
പാലാ:സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് കോടതി ശിക്ഷിച്ച മാണി സി കാപ്പൻ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടു.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എ സ്ഥാനം രാജിവച്ച് മാണി സി കാപ്പൻ ജനാധിപത്യ മര്യാദ പുലർത്തണമെന്ന് കേരള കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് ആവശ്യപ്പെട്ടു.
ചെക്ക് കേസില്‍ യു.ഡി.എഫ് എം.എല്‍.എ മാണി സി കാപ്പന് ഒരു വർഷം തടവ് ശിക്ഷയാണ് മുംബൈ ബോറിവലി കോടതി വിധിച്ചത്. കണ്ണൂർ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന മലയാളി പ്രവാസി വ്യവസായിയുടെ പരാതിയിലടക്കം നാല് കേസുകളിലാണ് ശിക്ഷ വിധിച്ചത്.
ഒരു മാസത്തിനകം 5.3 കോടി രൂപ പരിശസഹിതം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. പണം നല്‍കിയില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
ശിക്ഷ ഒരു വർഷമായതിനാല്‍ എം.എല്‍.എ സ്ഥാനത്തിന് അയോഗ്യത ബാധകമാകില്ല. 2015 മുതല്‍ നടക്കുന്ന നിയമവ്യവഹാരത്തിനൊടുവിലാണ് കോടതി വിധി.
ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് കോടിയലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ രജിസ്റ്റർ ചെയ്‌ത കേസ് ഹൈകോടതിയിലെത്തിയെങ്കിലും നടപടി ക്രമങ്ങള്‍ മുന്നോട്ടുപോയില്ല.
തുടർന്ന് മുംബൈ വ്യവസായി ദിനേശ് മേനോൻ ബോറിവലി കോടതിയെ സമീപിക്കുകയായിരുന്നു.
