
കോട്ടയം: സാധാരണക്കാർക്ക് ആശ്വാസമായി മീൻ വില കുറയുന്നു. നാനൂറ് രൂപ വരെ എത്തിയ ശേഷമാണ് മത്തിവില കുറഞ്ഞത്.
മത്തിയുടെ കിലോവില 240 മുതല്‍ 280 രൂപ വരെയായി കുറഞ്ഞിട്ടുണ്ട്.
ട്രോളിംഗ് നിരോധനം തുടരുന്നതിനിടയിലും തീരക്കടലില്‍ നിന്ന് വലിയ തോതില്‍ മത്സ്യം ലഭിക്കുന്നതാണ് വിലക്കുറവിന് പ്രധാന കാരണം.
കേരള തീരത്ത് അനുകൂലമായ കാലാവസ്ഥ തുടരുന്നതിനാല്‍ പ്രധാന ഹാര്‍ബറുകളിലെല്ലാം മത്സ്യബന്ധനം സജീവമാണ്. മത്തി, നത്തോലി, ചെമ്മീന്‍, ചൂട എന്നിവയാണ് ഇപ്പോള്‍ കൂടുതലായി ലഭിക്കുന്നത്.
കിലോയ്ക്ക് 240 മുതല്‍ 300രൂപ വരെ എത്തിയിരുന്ന നത്തോലിയുടെ വില ഇപ്പോള്‍ 100 മുതല്‍ 110 രൂപ വരെയായി താഴ്ന്നിട്ടുണ്ട്.
ഈ സമയത്ത് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന മത്സ്യങ്ങളിലൊന്നാണ് നത്തോലി. ലഭിക്കുന്നതിന്റെ വലിയൊരു പങ്ക് സംസ്ഥാനത്തിന് പുറത്തേക്കും കയറ്റി അയക്കുന്നുണ്ട്.
അതേസമയം, പിടിക്കുന്ന മത്തിയുടെ വലുപ്പം 10 സെൻ്റീമീറ്ററില്‍ കുറഞ്ഞാല്‍ വള്ളവും വലയും പിടിച്ചെടുക്കുന്നതിന് പുറമെ വലിയ തുക പിഴയും കിട്ടും.
മൂന്നിലധികം വള്ളങ്ങള്‍ ഇത്തരത്തില്‍ അധികൃതർ പിടിച്ചിരുന്നു. ഇപ്പോള്‍ വലിപ്പമേറിയ മത്തി കൂടുതലായി ലഭിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമാണ്.
കാലാവസ്ഥ അനുകൂലമായതാണ് വില കുറഞ്ഞതെന്നും വരും ദിവസങ്ങളില്‍ ലഭ്യതയ്ക്കനുസരിച്ച് വിലയില്‍ മാറ്റം വരാന്‍ സാദ്ധ്യതയുണ്ടെന്നും മത്സ്യ തൊഴിലാളികള്‍ പറയുന്നു.
