ലേറ്റസ്റ്റ് ന്യൂസ്
കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന് ഹൈക്കമാന്‍ഡിന്റെ സര്‍വേ ഫലം ! കേരളത്തില്‍ യുഡിഎഫിന് നേരിയ മേല്‍ക്കൈയെന്ന് സര്‍വേ. ഇത്തവണ ലഭിക്കുക 73 സീറ്റ് വരെ ! കോണ്‍ഗ്രസ് തനിച്ച് നേടുക 45 മുതല്‍ 50വരെ സീറ്റുകള്‍. മധ്യകേരളത്തില്‍ യുഡിഎഫിന്റെ തരംഗമുണ്ടാകുമെന്നും സര്‍വേ ഫലം. സ്ഥാനാര്‍ത്ഥികള്‍ മികച്ചതായാല്‍ ഗുണം ചെയ്യും. പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ രാഹുലും പ്രിയങ്കയും കേരളത്തിലേക്ക് !

ഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം. 73 സീറ്റുകള്‍ വരെ നേടി മുന്നണി അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളത്തില്‍ നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നത്.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയുടെ ഫലം കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. മുന്നണി 73 സീറ്റുകള്‍ വരെ നേടുമ്ബോള്‍ കോണ്‍ഗ്രസ് തനിച്ച് 45 മുതല്‍ 50 സീറ്റുകള്‍ നേടിയേക്കുമെന്നും സര്‍വേയില്‍ പറയുന്നു. മധ്യകേരളത്തില്‍ മുന്നണി നേട്ടമുണ്ടാക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.
കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണെന്നും ഉദ്യാഗാര്‍ത്ഥികളുടെ സമരം, പിന്‍വാതില്‍ നിയമന വിവാദം, മത്സ്യബന്ധന വിവാദം തുടങ്ങിയ വിഷയങ്ങളെല്ലാം പാര്‍ട്ടിക്ക് ഗുണം ചെയ്തുവെന്ന വിലയിരുത്തലും സര്‍വേയിലുണ്ട്. രാഹുലും പ്രിയങ്കയും പ്രചാരണ രംഗത്ത് സജീവമായാല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ എളുപ്പമാകുമെന്നും സര്‍വേയില്‍ പറയുന്നു.
ഓരോ മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേയും പൂര്‍ത്തിയായിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും സ്വകാര്യ ഏജന്‍സി ഉടന്‍ ഹൈക്കമാന്‍ഡിന് നല്‍കും. ഇതുകൂടി പരിഗണിച്ചായിരിക്കും കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡ് നിശ്ചയിക്കുക.
ആദ്യഘട്ട സര്‍വേയില്‍ ഇടതിന് മേല്‍ക്കൈ ഉണ്ടെന്നായിരുന്നു ഫലം. ഇതോടെ ഹൈക്കമാന്‍ഡ് നേരിട്ട് സംസ്ഥാനത്ത് ഇടപെടല്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമാണ് സര്‍വേ ഫലം അനുകൂലമായതെന്നും സൂചനയുണ്ട്.
അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തടക്കം മാറ്റങ്ങള്‍ ഉണ്ടാകും.