
കൊച്ചി: പെരുമ്പാവൂരില്‍ ലഹരി വില്‍പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കള്‍ക്ക് നേരെ അതിക്രൂരമായ ആള്‍ക്കൂട്ട വിചാരണ .
യുവാക്കളെ നടുറോഡില്‍ മുട്ടുകുത്തി നിർത്തി തല മുണ്ഡനം ചെയ്യുകയും, വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി മുറിയിലടച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
ബുധനാഴ്ച വൈകിട്ട് നാലരയോടെ പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം . മർദ്ദനമേറ്റ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ മൂന്ന് യുവാക്കള്‍ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മഞ്ഞപ്പെട്ടി നീറികാണിക്കല്‍ ഗോകുല്‍ (18), കണ്ടന്തറ പുത്തൻപുരയ്ക്കല്‍ ആല്‍ബി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് അല്‍ഫാസ് (20) എന്നിവരാണ് ആള്‍ക്കൂട്ട അക്രമത്തിന് ഇരയായത്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ പെരുമ്പാവൂർ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ടന്തറയിലെ ഒരു സോഡാ ഫാക്ടറിയില്‍ ജോലി തിരക്കി വന്നതായിരുന്നു യുവാക്കള്‍. ഫാക്ടറിയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ പോയ ഒഴിവില്‍, അവിടുത്തെ സൂപ്പർവൈസർ വിളിച്ചതുപ്രകാരമാണ് മൂവരും ബൈക്കില്‍ ഇവിടെയെത്തിയത്. എന്നാല്‍ ഫാക്ടറിയുടെ മുന്നിലെത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു.
ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത സംഘം 'നിങ്ങള്‍ കഞ്ചാവ് വില്‍പനക്കാരല്ലേ' എന്ന് ചോദിച്ച് തർക്കമാരംഭിച്ചു. തങ്ങള്‍ ജോലി ആവശ്യത്തിന് വന്നതാണെന്ന് യുവാക്കള്‍ ആവർത്തിച്ചു പറഞ്ഞെങ്കിലും അക്രമികള്‍ അത് കേള്‍ക്കാൻ തയ്യാറായില്ല. പൊലീസിനെയോ ബന്ധുക്കളെയോ വിളിക്കാൻ അനുവദിക്കാതെ ഇവരുടെ മൊബൈല്‍ ഫോണുകള്‍ സംഘം ബലമായി പിടിച്ചുവാങ്ങി.
