
ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്ന കേസില്‍ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ അടുത്ത ബന്ധു ഉള്‍പ്പെടെ നാല് പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി കോടതി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.
മുന്‍പ് അനുവദിച്ച അഞ്ച് ദിവസത്തെ റിമാന്‍ഡ് അവസാനിച്ചതിനെ തുടര്‍ന്ന് പ്രതികളെ ബുധനാഴ്ച കന്റോണ്‍മെന്റ് കോടതി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് റിമാന്‍ഡ് ജൂലൈ 13 വരെ നീട്ടിയത്.
നെതര്‍ലാന്‍ഡ്സ്, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് സ്ത്രീകളെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
ലാഹോറിലെ ഡിഫന്‍സ് ഹൗസിംഗ് അതോറിറ്റി മേഖലയിലായിരുന്നു അതിക്രമം. ഉപപ്രധാനമന്ത്രിയുടെ അടുത്ത ബന്ധു മുഹമ്മദ് റാസ ദാര്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ഡിഎന്‍എ, വിരലടയാള പരിശോധനകള്‍ പൂര്‍ത്തിയായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം, ലാപ്‌ടോപ്പ്, പണം, ആയുധങ്ങള്‍ എന്നിവ ഇനിയും കണ്ടെടുക്കേണ്ടതുണ്ടെന്നും കസ്റ്റഡി നീട്ടണമെന്നുമുള്ള പോലീസ് ആവശ്യം മജിസ്ട്രേറ്റ് അംഗീകരിക്കുകയായിരുന്നു.
