
രാജ്യവ്യാപക ഡീലർ ശൃംഖലയില്‍ 150 ഗ്രീൻ വർക്ക്‌ഷോപ്പുകള്‍ എന്ന നേട്ടം മറികടന്ന് കിയ ഇന്ത്യ. നിലവില്‍ 151 വർക്ക്‌ഷോപ്പുകളില്‍ സൗരോർജ സംവിധാനങ്ങള്‍ സ്ഥാപിച്ചതോടെ ആകെ സ്ഥാപിത ശേഷി 11.8 മെഗാവാട്ടിലധികമായി.
സർവീസ് പ്രവർത്തനങ്ങളില്‍ പുനരുപയോഗ ഊർജം, ജലസംരക്ഷണം, ഉത്തരവാദിത്ത മാലിന്യസംസ്‌കരണം എന്നിവ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി വിപുലീകരിക്കുന്നത്.
2023ല്‍ മൂന്ന് വർക്ക്‌ഷോപ്പുകളും 165 കിലോവാട്ട് സൗരോർജ ശേഷിയുമായി ആരംഭിച്ച പദ്ധതി 2024ല്‍ 60 കേന്ദ്രങ്ങളിലേക്കും 2025ല്‍ 106 കേന്ദ്രങ്ങളിലേക്കും വളർന്നു. 2026ല്‍ പുതുതായി 45 വർക്ക്‌ഷോപ്പുകള്‍ കൂടി ചേർത്തതോടെയാണ് ആകെ എണ്ണം 151 ആയത്.
ഗ്രീൻ വർക്ക്‌ഷോപ്പ് പദ്ധതിയുടെ ഭാഗമായി പരമ്പരാഗത വാഹനവാഷിങ്ങിന് പകരം ഡ്രൈ വാഷിങ്, സ്റ്റീം വാഷിങ് തുടങ്ങിയ ജലസംരക്ഷണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നു. ഡ്രൈ വാഷിങ്ങില്‍ വെള്ളം ഉപയോഗിക്കേണ്ടതില്ല; സ്റ്റീം വാഷിങ്ങിന് ഒരു വാഹനത്തിന് സാധാരണയായി 4-5 ലിറ്റർ വെള്ളം മതിയാകും. പരമ്പരാഗത വാഷിങ്ങില്‍ ഏകദേശം 100-120 ലിറ്റർ വെള്ളം ആവശ്യമായി വരാം.
2026ല്‍ സർവീസിനിടെ ലഭിച്ച ഏകദേശം 2,269 ബാരല്‍ ഉപയോഗിച്ച എൻജിൻ ഓയിലും കാര്യക്ഷമമായി കൈകാര്യം ചെയ്തു. പ്രകൃതിദത്ത വെളിച്ചം, മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍, മോഷൻ സെൻസർ ലൈറ്റുകള്‍, ജലരഹിത യൂറിനലുകള്‍, മാലിന്യങ്ങള്‍ വേർതിരിച്ച് ശേഖരിക്കുന്ന സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. നിലവിലെ ശൃംഖലയില്‍ ഉത്തരേന്ത്യയില്‍ 53 ഉം ദക്ഷിണേന്ത്യയില്‍ 43, പശ്ചിമേന്ത്യയില്‍ 45 ഉം കിഴക്കൻ ഇന്ത്യയില്‍ 10 വർക്ക്‌ഷോപ്പുകളുമുണ്ട്.
