Friday, 24 Sep, 12.35 pm Sathyam Online

പ്രവാസി ന്യൂസ്
മഞ്ജു - നേത്ര ടീമിന്‍്റെ വെല്‍ക്കം ഡാന്‍സ്, ടോണിയും ആനിയും ചേര്‍ന്നൊരുക്കുന്ന ബോളിവുഡ് ഡാന്‍സ്, ജി.എം.എ മെഗാ തിരുവാതിര, റിഥം ഓഫ് വാറിംഗ്ടണ്‍ ചെണ്ടമേളം, ഇ.വൈ സി.ഒ യുടെ ഫ്യൂഷന്‍ ഫിയസ്റ്റ, യൂത്ത് മ്യൂസിക്ക് നോട്ടിംങ്ഹാമിന്‍്റെ തകര്‍പ്പന്‍ പ്രകടനം; സെപ്റ്റംബര്‍ 26 ന് യുക്മ - മലയാള മനോരമ ഓണവസന്തം അവിസ്മരണീയമാകും.

യുകെ: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി 'ഓണവസന്തം 2021' സെപ്റ്റംബര്‍ 26 ഞായര്‍ 2 പിഎമ്മിന് ഓണ്‍ലൈനില്‍ പ്ളാറ്റ്ഫോമില്‍ നടക്കുമ്ബോള്‍ അവിസ്മരണീയമാക്കാന്‍ മഞ്ജു- നേത്ര ടീമിന്‍്റെ വെല്‍ക്കം ഡാന്‍സ്, ടോണിയും ആനിയും ചേര്‍ന്നൊരുക്കുന്ന ബോളിവുഡ് ഡാന്‍സ്, ജി.എം.എ മെഗാ തിരുവാതിര, റിഥം ഓഫ് വാറിംഗ്ടണ്‍ ചെണ്ടമേളം, ഇ.വൈ സി.ഒ യുടെ ഫ്യൂഷന്‍ ഫിയസ്റ്റ, യൂത്ത് മ്യൂസിക്ക് നോട്ടിംങ്ഹാമിന്‍്റെ തകര്‍പ്പന്‍ പ്രകടനം എന്നിവയെല്ലാം അണിയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

ബഹുമാനപ്പെട്ട കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണവസന്തം 2021 ഉത്ഘാടനം ചെയ്യും. യുക്മ പ്രസിഡന്‍്റ് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷത വഹിക്കും. കേരള മന്ത്രിസഭയിലെ ഈ പുതുമുഖം ജനപ്രിയങ്ങളായ നിരവധി പരിപാടികളിലൂടെ ഇതിനോടകം ജനങ്ങള്‍ക്ക് കൂടുതല്‍ പ്രിയങ്കരനായി മാറിക്കഴിഞ്ഞു.

യുക്മ നേതൃത്വവുമായി അടുത്ത സൌഹൃദമുള്ള മന്ത്രി റോഷി അഗസ്റ്റിന് യു കെ യില്‍ ഒട്ടേറെ സുഹൃത്തുക്കളുമുണ്ട്. പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന റോഷി അഗസ്റ്റിന്‍, യുക്മ - മലയാള മനോരമ ഓണവസന്തം 2021 ഉദ്ഘാടനം ചെയ്യാനെത്തുന്നതില്‍ യുക്മ സഹചാരികളും യു കെ മലയാളികളും ഏറെ സന്തോഷത്തിലാണ്.

മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേര്‍ന്ന് നടത്തുന്ന ആദ്യ പരിപാടി എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായി കഴിഞ്ഞ ഈ പരിപാടിയില്‍, മലയാള ചലച്ചിത്ര സംഗീത രംഗത്തെ പുതു തലമുറയിലെ പ്രശസ്ത ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാര്‍, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ ശ്രദ്ധേയരായ കലാ പ്രതിഭകളും ഒത്തുചേരുന്നു.

മഞ്ജു സുനില്‍ - നേത്ര വിവേക് ടീം അവതരിപ്പിക്കുന്ന വെല്‍ക്കം ഡാന്‍സോടെയാണ് ഓണവസന്തം 2021 ഓണാഘോഷം ആരംഭിക്കുന്നത്. യു കെ യിലെ ഏറെ പ്രശസ്തയായ മോഹിനിയാട്ടം നര്‍ത്തകിയാണ് മഞ്ജു സുനില്‍. ബ്രിട്ടീഷ് പാര്‍ലിമെന്റ്, ഇന്ത്യന്‍ എംബസ്സി, നെഹ്റു സെന്റര്‍ തുടങ്ങി യുക്മ വേദികളിലേയും സ്ഥിര സാന്നിധ്യമാണ് ഈ അനുഗ്രഹീത കലാകാരി.

കഴിഞ്ഞ ഇരുപത് വര്‍ഷമായി നൃത്തരംഗത്ത് തുടരുന്ന മഞ്ജു മോണോ ആക്‌ട്, കഥാപ്രസംഗം, ചാക്യാര്‍ കൂത്ത് എന്നിവയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. നേത്ര വിവേക് ഇന്ത്യയ്ക്കകത്തും പുറത്തും ഏറെ പ്രശസ്തയായ ഒരു മോഹിനിയാട്ടം നര്‍ത്തകിയാണ്. നൂറ് കണക്കിന് വേദികളില്‍ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുള്ള നേത്ര തന്റെ ജോലിയോടൊപ്പം നൃത്ത പരിപാടികളും പരിശീലനവും തുടരുകയാണ്.

ഗ്ളോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയാണ് ഓണാഘോഷത്തിലെ പ്രധാനപ്പെട്ട ഒരിനം. യുക്മ റീജിയണല്‍, നാഷണല്‍ കലാമേളകളില്‍ കലാതിലകമായിരുന്ന ബിന്ദു സോമന്‍ കോറിയോഗ്രാഫിയും കോര്‍ഡിനേഷനും നിര്‍വ്വഹിച്ച്‌ അറുപതിലേറെ മലയാളി മങ്കമാര്‍ അണിനിരക്കുന്ന മെഗാ തിരുവാതിര ഓണവസന്തം 2021 നെ കൂടുതല്‍ ആകര്‍ഷണീയമാക്കും. യുക്മയിലെ പ്രമുഖ റീജിയണുകളിലൊന്നായ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രബല അസ്സോസ്സിയേഷനുകളില്‍ ഒന്നാണ് ഗ്ളോസ്റ്റര്‍ഷയര്‍ മലയാളി അസ്സോസ്സിയേഷന്‍.

ഓണവസന്തം 2021 ലെ മറ്റൊരു നൃത്തരൂപമായ ഫ്യൂഷന്‍ ഫിയസ്റ്റയുമായി എത്തുന്നത് EYCO ഹള്ളിലെ പതിനെട്ടോളം അനുഗ്രഹീത കലാപ്രതിഭകളാണ്. കലാഭവന്‍ നൈസ് അണിയിച്ചൊരുക്കുന്ന ഈ നൃത്തശില്പം പ്രേക്ഷകരുടെ കണ്ണുകള്‍ക്ക് ഒരു വിരുന്നായിരിക്കും. യുക്മ യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണിലെ പ്രധാന അസ്സോസ്സിയേഷനുകളില്‍ ഒന്നാണ് ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍.

മലയാളിയുടെ ഏത് ആഘോഷത്തിനും ഒഴിവാക്കാനാവാത്ത ഒരു കാര്യമാണ് ചെണ്ടമേളം. ഓണവസന്തം 2021 ന് മേളക്കൊഴുപ്പേകാന്‍ എത്തുന്നത് റിഥം ഓഫ് വാറിംഗ്ടണാണ്. യു കെ യിലെ പ്രശസ്തനായ മേള വിദ്വാന്‍ ശ്രീ. രാധേഷ് നായരുടെ ശിക്ഷണത്തില്‍ രൂപം കൊണ്ട റിഥം ഓഫ് വാറിംഗ്ടണ്‍ യൂകെയിലെമ്ബാടും അറിയപ്പെടുന്ന ടീമായി മാറിക്കഴിഞ്ഞു.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പ്രധാന അസ്സോസ്സിയേഷനുകളില്‍ ഒന്നായ വാറിംഗ്ടണ്‍ മലയാളി അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകരാണ് റിഥം ഓഫ് വാറിംഗ്ടണ്‍ ടീം അംഗങ്ങള്‍.

ഓണവസന്തം 2021 ഷോയില്‍ വാദ്യ സംഗീതത്തിന്റെ മായിക നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുവാന്‍ എത്തുന്നത് യൂത്ത് മ്യൂസിക് നോട്ടിംഗ്ഹാമിലെ പത്ത് കൗമാര പ്രതിഭകളാണ്. യുക്മ ഫേസ്ബുക്ക് ലൈവിലൂടെ അരങ്ങേറ്റം കുറിച്ച യൂത്ത് മ്യൂസിക് ആദ്യ ഷോയില്‍ തന്നെ ആയിരക്കണക്കിന് പ്രേക്ഷകരുടെ പ്രശംസകള്‍ നേടി. ഡ്രംസ്, ഓര്‍ഗന്‍, ഫ്ളൂട്ട് എന്നീ സംഗീതോപകരണങ്ങളില്‍ സര്‍ഗ്ഗസംഗീതം പൊഴിക്കുവാനെത്തുന്ന കുട്ടികള്‍ ഓണാഘോഷത്തിന് മാറ്റ് കൂട്ടും.

യുക്മ കലാമേളകളുടെ ചരിത്രത്തിലാദ്യമായി കലാപ്രതിഭ - കലാതിലകപ്പട്ടങ്ങള്‍ക്ക് അര്‍ഹരായ സഹോദരങ്ങള്‍ ആനി അലോഷ്യസും ടോണി അലോഷ്യസും ചേര്‍ന്ന് അവതരിപ്പിക്കുന്ന മനോഹരമായ നൃത്തരൂപമാണ് ഓണവസന്തം 2021 ലെ മറ്റൊരു ആകര്‍ഷണീയത.
നൃത്തത്തിലും സംഗീതത്തിലും പഠനത്തിലും ഒരു പോലെ മികവ് പുലര്‍ത്തുന്ന ആനി യുക്മ വേദികളിലെ ഒരു സജീവ സാന്നിദ്ധ്യമാണ്.

യുക്മ റീജിയണല്‍, നാഷണല്‍ കലാമേളകളിലെ കലാതിലകമായ ആനി യു കെ മലയാളികള്‍ക്ക് സുപരിചിതയാണ്. തുടര്‍ച്ചയായി രണ്ടാം തവണയും കലാപ്രതിഭ പട്ടം നേടിയ സഹോദരന്‍ ടോണി അലോഷ്യസും കലാ കായിക രംഗങ്ങളിലും പഠനത്തിലും ഒരു പോലെ മികവ് പുലര്‍ത്തുന്നു.

യു കെ മലയാളികള്‍ക്ക് സുപരിചിതനായ ടോണി യുക്മ വേദികളിലെ സ്ഥിര സാന്നിദ്ധ്യമാണ്. യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയണിലെ പ്രധാന അസ്സോസ്സിയേഷനുകളില്‍ ഒന്നായ ലൂട്ടന്‍ കേരളൈറ്റ്സ് അസ്സോസ്സിയേഷനിലെ അംഗങ്ങളാണ് ആനിയും ടോണിയും.

സംഘാടന മികവിന്റെ നിരവധി മുഹൂര്‍ത്തങ്ങള്‍ യു കെ മലയാളികള്‍ക്ക് കാഴ്ചവെച്ച്‌ മുന്നേറുന്ന യുക്മ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പ്രവര്‍ത്തന പന്ഥാവില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മ , മലയാള മനോരമയുമായി ചേര്‍ന്ന് ഒരുക്കുന്ന ഈ ഓണാഘോഷം നിലവിലുള്ള ദേശീയ സമിതിയുടെ പ്രവര്‍ത്തന മികവിന്റെ മറ്റൊരു മകുടോദാഹരണമാവുകയാണ്.

മനോജ് കുമാര്‍ പിള്ള നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതിയും, റീജിയണല്‍ സമിതികളും, അംഗ അസ്സോസ്സിയേഷനുകളും കോവിഡ് ലോക്ഡൌണ്‍ സമയത്ത് പോലും നിരവധി മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി വന്നിരുന്നത്.

യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ: എബി സെബാസ്റ്റ്യന്‍ ഇവന്റ് കോര്‍ഡിനേറ്ററും, യുക്മ സാംസ്കാരികവേദി കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ്, യു കെ പ്രോഗ്രാം ഓര്‍ഗനൈസറുമായി സംഘടിപ്പിച്ചിരിക്കുന്ന ഓണവസന്തം 2021 ന്റെ പ്രധാന സ്പോണ്‍സര്‍മാര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ്, യു കെ യിലെ പ്രമുഖ സോളിസിറ്റര്‍ സ്ഥാപനമായ പോള്‍ ജോണ്‍ & കമ്ബനി, പ്രമുഖ ഇന്‍ഷ്വറന്‍സ് മോര്‍ട്ട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാന്‍സ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എന്‍വെര്‍ട്ടിസ് കണ്‍സല്‍റ്റന്‍സി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.

അംഗ അസ്സോസ്സിയേഷനുകളില്‍ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 19 വരെ സംഘടിപ്പിച്ചിരുന്നതിനാലാണ് യുക്മ - മലയാള മനോരമ 'ഓണവസന്തം 2021' സെപ്റ്റംബര്‍ 26 ന് നടത്തുന്നതെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.

-അലക്സ് വര്‍ഗ്ഗീസ് (യുക്മ ദേശീയ ജനറല്‍ സെക്രട്ടറി)

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top