
കൊച്ചി :സിനിമപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നമോഹൻലാല്‍-തരുണ്‍ മൂർത്തികൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം 'അതിമനോഹരത്തിന്റെ' ഓണം സ്‌പെഷ്യല്‍ പോസ്റ്റർ പുറത്തുവന്നു.
പൊലീസ്യൂണിഫോമില്‍ ബുള്ളറ്റില്‍ മാസ് ലുക്കില്‍ എത്തുന്ന മോഹൻലാലിന്റെ സ്റ്റൈലിഷ് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്.
ചിത്രം ഈ വർഷം ഡിസംബർ 24-ന് റിലീസായി തിയേറ്ററുകളിലെത്തുമെന്നും അണിയറപ്രവർത്തകർ പോസ്റ്ററിലൂടെ വെളിപ്പെടുത്തി. 'ലൗലജൻ' എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പെക്ടറുടെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളും സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേഹം.
'തുടരും' എന്ന വൻ വിജയത്തിന് ശേഷം തരുണ്‍ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷ പ്രതീക്ഷ വാനോളമാണ്. ഒട്ടനവധി ഹിറ്റുകള്‍ സമ്മാനിച്ച ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ആദ്യ മോഹൻലാല്‍ ചിത്രം കൂടിയാണിത്.
പ്രേക്ഷകരുടെ ഫേവറേറ്റ് കോംബോയായ മോഹൻലാലും മീരാ ജാസ്മിനും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മീരാ ജാസ്മിൻ നായികയാകുന്ന ചിത്രത്തില്‍ ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരണ്‍ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാർത്ഥന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇഷ്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ബിനു പപ്പുവാണ് സഹസംവിധായകൻ. ഷെഫീഖ് വി. ബി എഡിറ്റിങ്ങും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും ഗോകുല്‍ദാസ് പ്രൊഡക്ഷൻ ഡിസൈനും മഷർ ഹംസ കോസ്റ്റ്യൂമും കൈകാര്യം ചെയ്യുന്നു. സുധർമ്മൻ വള്ളികുന്നാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ.
സ്റ്റണ്ട് സില്‍വ ആക്ഷൻ രംഗങ്ങളും റോണക്സ് സേവ്യർ മേക്കപ്പും മിറാഷ് ഖാൻ ചീഫ് അസോസിയേറ്റ് ഡയറക്ടർ കുപ്പായവും അണിയുന്നു. ശിവകുമാർ (ഫിനാൻസ് കണ്‍ട്രോളർ), എസ്സ കെ എസ്തപ്പാൻ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ഡിജി ബ്രിക്സ് (വിഎഫ്‌എക്സ്), അമല്‍ സി സത്താർ (സ്റ്റില്‍സ്), യെല്ലോ ടൂത്ത് (പബ്ലിസിറ്റി ഡിസൈൻ), ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് (ഡിജിറ്റല്‍ മാർക്കറ്റിങ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. സെൻട്രല്‍ പിക്ചേഴ്സ് തിയേറ്ററുകളിലെത്തിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ വാഴൂർ ജോസ്, എ. എസ്. ദിനേശ്, സീതാലക്ഷ്മി എന്നിവരാണ്.
