
കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ 16,000 കോടി രൂപയുടെ ദേശീയപാത വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
കോട്ടയെ ഉത്തര്‍പ്രദേശുമായി ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് വേ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ റോഡ് മാര്‍ഗ്ഗം പരിശോധിച്ച് കോട്ടയിലെത്തിയ മന്ത്രിയോടൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ഉണ്ടായിരുന്നു. ഗോപാല്‍പുരയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് പ്രാദേശിക വികസനവും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള മൂന്ന് പ്രധാന റോഡ് പദ്ധതികളെക്കുറിച്ച് ഗഡ്കരി വ്യക്തമാക്കിയത്.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 'ചമ്പല്‍ എക്സ്പ്രസ് വേ' ഇനി മുതല്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഓര്‍മ്മയ്ക്കായി 'അടല്‍ എക്സ്പ്രസ് വേ' എന്ന് അറിയപ്പെടുമെന്ന പ്രഖ്യാപനമാണ്.
ചമ്പല്‍ നദിക്ക് സമാന്തരമായി നിര്‍മ്മിക്കുന്ന ഈ പാത കോട്ടയെ ഗ്വാളിയോര്‍ വഴി ഉത്തര്‍പ്രദേശിലെ ഇറ്റാവയുമായി ബന്ധിപ്പിക്കും. 15,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറായി വരികയാണ്.
മറ്റ് രണ്ട് പദ്ധതികളില്‍ ഒന്നാമത്തേത് ബാലപുര ഇന്റര്‍ചേഞ്ച് വഴി കോട്ട നഗരത്തെ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 21 കിലോമീറ്റര്‍ റോഡാണ്. 1,000 കോടി രൂപ ചിലവിലാണ് ഇത് നിര്‍മ്മിക്കുക. രണ്ടാമത്തേത് മുകുന്ദ്ര ഹില്‍സ് ടൈഗര്‍ റിസര്‍വിന് സമീപമുള്ള ചേചത് ഇന്റര്‍ചേഞ്ചുമായി ദേശീയപാത 52-നെ ബന്ധിപ്പിക്കുന്ന 10 കിലോമീറ്റര്‍ റോഡാണ്.
551 കോടി രൂപ ചിലവ് വരുന്ന ഈ റോഡിന്റെ നിര്‍മ്മാണം മൂന്ന് മാസത്തിനകം ആരംഭിക്കും. മുന്‍പ് ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുമ്പോഴാണ് ഡല്‍ഹിയെയും കോട്ടയെയും ബന്ധിപ്പിക്കുന്ന നേരായ പാതയെക്കുറിച്ച് തനിക്ക് ചിന്ത വന്നതെന്ന് ഗഡ്കരി അനുസ്മരിച്ചു.
പുതിയ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ പൂര്‍ത്തിയാകുന്നതോടെ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെ നരിമാന്‍ പോയിന്റിലേക്ക് വെറും 12 മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നാക്ക-ആദിവാസി മേഖലകളിലൂടെ കടന്നുപോകുന്ന ഈ എക്സ്പ്രസ് വേകള്‍ വ്യവസായങ്ങള്‍, ലോജിസ്റ്റിക് പാര്‍ക്കുകള്‍, വിദ്യാഭ്യാസ-മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയെ ആകര്‍ഷിക്കുമെന്നും അതുവഴി തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ച് ദാരിദ്ര്യം കുറയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനാണ് രാജ്യം മുന്‍ഗണന നല്‍കുന്നതെന്നും ഗഡ്കരി വ്യക്തമാക്കി.
