
കോട്ടയം: കോട്ടയത്തെ ബാറുകളില്‍ പരിശോധനകള്‍ നടത്തി എക്സൈസ് കമ്മീഷണര്‍. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് എക്സൈസ് കമ്മിഷണര്‍ സാംബശിവറാവു പരിശോധന നടത്തിയത്.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിനെതിരെ കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
ഏജന്റുമാര്‍ മുഖേനയും നേരിട്ടും അശോക് കുമാര്‍ ബാറുടമകളില്‍ നിന്നും മാസപ്പടി വാങ്ങിയിരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്സൈസ് കമ്മീഷണര്‍ നേരിട്ടു പരിശോധന നടത്തിയത്. അശോക് കുമാറിന്റെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ ബാറുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഡെപ്യൂട്ടി കമീഷണര്‍ അശോക് കുമാറിനെതിരെ തെളിവുകള്‍ ലഭിച്ചത്. എക്സൈസ് കമ്മിഷണര്‍ സാംബശിവറാവു, എക്സൈസ് വിജിലന്‍സ് എസ്.പി കൃഷ്ണകുമാര്‍ എന്നിവര്‍ നേരിട്ടാണ് പരിശോധന നടത്തിയത്.
ഇത്തരത്തില്‍ കൈക്കൂലി വാങ്ങുന്ന വിവരങ്ങള്‍ ബാറുടമകള്‍ എക്സൈസ് കമ്മീഷണര്‍ക്ക് മൊഴിയായി നല്‍കി. രഹസ്യാന്വേഷണത്തിനു ശേഷമാണ് എക്സൈസ് കമ്മീഷണര്‍ നേരിട്ടു പരിശോധനയ്ക്ക് ഇറങ്ങിയത്.
ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ചങ്ങനാശേരിയിലെ ബാറുടമയാണു മറ്റു ബാറുകളില്‍ നിന്നും പണം വാങ്ങി ഡെപ്യൂട്ടി കമ്മീഷണര്‍ക്കു കൈമാറുന്നതെന്നാണ് കണ്ടെത്തല്‍.
ഡെപ്യൂട്ടി കമ്മീഷണര്‍ ഏജന്റുമാര്‍ മുഖേനയും നേരിട്ടും സന്ദര്‍ശനം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങളും പണം കൈമാറുന്നതിന്റെ ഡിജിറ്റല്‍ തെളിവുകളും പരിശോധനയില്‍ ശേഖരിച്ചു.
