Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മണിപ്പൂരില്‍ വീണ്ടും വംശീയ കനലെരിയുന്നു; മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിങ്ങിന് നേരെ കരിങ്കൊടി പ്രതിഷേധം; ആറ് നാഗാ വംശജരുടെ കൊലപാതകത്തില്‍ നീതി വേണമെന്ന് ആവശ്യം! പള്ളികള്‍ തകര്‍ക്കപ്പെട്ടെന്ന് കുക്കി-സോ ക്രിസ്ത്യൻ ഫോറം; യാത്രാവിലക്കില്‍ അവശ്യസാധനങ്ങളില്ലാതെ ജനങ്ങള്‍ വലയുന്നു; സംസ്ഥാനത്ത് സമാധാനത്തിനായി അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി; സേനാപതിയിലും കാംഗ്പോക്പിയിലും അതീവ ജാഗ്രത

Sathyam Online 2 days ago

തേസ്പൂര്‍: മണിപ്പൂരില്‍ ഈ വര്‍ഷമാദ്യം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആറ് നാഗാ വംശജരുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി യുമ്‌നം ഖേംചന്ദ് സിങ്ങിന് നേരെ കരിങ്കൊടി പ്രതിഷേധം.

ബുധനാഴ്ച മണിപ്പൂരിലെ സേനാപതി ജില്ല സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടിയും പ്ലക്കാര്‍ഡുകളുമായി രംഗത്തിറങ്ങിയത്.


2026 ഫെബ്രുവരി 4-ന് മണിപ്പൂര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സേനാപതി ജില്ലയിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനമായിരുന്നു ഇത്. വികസന പദ്ധതികളുടെ വിലയിരുത്തലിനും പ്രാദേശിക സംഘടനകളുമായുള്ള ചര്‍ച്ചകള്‍ക്കുമായി മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു പ്രതിഷേധം.


കഴിഞ്ഞ മെയ് 13-ന് കാംഗ്‌പോക്പി ജില്ലയിലെ ലെയ്ലോണ്‍ വൈഫെയ് ഗ്രാമത്തില്‍ നിന്ന് ആറ് നാഗാ സിവിലിയന്മാരെ തട്ടിക്കൊണ്ടുപോയെന്നും ജൂണ്‍ 10-നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഈ കൊലപാതകങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സേനാപതി സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി കാംഗ്‌പോക്പി ജില്ലയിലെത്തി കുക്കി-സോ ക്രിസ്ത്യന്‍ ഫോറം പ്രതിനിധികളുമായി ചര്‍ച്ച നടത്തി. 2023 മെയ് മുതല്‍ മണിപ്പൂരില്‍ തുടരുന്ന വംശീയ കലാപത്തില്‍ തങ്ങളുടെ സമൂഹം അനുഭവിച്ച കടുത്ത ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.


കലാപകാലത്ത് കുക്കി-സോ വിഭാഗത്തിന്റെ നൂറുകണക്കിന് പള്ളികള്‍ തകര്‍ക്കപ്പെട്ടതായും തങ്ങള്‍ക്ക് നേരെ നിരന്തരമായ ആക്രമണങ്ങള്‍ ഉണ്ടാകുന്നതായും അവര്‍ ആരോപിച്ചു. കൂടാതെ, കഴിഞ്ഞ മെയ് 13-ന് സഭാനേതാക്കള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവം നിവേദനത്തില്‍ എടുത്തുപറഞ്ഞു.


പാസ്റ്റര്‍മാരും സഭാനേതാക്കളും ഉള്‍പ്പെടെ കൊല്ലപ്പെട്ട 14 കുക്കി-സോ ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.

തങ്ങളുടെ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക-യാത്രാ ഉപരോധങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും യാത്രാവിലക്ക് കാരണം ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെട്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഈ വിഷയങ്ങള്‍ സംസ്ഥാന മന്ത്രിസഭയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട സംഘടനയോട് സംസ്ഥാനത്ത് സമാധാനവും സമുദായങ്ങള്‍ക്കിടയില്‍ ഐക്യവും പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online