്‍ കൊറോണയുടെ വ്യാപനത്തില്‍ 'സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിലൂടെയും', മറ്റ് നടപടികളിലൂടെയും ഗണ്യമായ കുറവുണ്ടാകും; കൊറോണ മൂലം ഉണ്ടായ സാമ്ബത്തിക മാന്ത്യത്തിലും മാറ്റം ഉണ്ടാകും. കാര്യങ്ങള്‍ വികസിത രാജ്യങ്ങളില്‍ സ്റ്റെബിലൈസ് ചെയ്യുമ്ബോഴും ഇന്ത്യയില്‍ അത്തരം പ്രതീക്ഷകള്‍ക്ക് വഴിയില്ലാ എന്നു തന്നെയാണ് പല വിദഗ്ധരും പറയുന്നത്. അതിന് പ്രധാന കാരണം ഇന്ത്യയുടെ ആസൂത്രിതമല്ലാത്ത നഗര വളര്‍ച്ചയാണ്. 2001-ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 42.6 മില്യണ്‍ ചേരി നിവാസികള്‍ ഉണ്ട്. 2019 ആയപ്പോള്‍ ഇവരുടെ സംഖ്യ 104 മില്യണില്‍ എത്തി. ചേരികളിലും, പുനരധിവാസ കോളനികളിലും, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗര പ്രാന്തങ്ങളിലും, ഗ്രാമങ്ങളിലും കോവിഡ് - 19 വീശിയടിച്ചാല്‍ എന്തായിരിക്കും അവസ്ഥ? ഇന്ത്യന്‍ ജയിലുകളില്‍ കൊറോണ വ്യാപിച്ചാല്‍ എന്തുചെയ്യും? ചിക്കാഗോ ജയിലില്‍ കൊറോണ വ്യാപിച്ചെന്നാണ് അമേരിക്കയില്‍ നിന്നുള്ള ലേറ്റസ്റ്റ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ കാര്യത്തില്‍ അത് സംഭവിച്ചാല്‍ ആ അവസ്ഥ ഭീകരമാകും.

കൊറോണ തുടങ്ങിയപ്പോള്‍ തന്നെ റഷ്യന്‍ ടി.വി. ഇന്ത്യയിലെ ആരോഗ്യ രംഗത്തെ കുറിച്ച്‌ നല്ലൊരു അപഗ്രഥനം നടത്തുകയുണ്ടായി. ഇന്ത്യയില്‍ 300 മില്യണ്‍ തൊട്ട് 500 മില്യണ്‍ ആളുകള്‍ക്കിടയില്‍ കൊറോണ വ്യാപിക്കാം എന്നാണ് റഷ്യന്‍ ടി.വി. - യുടെ അവതാരകന്‍ പറഞ്ഞത്. എന്നുവെച്ചാല്‍ 30 കോടി മുതല്‍ ആളുകളെ ബാധിക്കാമെന്ന് സാരം. അത് വെറുതെ പറഞ്ഞതുമല്ല. 'സെന്‍റ്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്സിന്‍റ്റെ' ഡയറക്ടറായ രമണന്‍ ലക്ഷ്മി നാരായണന്‍റ്റെ അഭിപ്രായവും കൂടി ഉള്‍പ്പെടുത്തികൊണ്ടാണ് റഷ്യന്‍ ടി.വി. ഈ കാര്യങ്ങള്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ ആകെ 20, 000 വെന്‍റ്റിലേറ്ററുകളേ ഉള്ളൂ. ഈ രോഗം ഇന്ത്യയില്‍ പടര്‍ന്നുപിടിച്ചാല്‍ ഉദ്ദേശം 9 മില്യണ്‍ വെന്‍റ്റിലേറ്ററുകളുടെ കുറവ് അനുഭവപ്പെടും എന്നാണ് റഷ്യന്‍ ടി.വി. അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ ഓള്‍ ഇന്‍ഡ്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യുട്ടും, ബാന്‍ഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സയന്‍സും ചെലവ് കുറഞ്ഞ രീതിയില്‍ വെന്‍റ്റിലേറ്ററുകള്‍ നിര്‍മിക്കാം എന്ന് പറയുന്നുണ്ട്. പക്ഷെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഒരു സാഹചര്യം വന്നാല്‍, ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സഹായിക്കും എന്ന് കണ്ടറിയേണ്ട ഒരു കാര്യം മാത്രമാണ്.

കേരളത്തില്‍ ഉള്ള പ്രശ്നം ഗള്‍ഫിലേക്കും, അന്യ സംസ്ഥാനങ്ങളിലേക്കും പോയിട്ടുള്ള മലയാളികളായ മൈഗ്രന്‍റ്റ് ലേബറേഴ്സ് ആണ്. ഗള്‍ഫിലെ ലേബര്‍ ക്യാമ്ബുകളില്‍ കൊറോണ പടര്‍ന്നുപിടിച്ചാല്‍ എന്തായിരിക്കും അവിടുത്തെ മലയാളികളുടെ അവസ്ഥ? അതുപോലെ മുംബയില്‍ 10 ലക്ഷത്തിലേറെ മലയാളികള്‍ ഉണ്ട്. ഡല്‍ഹിയില്‍ 15 ലക്ഷത്തോളം മലയാളികള്‍ ഉണ്ട്. മുംബയില്‍ ഇതിനോടകം തന്നെ സാമൂഹ്യ വ്യാപനം ഉണ്ടായതായി പറയുന്നുണ്ട്. ഗുജറാത്തിലും സാമൂഹ്യ വ്യാപനം ഉണ്ടായതായി പറയപ്പെട്ന്നുണ്ട്. ഡല്‍ഹിയില്‍ നിന്നും, മുംബയില്‍ നിന്നും, ഗുജറാത്തില്‍ നിന്നും, ഗള്‍ഫില്‍ നിന്നുമൊക്കെയുള്ള മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ എന്തായിരിക്കും അവസ്ഥ?

പക്ഷെ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെന്നു പറഞ്ഞാലും കേരളം കുറെയൊക്കെ മാനേജ് ചെയ്യും എന്നാണ് ഇതെഴുതുന്ന ആള്‍ക്ക് തോന്നുന്നത്. അതിനു പ്രധാന കാരണം അനേകം ജനകീയ സര്‍ക്കാരുകള്‍ ആരോഗ്യത്തിന്‍റ്റേയും, വിദ്യാഭ്യാസത്തിന്‍റ്റേയും, ഫാമിലി പ്ലാനിങ്ങിന്‍റ്റേയും ഒക്കെ കാര്യത്തില്‍ നടപ്പാക്കിയിട്ടുള്ള 'ത്രിതല പഞ്ചായത്ത്' സംവിധാനം ആണ്. ജനസാന്ദ്രത കൂടിയ കേരളത്തില്‍ 'ത്രിതല പഞ്ചായത്ത്' സംവിധാനം വളരെ നന്നായി നടപ്പിലാക്കുവാന്‍ അനേകം ജനകീയ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പണ്ട്
'തൊട്ട് കൂടാത്തവര്‍; തീണ്ടി കൂടാത്തവര്‍
ദൃഷ്ടിയില്‍ പെട്ടാല്‍ ദോഷമുള്ളോര്‍' - ഉണ്ടായിരുന്ന കാലത്ത് ആ മൂല്യബോധത്തിനൊക്കെ ഉപരിയായി പ്രവര്‍ത്തിച്ച മിഷനറിമാരും കേരളത്തിന്‍റ്റെ ആരോഗ്യപരിപാലനത്തിന് കരുത്തുറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവരെ തിരുവിതാംകൂറിലും, കൊച്ചിയിലും പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയും, അവര്‍ക്ക് വേണ്ട സകല പിന്തുണയും സഹായവും ചെയ്തുകൊടുത്ത കേരളത്തിലെ രാജ വംശങ്ങളും കേരളത്തിന്‍റ്റെ ആരോഗ്യ മേഖലക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കൊറോണ പടര്‍ന്നുപിടിച്ചിരിക്കുന്ന ഇക്കാലത്ത് തിരുവിതാംകൂറില്‍ ആധുനിക നഴ്സിംഗ് സമ്ബ്രദായം ഏര്‍പ്പെടുത്തുന്നതില്‍ ക്രൈസ്തവ സഭക്കുള്ള പങ്ക് സ്മരിക്കപ്പെടേണ്ടതുണ്ട്. അധികം പേര്‍ക്കും അറിവുള്ളതല്ല അക്കാര്യം. കൊല്ലം ബിഷപ്പ് ആയിരുന്ന അലോഷ്യസ് മരിയ ബെന്‍സിഗര്‍ ആയിരുന്നു ആധുനിക നേഴ്‌സിംഗ് രീതികള്‍ കേരളത്തില്‍ എത്തിച്ചതിന്‍റ്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇരുപതാം നൂറ്റാണ്ടിന്‍റ്റെ തുടക്കത്തില്‍ വിദേശ കന്യാസ്ത്രീകളാണ് നേഴ്സുമാരായി പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ സേവനങ്ങളെ മാനിച്ച്‌, തിരുവിതാംകൂറില്‍ അവര്‍ക്ക് അലവന്‍സും, സൗജന്യമായി ക്വാര്‍ട്ടേഴ്സും തിരുവിതാംകൂര്‍ ദിവാന്‍ ലഭ്യമാക്കിയിരുന്നു. സ്വിറ്റ്സര്‍ലണ്ടിലെ മെന്‍സിന്‍ജിനിലെ ഹോളി ക്രോസ്സ് കോണ്‍വെന്‍റ്റില്‍ നിന്നുള്ളവരായിരുന്നു ആദ്യത്തെ കന്യാസ്ത്രീ നേഴ്‌സുമാര്‍. 1906 ഒക്ടോബര്‍ 1- ന് അവര്‍ എത്തി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നഴ്സിംഗ് വിഭാഗത്തിന്‍റ്റെ ചുമതലയേറ്റു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മാവേലിക്കര, തിരുവല്ല, നാഗര്‍കോവില്‍, പറവൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ചുമതല ഈ നേഴ്സുമാരായിരുന്ന കന്യാസ്ത്രീമാര്‍ക്കായിരുന്നു. ഇവ കൂടാതെ തിരുവനപുരത്തെ മാനസികാശുപത്രിയിലും, നൂറനാട്ടിലെ കുഷ്ഠരോഗാശുപത്രിയിലും യൂറോപ്പില്‍ നിന്നുള്ള കന്യാസ്ത്രീമാര്‍ നേഴ്സുമാരായി സേവനം അനുഷ്ഠിച്ചു. ഒന്നാം ലോക മഹായുദ്ധം മൂലം യൂറോപ്പില്‍ നിന്ന് കന്യാസ്ത്രീകള്‍ക്ക് വരാന്‍ ബുദ്ധിമുട്ട് ആയതിനെ തുടര്‍ന്ന് 1920-ല്‍ കൊല്ലത്ത് തദ്ദേശീയരായ വനിതകള്‍ക്കായി ബെന്‍സീഗര്‍ മെത്രാന്‍ ഒരു സ്ഥാപനം ആരംഭിച്ചു. ഇന്ന് കൊല്ലത്തെ ബെന്‍സീഗര്‍ നഴ്സിംഗ് കോളേജും, കൊട്ടിയത്തെ ഹോളി ക്രോസ്സ് നഴ്സിംഗ് കോളേജും ആ മഹാന്‍റ്റെ നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നൂ എന്നുള്ളത് മലയാളികള്‍ ഓര്‍മിക്കേണ്ടതാണ്.

ഒന്നാം ലോക മഹായുദ്ധത്തിന്‍റ്റേയും, രണ്ടാം ലോകമഹാ യുദ്ധത്തിന്‍റ്റേയും കെടുതികള്‍ അനുഭവിച്ച യൂറോപ്യന്‍ ജനത പിന്നീട് മാനവികതയുടെ വലിയ സന്ദേശം ഉള്‍ക്കൊള്ളുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. സമൃദ്ധമായ പല കുടുംബങ്ങളും യുദ്ധാനന്തരം അനുഭവിക്കേണ്ടിവന്ന ദാരിദ്ര്യത്തിന്‍റ്റേയും, അരക്ഷിതാവസ്ഥയുടേയും അന്തരീക്ഷത്തില്‍ ഫ്‌ളോറന്‍സ് നയിറ്റിങേലിനെ പോലുള്ള പെണ്‍കുട്ടികളാണ് യൂറോപ്പില്‍ മനുഷ്യ സേവനത്തിന്‍റ്റെ മഹത്തായ സന്ദേശങ്ങള്‍ പ്രധാനമായും ഉള്‍ക്കൊണ്ടത്. ഇന്ത്യയിലെ അനാഥാലയങ്ങളിലും, ആരോഗ്യ മേഖലകളിലും, സ്‌കൂളുകളിലും ഒക്കെ പ്രവര്‍ത്തിച്ച മിഷന്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ച പെണ്‍കുട്ടികളില്‍ പലരും യൂറോപ്യന്‍ പ്രഭു കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. മഹത്തായ മാനവികതയുടെ ആ സന്ദേശം ഉള്‍ക്കൊള്ളേണ്ടതിന് പകരം പല പാശ്ചാത്യ മിഷനറിമാര്‍ക്കും സമ്മര്‍ദങ്ങളെ തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യ വിസ നിഷേധിച്ചു. അതേസമയം പത്തൊമ്ബതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്‍റ്റെ തുടക്കത്തിലും ഇന്ത്യയില്‍ നിലനിന്നിരുന്ന കര്‍ശനമായ ജാതി വ്യവസ്ഥയുടെ സംബ്രദായങ്ങളോടും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പിനും, ആരോഗ്യരംഗത്തെ അപര്യാപ്തതകള്‍ക്കും ഇന്ത്യയില്‍ തന്നെ പരിഹാര മാര്‍ഗങ്ങളും ഉണ്ടായില്ല. അതാണ് ഇപ്പോഴും പ്രാഥമിക ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം - എന്നീ മേഖലകളില്‍ ഇന്ത്യ പിന്നോക്കം നില്‍ക്കുന്നത്. ആ ചരിത്രപരമായ കാരണങ്ങളൊക്കെ ഇന്നിപ്പോള്‍ നിഷേധിച്ചിട്ട് കാര്യമില്ല. താഴ്ന്ന ജാതിക്കാരെ അടുപ്പിക്കാതിരുന്ന ഒരു സാമൂഹ്യ സാഹചര്യത്തില്‍ അത്തരം ജാതി ചിന്തയ്ക്ക് അടിമപ്പെടാതിരുന്ന മിഷനറിമാരാണ് ആദ്യമായി താഴ്ന്ന ജാതിയില്‍ പെട്ടവര്‍ക്ക് അക്ഷരാഭ്യാസവും ആരോഗ്യപരിപാലനവുമൊക്കെ നല്‍കിയത്. ഇപ്പോള്‍ എത്രയൊക്കെ നുണ പ്രചാരണം നടത്തിയാലും ഒരു മിനിമം ചരിത്രബോധം ഉള്ളവര്‍ക്ക് അന്നത്തെ സാമൂഹ്യാന്തരീക്ഷം നന്നായി മനസിലാക്കുവാന്‍ സാധിക്കും.

സഞ്ജയ് നമ്ബീശന്‍ 'ബീഹാര്‍ : ഇന്‍ ദ അയ്‌സ്‌ ഓഫ് ദ ബിഹോള്‍ഡര്‍' എന്ന ഒരു പുസ്തകമുണ്ട്. ഡോക്ടറായ ഭാര്യ കാവേരി നമ്ബീശനൊപ്പം ബീഹാറില്‍ താമസമാക്കിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളെ കുറിച്ചാണ് 'ബീഹാര്‍ : ഇന്‍ ദ അയ്‌സ്‌ ഓഫ് ദ ബിഹോള്‍ഡര്‍' എന്ന പുസ്തകം. മിഷനറിമാര്‍ സ്ഥാപിച്ച ആശുപത്രിയില്‍ ആയിരുന്നു സര്‍ജനായ കാവേരി നമ്ബീശന്‍ ജോലി ചെയ്തിരുന്നത്. ആ ആശുപത്രിയുടെ ചരിത്രം പറയുമ്ബോള്‍ ജാതി ചിന്ത ഒട്ടുമില്ലാതെ യൂറോപ്യന്‍ മിഷനറിമാര്‍ തദ്ദേശീയരെ പരിചരിച്ചിരുന്ന കഥ സഞ്ജയ് നമ്ബീശന്‍ പറയുന്നുണ്ട്. യൂറോപ്യന്‍ മിഷനറിമാര്‍ സ്ഥലമൊഴിഞ്ഞപ്പോള്‍ പിന്നീട് വന്ന ഇന്ത്യന്‍ ഡോക്ടര്‍മാരും നേഴ്സുമാരും വീണ്ടും രോഗികളെ ശുശ്രൂഷിക്കുമ്ബോള്‍ ജാതിബോധത്തിന് അടിമപ്പെടുന്ന കാര്യവും സഞ്ജയ് നമ്ബീശന്‍ പറയുന്നുണ്ട്. 1990-കളില്‍ ഗുണ്ടായിസവും അക്രമങ്ങളും കണ്ടമാനം അരങ്ങു വാണപ്പോള്‍ ആണ് സഞ്ജയ് നമ്ബീശനും ഭാര്യയും ബീഹാറില്‍ എത്തിയത്. രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ അപ്പോള്‍ ആ ബീഹാര്‍ ടൗണില്‍ പോരിലായിരുന്നു. വെടിയേറ്റ് വീഴുന്ന സന്ഖാഗങ്ങളെ ചികിത്സിക്കാന്‍ ആ മിഷനറി ആശുപത്രി വേണമായിരുന്നു. അതുകൊണ്ട് അക്രമവും, പിടിച്ചുപറിയും, തട്ടിക്കൊണ്ടുപോകലും ആയിരുന്നു തൊഴിലെങ്കിലും രണ്ടു ഗുണ്ടാസംഘങ്ങളും കൂടി ആ ആശുപത്രി സംരക്ഷിച്ചു!!! സത്യത്തില്‍ 1990-കളിലെ ഉത്തരേന്ത്യന്‍ ഫ്യുഡല്‍ അക്രമ പരമ്ബരകള്‍ കുറിച്ചുള്ള വിവരണം തന്നെയാണ് സഞ്ജയ് നമ്ബീശന്‍റ്റെ 'ബീഹാര്‍ : ഇന്‍ ദ അയ്‌സ്‌ ഓഫ് ദ ബിഹോള്‍ഡര്‍' എന്ന പുസ്തകത്തില്‍ ഉള്ളത്.

കുറെ നാള്‍ മുമ്ബ് പ്രചരിച്ചിരുന്ന ഒരു വീഡിയോയാണ് ഉത്തര്‍ പ്രദേശില്‍ കാല്‍ മുറിച്ചു മാറ്റിയ രോഗിക്ക് മുറിച്ചു മാറ്റപ്പെട്ട അതേ കാല്‍ തലയിണയായി മാറിയ കാഴ്ച. മുറിച്ചു മാറ്റിയ കാല് ഒരു രോഗിക്ക് തലയിണയായി മാറിയ കാഴ്ച കേട്ട് ആരും ഞെട്ടേണ്ട കാര്യമില്ലാ. ഞെട്ടുന്നവര്‍ സുരാജ് വെഞ്ഞാറമൂടിന്‍റ്റെ ഉത്തര്‍ പ്രദേശിലെ യാത്രാനുഭവം വായിച്ചാല്‍ മാത്രം മതി. സുരാജ് വെഞ്ഞാറമൂടിന്‍റ്റെ മിമിക്രി സംഘത്തിന് ഉത്തര്‍ പ്രദേശില്‍ വെച്ച്‌ വാഹനാപകടം നേരിട്ടു. കൂട്ടത്തില്‍ ഒരാളുടെ കാല് അലഹബാദ് മെഡിക്കല്‍ കോളേജില്‍ വെച്ച്‌ മുറിച്ചു കളയേണ്ടി വന്നു. തന്‍റ്റെ കാല് മുറിച്ചു മാറ്റാതിരിക്കാന്‍ വേണ്ടി ഡോക്ടര്‍മാരെ കാണുമ്ബോഴേ 'മേരാ കാല്‍' എന്ന് പറഞ്ഞുകൊണ്ട് അലറി കരയുമായിരുന്നു സുരാജ് വെഞ്ഞാറമൂട്. ഹിന്ദി അറിയാതിരുന്നത് കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്തായാലും അവസാനം ഡോക്റ്റര്‍മാര്‍ക്ക് കാര്യം മനസിലായി. സുരാജ് വെഞ്ഞാറമൂടിന് കാല് നഷ്ടപ്പെട്ടില്ല. ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ആരോഗ്യ രംഗം എത്ര പരിതാപകരം ആണെന്നാണ് ഇതൊക്കെ കാണിക്കുന്നത്. കുറെ നാള്‍ മുമ്ബാണല്ലോ നൂറോളം നവജാത ശിശുക്കള്‍ക്ക് ഗോരഖ്പൂരില്‍ ജീവന്‍ നഷ്ടമായത്. എന്തായാലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഒന്നല്ല നമ്മുടെ പൊതുജനാരോഗ്യ രംഗം.

ഇന്ത്യന്‍ മധ്യവര്‍ഗത്തിന് മിഥ്യാഭിമാനം പകര്‍ന്നുനല്‍കിയ പാര്‍ട്ടി അധികാരത്തില്‍ വന്നിട്ട് ഉത്തരേന്ത്യയിലെ പൊതുജനാരോഗ്യരംഗം മെച്ചപ്പെട്ടിട്ടിലില്ലാ. ഇപ്പോള്‍ കൊറോണ വ്യാപനത്തില്‍ ഇന്ത്യയുടെ ആസൂത്രിതമല്ലാത്ത നഗര വളര്‍ച്ചക്കും, ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് നടക്കുന്ന മൈഗ്രന്‍റ്റ് ലേബറേഴ്സിനും നിര്‍ണായകമായ പങ്കുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് വ്യത്യസ്തമായി പൊതുജനാരോഗ്യരംഗം മെച്ചപ്പെട്ടിരിക്കുന്ന ദക്ഷിണേന്ത്യ കോവിഡ്19 - നെ തുരത്തുന്ന കാര്യത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം മാത്രമല്ലാ; തമിഴ്‌നാടും, കര്‍ണാടകവും ഗോവയും കൊറോണ കാര്യത്തില്‍ കുറെയൊക്കെ മാനേജ് ചെയ്യുമെന്നാണ് തോന്നുന്നത്. പക്ഷെ ഉത്തരേന്ത്യയുടെ കാര്യം മഹാ കഷ്ടത്തിലാണ്. ബീഹാറിലും ഉത്തര്‍ പ്രദേശിലും ഒക്കെ മൈഗ്രന്‍റ്റ് ലേബറേഴ്സ് യാതൊരു ആരോഗ്യ സൗകര്യങ്ങളുമില്ലാത്ത ഗ്രാമ പ്രദേശങ്ങളില്‍ ഇതിനോടകം തന്നെ കോവിഡ് - 19 ബാധിതരായി കഴിഞ്ഞു എന്നാണ് അവിടുന്നൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍. 750-ഓളം മൈഗ്രന്‍റ്റ് ലേബറേഴ്സ് 50 ഡിഗ്രിക്കടുത്ത് ചൂടുള്ളപ്പോള്‍ നടന്നപ്പോള്‍ കുഴഞ്ഞുവീണു മരിച്ചു എന്നും പറയപ്പെടുന്നു. ഇതൊക്കെ മാധ്യമങ്ങളില്‍ വന്ന കണക്കാണ്. യഥാര്‍ഥ അവസ്ഥ ഇതിനേക്കാളൊക്കെ എത്രയോ ഭീകരമായിരിക്കും? അല്ലെങ്കില്‍ തന്നെ, 50 ഡിഗ്രിക്കടുത്ത് ചൂടുള്ളപ്പോള്‍ ആയിരകണക്കിന് കിലോമീറ്ററുകള്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ നടന്നാല്‍ എത്ര പേര്‍ക്ക് ജീവിക്കാനാകും?

(ലേഖകന്‍റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്‍റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>