
ഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി സനായെ തകൈച്ചിക്ക് രാഷ്ട്രപതി ഭവന്റെ മുന്‍മുറ്റത്ത് വ്യാഴാഴ്ച പ്രൗഢഗംഭീരമായ ആചാരപരമായ വരവേല്‍പ്പ് നല്‍കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രിയെ ഊഷ്മളമായി സ്വീകരിച്ചു.
സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സനായെ തകൈച്ചിയും തമ്മില്‍ 16-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി തല ചര്‍ച്ചകള്‍ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്യും.
ബുധനാഴ്ച വൈകുന്നേരമാണ് സനായെ തകൈച്ചി ന്യൂഡല്‍ഹിയില്‍ എത്തിയത്. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വിമാനത്താവളത്തില്‍ എത്തിയാണ് ജപ്പാന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഈ സന്ദര്‍ശനം നിര്‍ണായക ചുവടുവെപ്പാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജപ്പാന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള സനായെ തകൈച്ചിയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.
നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ജപ്പാന്റെ സഹകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ടോക്കിയോയില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് തകൈച്ചി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രധാനമന്ത്രി മോദിയുമായി മൂന്ന് പ്രധാന മേഖലകളില്‍ കൃത്യമായ സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും തന്ത്രപ്രധാന പങ്കാളിത്തം ആഴത്തിലാക്കുക, സാമ്പത്തിക സുരക്ഷയിലെ സഹകരണം പ്രോത്സാഹിപ്പിക്കുക, ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ തമ്മിലുള്ള നിക്ഷേപ-നൂതന ആശയങ്ങളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ ലക്ഷ്യങ്ങളെന്നും അവര്‍ വ്യക്തമാക്കി.
സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്ന ഇന്ത്യ-ജപ്പാന്‍ ജോയിന്റ് ഇക്കണോമിക് ഫോറത്തില്‍ 150-ലധികം ജാപ്പനീസ് കമ്പനികളുടെയും ബിസിനസ്സ് സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കും.
ഏഷ്യയിലെ പ്രമുഖ ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഇന്‍ഡോ-പസഫിക് മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ഇന്ത്യക്കും ജപ്പാനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും ക്വാഡ് സഖ്യം വഴിയുള്ള സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിശദമായ ചര്‍ച്ചകള്‍ നടത്താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ജപ്പാന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
