Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കുവൈത്തിലെ ഇന്ത്യൻ വിദ്യാലയങ്ങളില്‍ ട്യൂഷൻ ഫീസ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചത് പ്രവാസി രക്ഷിതാക്കള്‍ക്ക് വലിയ തിരിച്ചടിയാകുന്നു

Sathyam Online 2 weeks ago

കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ വിദ്യാലയങ്ങളില്‍ ട്യൂഷൻ ഫീസ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചത് പ്രവാസി രക്ഷിതാക്കള്‍ക്ക് വലിയ തിരിച്ചടിയാകുന്നു.


വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെ, ചില വിദ്യാലയങ്ങള്‍ ഇതിനകം തന്നെ 15 ശതമാനം വരെയുള്ള ഫീസ് വർദ്ധനവ് നടപ്പിലാക്കി രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കിത്തുടങ്ങി.


പുതിയ നിരക്ക് പ്രകാരം എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളിലെ ഫീസ് 340 ദിനാറില്‍ നിന്നും 391 ദിനാറായി ഉയർന്നു.

ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 377 ദിനാറിന് പകരം 435 ദിനാറും, ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ 435 ദിനാറിന് പകരം 500 ദിനാറും ഇനി മുതല്‍ നല്‍കണം.


ഒമ്പത് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ നിരക്ക് 488 ദിനാറില്‍ നിന്നും 561 ദിനാറായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഈ അധ്യയന വർഷം മുതല്‍ തന്നെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.


കഴിഞ്ഞ പത്ത് വർഷത്തിന് ശേഷമാണ് മന്ത്രാലയത്തിന്റെ അനുമതിയോടെ ഇത്തരമൊരു വർദ്ധനവ് വരുത്തുന്നതെന്നാണ് സ്വകാര്യ സ്കൂള്‍ അധികൃതരുടെ ന്യായീകരണം.

എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഈ തീരുമാനം സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റ് പൂർണ്ണമായും താളംതെറ്റിക്കുന്നതാണ്.

ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറും.


മേഖലയിലെ യുദ്ധസൂചനകളും പശ്ചാത്തലവും കാരണം ജോലി നഷ്ടപ്പെടല്‍ ഭീഷണിയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും നേരിടുന്ന പ്രവാസികള്‍ക്ക് മേലാണ് ഈ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്നത്.


ഇതേ പ്രതിസന്ധികള്‍ മുൻനിർത്തി യു.എ.ഇ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്കൂളുകള്‍ ഈ വർഷം ഫീസ് വർദ്ധിപ്പിക്കില്ലെന്ന് സ്വമേധയാ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കുവൈത്തിലെ ഈ നടപടി.

അതോടൊപ്പം, കുവൈത്തിലെ ഇന്ത്യൻ വിദ്യാലയങ്ങളിലെ പഠനനിലവാരം അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്ന പരാതി രക്ഷിതാക്കള്‍ക്കിടയില്‍ ശക്തമാണ്.

അടിസ്ഥാന സൗകര്യങ്ങളോ വിദ്യാഭ്യാസ നിലവാരമോ ഉയർത്താൻ തയ്യാറാകാതെ, മന്ത്രാലയത്തിന്റെ ഉത്തരവിനെ മറയാക്കി വിദ്യാലയങ്ങള്‍ ഫീസ് വർദ്ധിപ്പിക്കുന്നതിനെതിരെ രക്ഷിതാക്കളില്‍ നിന്നും കടുത്ത ആക്ഷേപമാണ് ഉയരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online