
കോഴിക്കോട്: ഏറെ വിവാദമായ മെഡിക്കല്‍ കോളജ് ഐസിയു പീഡന കേസില്‍ സമഗ്ര പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രി വിഡി സതീശനെ കാണും.
സംസ്ഥാനത്തുണ്ടായ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പിന്നാലെ, പുതിയ സർക്കാരില്‍ നിന്ന് തനിക്ക് വർഷങ്ങളായി നിഷേധിക്കപ്പെട്ട നീതി ഒടുവില്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് താനെന്ന് അതിജീവിത വ്യക്തമാക്കി.
2023 മാർച്ച് 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യു.വില്‍ മയക്കത്തില്‍ വിശ്രമിക്കുകയായിരുന്ന യുവതിയെ ആശുപത്രി അറ്റൻഡന്റായ എം. ശശീന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
സംഭവത്തിന് പിന്നാലെ പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും വലിയ രീതിയിലുള്ള പ്രതിഷേധത്തെത്തുടർന്ന് ഒന്നാം പ്രതിയെ സർവീസില്‍ നിന്ന് അടിയന്തിരമായി പിരിച്ചുവിട്ടിരുന്നു.
എന്നാല്‍, ഇപ്പോള്‍ അതിജീവിതയുടെ പോരാട്ടം പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച ആശുപത്രി അധികൃതർക്കും സ്ഥാപനത്തിലെ മറ്റ് ജീവനക്കാർക്കും എതിരെയാണ്.
മൊഴി തിരുത്തിക്കാനായി ആശുപത്രിയിലെ അഞ്ച് വനിതാ ജീവനക്കാർ തന്നെ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അതിജീവിത ആരോപിക്കുന്നു.
തുടക്കത്തില്‍ ഈ അഞ്ച് ജീവനക്കാർക്കെതിരെ അന്വേഷണം നടന്നിരുന്നെങ്കിലും, ഇവരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്നും നിലവില്‍ ഇവർ സർക്കാർ സർവീസില്‍ സജീവമായി തുടരുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ കോളജ് അധികൃതർ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ നിന്ന് ബോധപൂർവ്വം സംരക്ഷിക്കുന്നതിന്റെ തെളിവാണിതെന്ന് അതിജീവിത കുറ്റപ്പെടുത്തി.
തനിക്കെതിരെ ഉണ്ടായ അക്രമത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും തുടക്കത്തില്‍ കൃത്യമായ നടപടികള്‍ ഉണ്ടായില്ലെന്ന ആക്ഷേപവും ശക്തമാണ്.
