
മലപ്പുറം: സ്വകാര്യ ഇൻഷുറൻസ് കമ്പനിയില്‍ പണം നിക്ഷേപിക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ വനിതാ ഉദ്യോഗസ്ഥയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രമുഖ സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ അസിസ്റ്റന്റ് മാനേജരും വെട്ടത്തൂർ സ്വദേശിനിയുമായ പുളിക്കാതൊടി വീട്ടില്‍ പ്രിയ മോളെയാണ് (43) മേലാറ്റൂർ പോലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്.
ഇൻഷുറൻസ് കമ്പനിയില്‍ വൻ തുക നിക്ഷേപിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വെട്ടത്തൂർ തേലക്കാട് സ്വദേശിയില്‍ നിന്നും ഘട്ടങ്ങളായി 44 ലക്ഷം രൂപ കൈവശപ്പെടുത്തിയ ശേഷം പണം കമ്പനിയില്‍ നിക്ഷേപിക്കാതെ സ്വന്തം ആവശ്യങ്ങള്‍ക്കായി തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതി.
പണം കൈപ്പറ്റിയതിന് ശേഷം കമ്പനിയുടെ പേരില്‍ വ്യാജ രസീതുകളും വ്യാജ രേഖകളും ചമച്ചു നല്‍കി പരാതിക്കാരനെ ദീർഘകാലം വിശ്വസിപ്പിച്ചു നിർത്തുകയും തുടർന്ന് കടുത്ത വിശ്വാസവഞ്ചന നടത്തുകയും ചെയ്തു എന്നാണ് കേസ്.
മേലാറ്റൂർ എസ്.ഐ പ്രദീപ്, എ.എസ്.ഐ സിന്ധു വെള്ളയങ്ങര, സീനിയർ പോലീസ് ഓഫീസർ രാകേഷ് ചന്ദ്ര, ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷൻ ഫോഴ്സ് (DANSAF) അംഗങ്ങളായ കൃഷ്ണ കുമാർ, ദിനേശ് കിഴക്കേക്കര, സിവില്‍ പോലീസ് ഓഫീസർമാരായ അനിത, ചന്ദ്രദാസ് എന്നിവരടങ്ങിയ പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ അതീവ തന്ത്രപരമായി പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് സബ് ജയിലില്‍ റിമാൻഡ് ചെയ്തു.
