
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി) മുന്‍ നേതാവായ ജെഫ്രി ഡൊണാള്‍ഡ്‌സണ് എതിരായ ലൈംഗികാതിക്രമക്കേസില്‍ വാദം തുടങ്ങി.
രണ്ട് സ്ത്രീകളാണ് തങ്ങള്‍ കുട്ടികളായിരിക്കെ ഡൊണാള്‍ഡ്‌സണ്‍ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് കാട്ടി കേസ് നല്‍കിയത്. ന്യൂറി ക്രൗണ്‍ കോടതിയിലാണ് വിചാരണ. ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളുമാണ് ജൂറി അംഗങ്ങള്‍.
മുന്‍ എംപി കൂടിയായ ഡൊണാള്‍ഡ്‌സണ് മേല്‍ പീഡനം, മോശമായ പെരുമാറ്റം, ഉപദ്രവിക്കല്‍ മുതലായ ചാര്‍ജ്ജുകളാണ് ചുമത്തിയിരിക്കുന്നത്. 63-കാരനായ ഡൊണാള്‍ഡ്‌സണ്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
1985-നും 2008-നും ഇടയിലാണ് കേസുകള്‍ക്ക് ആസ്പദമായ സംഭവങ്ങളുണ്ടായതെന്ന് വാദിഭാഗം വ്യക്തമാക്കുന്നു. ഡൊണാള്‍ഡ്‌സന്റെ കുറ്റകൃത്യങ്ങള്‍ക്ക് ഭാര്യ എലനോര്‍ ഡൊണാള്‍ഡ്‌സണ്‍ കൂട്ടുനിന്നു എന്നും ആരോപണമുണ്ട്. എന്നാല്‍ എലനോര്‍ ഇത് നിഷേധിച്ചു. മാനസികരോഗമുള്ളതിനാല്‍ എലനോറിന് പ്രത്യേക വിചാരണയാണ് നടത്തുക.
2024 മാര്‍ച്ച് 28-നാണ് കേസില്‍ ഡൊണാള്‍ഡ്‌സണ്‍ അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം അദ്ദേഹം ഡിയുപി നേതൃസ്ഥാനം രാജിവയ്ക്കുകയും ചെയ്തു.
