
മരങ്ങാട്ടുപിള്ളി: ഐശ്വര്യവും സമൃദ്ധിയും വീടുകളിലേയ്ക്ക് അവാഹിക്കുന്ന നിറപുത്തരി മഹോത്സവം മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ തിങ്കളാഴ്ച നടന്നു.
വെളുപ്പിന് 5.30-ന് ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകളുടെ ഭാഗമായി മേല്‍ശാന്തി അരുണ്‍ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗോപുരനടയില്‍നിന്ന് പ്രദക്ഷിണം ചെയ്ത് കൊണ്ടുവന്ന നെല്‍ക്കതിര്‍ കറ്റകള്‍ തിരുനടയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ആവാഹന പൂജകള്‍ക്കുശേഷം ഭക്തജന ഭവനങ്ങളിലേയ്ക്ക് വിതരണം ചെയ്തു.
പുജിച്ച നിറകതിര്‍ വീടുകളിലെ പ്രധാന സ്ഥാനത്തോ പൂജാമുറിയിലോ ഭക്തിപൂര്‍വ്വം സുരക്ഷിതമായി സൂക്ഷിക്കുന്നത് സമ്പല്‍സമൃദ്ധിക്കു കാരണമാകുമെന്നാണ് വിശ്വാസം. ചടങ്ങുകള്‍ അവസാനിച്ചതോടെ 7 മണിക്ക് നട അടച്ചു.
ചടങ്ങുകള്‍ക്ക് ദേവസ്വം പ്രസിഡന്‍റ് എ.എസ്.സുരേഷ്കുമാര്‍, കെ.കെ.സുധീഷ്, ഓമന സുധന്‍, ലത രാജു, എ.എസ്.ചന്ദ്രമോഹനന്‍, രാധ കൃഷ്ണന്‍കുട്ടി, ബിന്ദു സോമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
